Saturday, November 6, 2010

മീശയും, പിന്നേ ഞാനും .....

മൂക്കിനു താഴെ അവന്‍ ആദ്യമായി തല പൊക്കി തുടങ്ങിയപ്പോഴേ ഞങ്ങള്‍ ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആയിരുന്നു . ആദ്യം ഒരു കറുത്ത വര ആയും , പിന്നേ പഴുതാര മീശ ആയും കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ആരും കണ്ടാല്‍ കുറ്റം പറയാത്ത ഉഗ്രന്‍ ആയും അവന്‍ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു . എന്നൊക്കെ ഞാന്‍ അവനെ പിരിഞ്ഞിരുന്നിട്ടുണ്ടോ അന്നൊക്കെ മാനഹാനി , ധനനക്ഷ്ടം ഇത്യാദി ദുര്‍നിമിത്തങ്ങള്‍ എനിക്ക് സംഭവിചിട്ടുമുണ്ട്.

ആദ്യമായി ഞാന്‍  അവനെഎടുത്തു കളഞ്ഞത് ജോലി കിട്ടി പൂനെയില്‍ പോയി ആദ്യത്തെ ഓണത്തിന്   തിരിച്ചു വരുമ്പോലായിരുന്നു . നോര്‍ത്ത് ഇന്ത്യയില്‍ സാധാരണ ആരും മീശ വയ്ക്കാറില്ല അപ്പൊ പിന്നേ  പൂനെയില്‍ പോയ ഞാനും ഒരു സംഭവം ആയി എന്ന് കാണിക്കാന്‍ വീടിലേക്കുള്ള ട്രെയിന്‍ കേറുന്നതിനു രണ്ടു ദിവസം മുമ്പ് മീശയെ അങ്ങ് എടുത്തു  കളഞ്ഞു .
നാട്ടില്‍ കാല് കുത്തിയപ്പോഴേ തുടങ്ങി ദുശകുനങ്ങള്‍ !  ബസ്സില്‍ നിന്ന് ഇറങ്ങി പരിചയം പുതുക്കാന്‍ വേണ്ടി ചാമ്പചെട്ടന്റെ ചായക്കടയില്‍ കേറിയപ്പോഴേ ചോദ്യം

"ബാലുവേ ബസ്സില്‍ വല്ലോം വച്ച് മറന്നാരുന്നോ ?"  ങേ  ഞാന്‍ മറന്ന കാര്യം ഇങ്ങേര്‍ എങ്ങനെ അറിഞ്ഞു എന്ന് വണ്ടര്‍ അടിച്ചു ഞാന്‍ തിരിച്ചു
" എന്ത് മറന്നു വച്ച കാര്യം ആണ് ചേട്ടാ?"
 ഉടനെ  ഒരു ആക്കിയ ചിരി ചിരിച്ചു  അങ്ങേര്‍ സീരിയസ് ആയി ഒരു ചോദ്യം ,

"ഇവിടുന്നു പോകുമ്പോള്‍ മൂക്കിനു താഴെ എന്തോ ഉണ്ടാരുന്നല്ലോ , ഇപ്പൊ കാണാനില്ല അതോണ്ട് ചോദിച്ചതാ !"

'ഓഹോ ആക്കിയതനല്ലേ ഹം.... അപ്പുറത്തെ സുരേഷേട്ടന്റെ കടയിലും ചായ കിട്ടും...'  

ഏതായാലും വന്നു കേറിയപ്പോഴേ വയറു നിറച്ചു കിട്ടിയതിന്റെ ഒരു അഹങ്കാരവും കാണിക്കാതെ വീട്ടില്‍ ചെന്ന് കേറി .കൊള്ളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് അമ്മ . വളരെ  നാള്‍ കഴിഞ്ഞു മോന്‍ വന്നു കേറിയതിന്റെ ഒരു സന്തോഷവുമില്ലാതെ ഒറ്റ മിസൈല്‍

"എന്റെ  ഗുരുവായൂരപ്പാ നിന്റെ മീശ എവിടെ?!....................... കട്ടിളപ്പടിയില്‍ നിന്നോ ഞാന്‍ അകത്തു കേറ്റില്ല !!!" എന്നിട്ട് വാതിലും അടച്ചു ഒറ്റ പോക്ക് !

ഈ   " പെറ്റ തള്ള സഹിക്കൂല്ല "എന്ന് മമ്മൂട്ടി ഡയലോഗ് അടിച്ചത്ഇതിനെ പറ്റി ആണോ!. എന്തായാലും ഇനി അച്ഛന്‍ വരുന്നത് വരെ ഒരു രക്ഷയും ഇല്ല എന്ന് മനസ്സില്‍ കരുതി പുറത്തേക്ക് സുരേഷേട്ടന്റെ ചായക്കടയിലോട്ടിറങ്ങി .അപ്പോഴേക്കും എന്‍റെ ശബ്ദം കേട്ടിട്ടാവാം ടിങ്കു എവിടെന്നോ ഓടിക്കിതച്ചെത്തി .

ഓ വിട്ടു പോയി ടിങ്കു ആരെന്നല്ലേ ....

ടിങ്കു ഞങ്ങളുടെ വീട്ടിലെ VIP . German shesphered  എന്നുള്ളതിന്റെ  ഒട്ടും അഹങ്കാരം നാട്ടുകാരോടും വീട്ടുകാരോടും കാണിക്കാത്തവന്‍. നല്ല പ്ലേറ്റ് ഇല്‍ അവനു ഇഷ്ടപെട്ട ആഹാരം കൊണ്ട് വച്ച് കൊടുത്തു തലയില്‍ പത്തു പ്രാവശ്യം തടവി കൊടുത്താല്‍ മാത്രം ആഹാരം കഴിക്കുന്നവന്‍ . അവനു അലോട്ട് ചെയ്തിരിക്കുന്ന സമയത്തിന് മുമ്പ് കൂട്ടില്‍ കേറാന്‍ വിളിച്ചാല്‍ സ്വഭാവം അലമ്പാക്കുന്നവന്‍ !.

കാലത്ത് ആറു മണി തൊട്ടു എട്ടു മണി വരെയും വൈകിട്ട്  ആറു മണി തൊട്ടു പത്തു മണി വരെയും വീടും പറമ്പും അടങ്ങുന്ന കൊച്ചു രാജ്യത്തിന്‍റെ പരമാധികാരി അവന്‍ ആകുന്നു . അതുകൊണ്ട് തന്നെ അവനുമായി ചങ്ങാത്തം കൂടാതെ രക്ഷയില്ല എന്ന് കരുതി സ്വരത്തില്‍ നെയ്യും പാലും  പുരട്ടി  നീട്ടി വിളിച്ചു

"ടിങ്കു ......."

മറുപടി ആയി കിട്ടിയത് നല്ല ഒരു മുരളല്‍ ..   "ഗ്ര്‍ "

ഹം ... നായകള്‍ മണം പിടിച്ച്ട്ടാണ് ആളെ മനസ്സിലാക്കുന്നത്‌ എന്ന് പറയുന്നത് വെറുതെയാ , ചുമ്മാ ആള്‍കാരെ കുഴിയില്‍ ചാടിക്കാന്‍

എന്നാലും എന്‍റെ ടിങ്കു , ഈ കയ്യില്‍ കിടന്നാ നീ വളര്‍ന്നത്‌  " എന്ന് പറയണം എന്നുണ്ടായിരുന്നു , പിന്നേ കടി കൂടി കിട്ടണ്ടല്ലോ എന്ന് കരുതി മിണ്ടാതെ അച്ഛന്‍ വരുന്നതും കാത്തു നിന്നു

തൃപ്രയാറപ്പാ എന്തൊക്കെ പരിക്ഷണങ്ങള്‍ !

എന്തായാലും അച്ഛന്‍ വന്നപ്പോള്‍ കണ്ട കാഴ്ച  , മീശയില്ലാതെ സിംപ്ലനായ  ഞാന്‍ രണ്ടു ബാഗും പിടിച്ചു പടിയില്‍ ഇരിക്കുന്നു , ടിങ്കു എന്നെയും നോക്കി കുറച്ചു മാറി കാവല്‍ കിടക്കുന്നു . കാര്യത്തിന്റെ കിടപ്പ് ഒരുമാതിരി മനസ്സിലാക്കിയ അച്ഛന്‍ ഒന്നും ചോദിച്ചില്ല , ടിങ്കുവിനെ ഓടിച്ചു വിട്ടു, അമ്മയെ വിളിച്ചു  വാതില്‍ തുറന്നു അകത്തു കേറ്റി.

  അന്ന്  വിചാരിച്ചതാണ് ഇനി പരിക്ഷണത്തിന് ഇല്ല എന്ന് .. എന്ത് ചെയ്യാം മനുഷ്യന്റെ   കാര്യം അല്ലെ ഒന്നും പറയാന്‍ വയ്യല്ലോ ....

നാട് വിട്ടു  അമേരിക്ക മഹാരാജ്യത്ത്‌ വന്നപ്പോള്‍ വീണ്ടും പഴയ ആഗ്രഹം തല പൊക്കി ! .. ഇവിടെ സായിപ്പന്മാര്‍ മീശ എന്ന്നു കേള്‍ക്കുമ്പോലെ മൂക്ക് ചുളിക്കും , പിന്നേ ജപ്പാന്‍കാരും  ചൈനക്കാരും   , അവന്മാരുടെ പതിഞ്ഞ മൂക്കിനു താഴെ മീശ വയ്ക്കുന്ന കാര്യം ആലോചിക്കുമ്പോഴേ ചിരി വരും . ഇവിടെ ഉള്ള കരമ്പന്മാര്‍ക്കാനെങ്കിലോ ,മീശ വച്ചിട്ട് തന്നേ എന്ത് കാര്യം മീശയുടെ കളറും അവരുടെ കളറും ഒരുപോലെ !. അതുകൊണ്ട് ഇവിടെ മീശ എന്ന് പറയുന്നത് തന്നെ ഒരു കാഴ്ചവസ്തു ആണ് .

വിമാനം ഇറങ്ങി നൂറു പേരെ കണ്ടിട്ടും ആര്‍ക്കും മീശ ഇല്ല , ഓഹോ ഇത് മീശ ഇല്ലാത്ത നാട്  ആണല്ലേ എന്ന് ആലോചിക്കുമ്പോള്‍ എന്നെ കൊണ്ടുപോകാന്‍ വന്ന കൂടുകാരന്‍ എത്തി .. ങേ  ...അവനും മീശ ഇല്ല !, നാട്ടില്‍  നിന്നു  വരുമ്പോള്‍ പേരിനാനെങ്കിലും ഒരു പഴുതാര മീശ അവന്റെ മൂക്കിനു താഴെ ഉണ്ടാര്‍നു !!!

കാറില്‍ വച്ച് തന്നെ ചോദിച്ചു

'ഡേയ് സാക്കുസ  നീ മീശ എന്ന് എടുത്തു ?"

അവന്‍ ആണെങ്കില്‍ എന്‍റെ മീശയെ സഹതാപപൂരവം ഒന്ന് നോക്കിയിട്ട്
" ഓ എന്നോട് ഒരു മദാമ്മ പെണ്‍കുട്ടി  പറഞ്ഞു ഞാന്‍ മീശ ഇല്ലാതെ handsome ആണെന്ന് . മദാമ്മേടെ സന്തോഷം ആണല്ലോ എന്‍റെ സന്തോഷം  എന്ന് കരുതി ഞാന്‍ അതങ്ങ് എടുത്തു "

പിന്നെ മദാമ്മ !, ചുമ്മാ പുളു ആണ് .. അസൂയ ഒന്നും അല്ല കേട്ട , അവനോടു മദാമ്മ പറഞ്ഞൂ ത്രെ !!

എന്തായാലും താമസസ്ഥലത്ത് ചെന്നപ്പോള്‍ അവിടെ കുറെ മീശകള്‍ !, എല്ലാം കേരള രാജ്യത്തു നിന്ന്കെട്ടുകെട്ടി എത്തിയവര്‍ . കൊറേ മീശകളെ കൂട്ടിനു കിട്ടിയത് കൊണ്ട് എന്‍റെ മീശയും ഹാപ്പി , സന്തുഷ്ട ജീവിതം !


അങ്ങനെ ഇരിക്കെ ആണ് ഞാന്‍ കമ്പനി ചാടിയത്‌  പുതിയ കമ്പനി , പുതിയ സ്ഥലം , പുതിയ ആള്‍ക്കാര്‍ പിന്നെയോ ....... പഴയ ഞാനും . ആദ്യത്തെ ആഴ്ച തന്നെ കമ്പനി വക പാര്‍ട്ടി . എല്ലാരും ഓസിനു വെള്ളമടിക്കാന്‍ കിട്ടുമല്ലോ എന്ന് കരുതി പബില്‍ നേരത്തേ ഹാജരുണ്ട് . ഞാനും മോശമാക്കണ്ടല്ലോ എന്ന് കരുതി എന്റെ ടീമിന്‍റെ കൂടെ കൂടി..

വിവാഹിതരുടെ കൂടെ പാര്‍ടിക്ക് പോയാല്‍ ഒരു കുഴപ്പമുണ്ട് , രണ്ടെണ്ണം അകത്തു ചെന്നാല്‍ ഭാര്യമാരുടെ സ്വെചാധിപത്യതിനെതിരെയും , ആക്രമനയങ്ങള്‍ക്കെതിരെയും മുദ്രാവാക്യം വിളി തുടങ്ങും . പ്രതേകിച്ചു ബാച്ചിലര്‍ ആരേലും കൂടെയുണ്ടെങ്കില്‍ അത് മുദ്രാവാക്യത്തില്‍ തുടങ്ങി  അവസാനികുന്നത് ഈ ഒരു രോദനത്തില്‍


" നീ ഭാഗ്യവാന്‍ ബാച്ചിലര്‍ !"

പറയുന്നത് കെട്ടാന്‍ തോന്നും ആരെങ്കിലും തലയ്ക്കു പിന്നില്‍ തോക്ക് ചൂണ്ടി കെട്ടടാ എന്ന് പറഞ്ഞു കേട്ടിച്ചതാനെന്നു  !!.. എന്തായാലും ഈ പ്രാവശ്യം  ഞാന്‍ വിട്ടില്ല , കൂട്ടത്തില്‍ ഏറ്റവും കിണ്ടി ആയിരിക്കുന്ന ടെക് ആര്‍ക സുമെഷിനോട് പതുക്കെ ചോദിച്ചു

" എന്താ അണ്ണാ എല്ലാരും കെട്ടുന്നു ,എന്നിട്ട് ഇവിടെ വന്നു പറയുന്നു ബാച്ചിലര്‍ആണ്ഭാഗ്യവാന്‍ എന്ന് !  എന്താ ഗുട്ടന്‍സ് ? "

സുമേഷ് അണ്ണന്‍ , ഒരു നെടുവീര്‍പ്പ് ഇട്ടു " എടാ അതൊരു  കെണി ആണ്  ഒരു തെങ്ങപൂള്‍ വച്ച  എലിക്കെണി.  ചാടിക്കേറി പോയാല്‍ പിന്നേ ജീവിതകാലം മുഴുവന്‍ കെണിയില്‍ !!"

അതുകൊണ്ടും തീര്‍ന്നില്ല , അടുത്ത അമ്പ് " നീ ഭാഗ്യവാന്‍ ബാച്ചിലര്‍ , സിംഗിള്‍ ,ഫുള്‍ ടൈം ഗേള്‍ ഫ്രന്റ് ആയി നടക്കാലോ ! "

ആ അമ്പ്‌ കൊണ്ട് ഈ പ്രാവശ്യം desp ആയതു ഞാന്‍

" സത്യം പറയണമല്ലോ ഇവിടെ മദാമ്മമാര്‍ക്ക് നമ്മളെ മൈന്‍ഡ് ഇല്ല , ഇന്ത്യക്കാര്‍ ആണേല്‍ ഇല്ല താനും , എന്തിര് വേണ്ടു ?"

സുമേഷ് അണ്ണന്‍ കഷണ്ടി തലയില്‍ പടുക്കേ തടവിക്കൊണ്ട് ഒരു ബുജി സ്റ്റൈലില്‍ തല അടുത്തേക്ക് കൊണ്ട് വന്നു പറഞ്ഞു
"രഹസ്യം ആണ്, നീ ആയതു കൊണ്ട് ഞാന്‍ പറയാം ?"


സുമേഷ് അണ്ണന്‍ അമേരിക്കയില്‍ വന്നു കൊല്ലം കൊറേ അയ ടീം ആണ് , പച്ച കാര്‍ഡ് ഉള്ളവന്‍ , ഇങ്ങേര്‍ ഇനി വല്ല രഹസ്യവും കണ്ടു പിടിച്ചോ ആവോ !

"പറ അണ്ണാ ഞാന്‍ ആരോടും പറയില്ല  ?"

ഉടനെ എന്റെ മുഖത്തോട്ടു ചൂണ്ടിട്ടു   "ഇതുകൊണ്ടാടാ മദാമ്മമാര്‍  വീഴാത്തത്"

ഠിം !! കളഞ്ഞു , ഞാന്‍ എന്തൊക്കെ പ്രതീക്ഷിച്ചു

" അണ്ണാ ഈ മോന്ത  ജനമനാ ഉള്ളത് , ഇത്തിരി ഗ്ലാമര്‍   ഉണ്ടായിരുന്നേല്‍ ഞാന്‍ ഐശ്വര്യ റായിയെ അഭിഷേക് ബച്ചന് വിട്ടുകൊടുക്കുമായിരുന്നോ !  "

എടാ അതല്ല ഞാന്‍ നിന്‍റെ   മീശയുടെ  കാര്യം ആണ് പറഞ്ഞത് , നോക്ക് ഇവിടെ ഇരിക്കുന്ന ആര്‍ക്കേലും മീശ ഉണ്ടോ ? അമേരിക്കേല്‍ മീശ വാഴില്ല "

ഞാന്‍ നോക്കി , ആര്‍ക്കും ഇല്ല , മീശ ഉള്ള രജനികാന്ത് അമേരിക്കയെ ഒറ്റയ്ക്ക്  യുദ്ധം ചെയ്തു ജയിക്കും എന്ന് പറഞ്ഞു നടക്കുന്ന തമിള്‍ സുഹൃത്തുക്കള്‍ക്കോ , തെലുങ്കാന സംസ്ഥാനം വേണോ വേണ്ടയോ എന്ന് ചോദിച്ചാല്‍  ഞാന്‍ അമേരിക്കേല്‍ കൂടാന്‍ തീരുമാനിച്ചു എന്ന് പറയുന്ന തെലുങ്ക്‌ സുഹൃത്തുക്കള്‍ക്കോ  എന്തിനു എന്റെ കൂടെ കമ്പനി ചാടി വന്ന , സ്വന്തം നാട്ടുകാരനായ മോഹന് പോലും മൂക്കിനു താഴെ പൂട  ഇല്ല . അപ്പോള്‍ അതാണു പ്രശ്നം !



"എടാ കാപാലികാന്മാരായ സുഹൃത്തുക്കളെ  ഒരു വാക്ക് , വേണ്ട ഒരു സൂചന പോലും തന്നില്ലല്ലോ!, സുമേഷ് അണ്ണാ നിങ്ങള്‍ ആണ് എന്റെ ദൈവം !"

ഒട്ടും വൈകിച്ചില്ല , വീട്ടില്‍ വന്നു ആദ്യം ചെയ്ത കര്‍മം , മീശ എടുത്തു കളഞ്ഞു
പിറ്റേ ദിവസം ഓഫീസില്‍ പോയപ്പോള്‍ വല്ലാത്ത ചമ്മല്‍ , പാവം എന്റെ മീശ

പക്ഷെ ചെന്ന് കേറിയപ്പോഴേ ബിസിനസ്‌ അനല്യ്സ്റ്റ് മദാമ്മ വലിയ വായില്‍ നിലവിളിച്ചു


"you look different ! cool!"

 അത് കഴിഞ്ഞു വന്നു ഒരു കേട്ടിപ്പിടുത്തോം ! , മദാമ്മയെ കാണാന്‍ അത്ര പോരെങ്കിലും ചുമ്മാ കിട്ടിയ ഹഗ് അല്ലെ ഇരിക്കട്ടെ .

എന്തിനു  സ്ഥിരമായി വായിനോക്കാറുള്ള നെറ്റ്വര്‍ക്കിംഗ്‌ ടീമിലെ സുന്ദരിയായ മദാമ്മ വരെ നോക്കി പുഞ്ചിരിച്ചു

സുമേഷ് അണ്ണാ നിങ്ങള്ക്ക് ആയിരം മെഴുകുതിരികലും രണ്ടു Jack  daniel ഉം  ! മദാമ്മ പെണ്‍കൊടികളെ ഇതാ ഞാന്‍ വരുന്നു !!

ഏതായാലും ലോകത്തെല്ലയിടതുമായി പരന്നു കിടക്കുന്ന  നെറ്റ് ഫ്രെണ്ട്സിനു വേണ്ടി അന്ന് തന്നെ facebook, orkut...... ഇത്യാദി ചെലവില്ലാത്ത സൈറ്റുകളില്‍ മൊത്തം അപ്ഡേറ്റ് ചെയ്തു . പോരാത്തതിനു മാട്രിമോണി സൈറ്റിലും കൊടുത്തു .

പിറ്റേന്ന് , പക്ഷെ പ്രതികരണം വളരെ മോശം . orkutile മീശക്കാരന്‍ കമ്മ്യൂണിറ്റി  ബ്ലോക്ക്‌ ചെയ്തിരിക്കുന്നു !, കേരള ഹാങ്ക്സ് വിലക്കിയിരിക്കുന്നു ... ഏറ്റവും വിഷമം  മാട്രിമോണി  സൈറ്റില്‍  നേരത്തേ എക്സ്പ്രസ്സ്‌ ഇന്റെരെസ്റ്റ്‌ ഇട്ടിരുന്ന രണ്ടു പെണ്‍കുട്ടികള്‍  പിന്‍വലിച്ചിരിക്കുന്നു

ഹും.. ഇവടെ മദാമ്മകള്‍ ക്യു നില്‍ക്കുമ്പോള്‍ ആര്‍ക്കു വേണം  , പിന്നല്ല


പുതിയ ജോലി സ്ഥലത്ത് വന്നത് മുതലേ അലോചിക്കുന്നതാണ് ലൈസെന്‍സ് എടുക്കണം എന്ന് , ഏതായാലും മീശ എടുത്തു സുന്ദരന്‍ ആയ സ്ഥിതിക്ക് ഇനി വേണ്ടത് ഒരു കാര്‍ ആണ് . ഇനി അത് വൈകിക്കണ്ട എന്ന് കരുതി  പിറ്റേ ദിവസം  കാലത്തേ എണീറ്റ്‌ ലിസിന്‍സ് ഓഫീസില്‍ പോയി... ശകുനപിഴ എന്നെ പറയേണ്ടു കണ്ണട എടുക്കാന്‍ വിട്ടു പോയി, അവിടെ ചെന്ന് കേറിയപ്പോ കൌണ്ടറില്‍ ഇരികുന്നത് ഒരു മുതുക്കി മദാമ്മ . ചെന്ന പാടെ പാസ്പോര്‍ട്ട്‌ ചോദിച്ചു , കൊടുത്തു കഴിഞ്ഞപ്പോ ഒരു രണ്ടു മിനിറെ അതില്‍ സുക്ഷിച്ചു നോക്കിയിട്ട് ഒരു വെടി

" This is not you , i need an identification card !"

 തള്ളേ , കലിപ്പ് എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് ഞാന്‍ അല്ലെന്നോ !! അമ്മച്ചി അത് ഞാന്‍ താന്‍ ! . മദാമ്മ ഒരു പൊടിക്ക് സമ്മധിക്കുന്നില്ല. ഞാന്‍ പാസ്പോര്‍ട്ട് ‌നോക്കി, അതില്‍ ഇരികുന്നത് കണ്ണട വച്ച , മീശയുള്ള, മെലിഞ്ഞ  ഞാന്‍ ......അവരുടെ മുമ്പില്‍ നിക്കുന്നത്  അമേരിക്കന്‍ ചീസ് കഴിച്ചു കൊഴുത്ത മീസയില്ലാത്ത , കണ്ണട ഇല്ലാത്ത ഞാന്‍ , കുറ്റം പറഞ്ഞൂട !

ഏതായാലും അവസാന കൈ എന്നാ നിലക്ക് ഒന്നുടെ പയറ്റി നോക്കാം എന്ന് വച്ച് അടിച്ചു

" madam this is me only, i took my mustache yesterday as part of my american plans, i can show u mustache back in home"

മദാമ്മ എന്താണ് കേട്ടത് എന്ന് അറിയില്ല , ഉടനെ അവര്‍ റൂമിന് അകത്തു
നിന്ന് ഒരു സെക്യുരിടിയെ വിളിക്കുന്നതും , എന്തോ പറയുന്നതും കണ്ടു .ഞാന്‍ ഉറപ്പിച്ചു എന്തോ പന്തികേട്‌ ഉണ്ട് . എന്താണ് എന്ന് അറിയില്ല പെട്ടെന്ന് ഒരു ശബ്ദം കേട്ട പോലെ

" അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴുന്ന ഗുലുമാല്‍ , ഗുലുമാല്‍!"


ശേഷം : 

സെക്യുരിടി റൂമില്‍ വിളിച്ചു കയറ്റി ചോദിച്ച മെയിന്‍ ചോദ്യങ്ങളില്‍ ഒന്ന്

" Do  you have  a separate artificial mustache in your apartment?"



അന്ന് ഞാന്‍ രണ്ടു തീരുമാനം എടുത്തു
1) മീശയും ഞാനും രണ്ടല്ല ഒന്നാണ് , ഇനി ഞങ്ങള്‍ പിരിയില്ല
2 ) അറിയാത്ത ഭാഷയില്‍ ടയലോഗ് അടിക്കരുത് , അടിച്ചു അണ്ണാക്കില്‍ കിട്ടും

മീശ ദൈവങ്ങളെ നിങ്ങള്‍ക്ക് സ്തുതി !!!! 



 

Monday, September 13, 2010

കല്യാണാലോചന വിശേഷങ്ങള്‍

ഈയിടെ ആയി ഈ കല്യാണങ്ങളും കല്യാണലോച്ചനകളും എനിക്ക് ഭയങ്കരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്  ....... തെട്ടിധരികരുത് എന്റെ കല്യാണാലോചനകള്‍ ഒന്നും ദൈവം സഹായിച്ചു തുടങ്ങിട്ടില്ല !. എന്നാലും കൂട്ടുകാരുടേ കുറെ കല്യാണവിശേഷങ്ങള്‍ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട് അതില്‍ ചിലത് .........

കൂട്ടുകെട്ട്   


മാച്ചിയും കേസി യും അയല്കാര്‍ , ബാല്യകാല സുഹൃത്തുക്കള്‍ , രണ്ടുപേരും ഒരേ ജാതി , രണ്ടു പേര്‍ക്കും ശുദ്ധ ജാതകം , രണ്ടു പേരും കല്യാനാലോച്ചനകളുമായി  നടക്കുന്നു ,. അങ്ങനെ ഇരിക്കെ ഒരു  പെണ്‍കുട്ടിയുടെ ആലോചന രണ്ടു പേര്‍ക്കും വന്നു,പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു  , ജാതകം ഒക്കെ ഒത്തു , പക്ഷെ രണ്ടു പേരും ഈ ആലോച്ചനയുടെയ് കാര്യം മാത്രം പരസ്പരം പറഞ്ഞില്ല (you know competition!!). പക്ഷെ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല . ഒരു ആഴ്ചക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ കല്യാണദുഃഖങ്ങള്‍    പങ്കു  വെക്കുന്നതിന്റെ കൂട്ടത്തില്‍ മാച്ചി ഇതും പറഞ്ഞു

 "ഡേയ് കേസി എനിക്ക് ഒരു കിടു ആലോചന വന്നു കേട്ടോ പക്ഷെ ശരി ആയില്ല ആ പെണ്ണിന്റെ അമ്മാവന്‍ പറയുകയാണ് ഞാന്‍ ബീര്‍ അടിക്കും എന്ന് , ഞാന്‍ ജീവിതത്തില്‍ നാലു  പ്രാവശ്യം മാത്രമേ ബിയര്‍ അടിച്ചിട്ടുള്ളൂ അവന്മാര്‍ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ മുഴുക്കുടിയന്‍ ആണെന്ന്!!


മാച്ചിയുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് കേസിയും വിഷമം പറഞ്ഞു

ഒന്നും പറയണ്ട മച്ചാ എനിക്കും വന്നു ഒരു ആലോചന പക്ഷെ നടന്നില്ല , അവന്മാര്‍ പറയുകയാ എന്റെ കൂട്ടുകെട്ട് ശരി അല്ല എന്ന്  ,കുടിയന്മാര്‍ ആയിട്ടാന്നത്രേ കൂട്ടുകെട്ട്!!!

  
TeaTotaller

KC :Hi Meena
Meena: Hi KC
KC:How  r u?
Meena : Good, how are you?
KC: i am good, it seems like our horoscope matches and our families are ok with the alliance . i guess your father have told you about this?

Meena: yes , since you are in US now, Dad ask me to chat with you and get acquaint.

KC: Thats good, so what are your hobbies ? 
Meena: i like salsa dancing, and playing piano, also i am a fan of Hard Metal. what abt u?

KC: I dont have hobbies as such but i used to play most of the games like Cricket,Table tennis,Tennis. Do you like cricket?

Meena: hmm i used to watch Cricket.
KC: Thats cool!
Meena : By the way , do you drink?
KC: No i am a teatotaller
Meena: oh i used to have  2-3 shots of tequila and 3-4 pegs of Margaritta with vodka   on  weekends. you will have beer atleast rt?

Sent at 8:23 PM on Sunday
Meena: KC r u there?

KC gone offline . Messages you send will be delivered when KC




ജാതക്കപ്പോരുത്തം 

 മനു കല്യാണാലോചന തുടങ്ങിട്ട് നാള് കുറെ ആയി , ഒന്നുകില്‍ പെണ്ണിനെ മനുവിനു ഇഷ്ടപെടില്ല , മനുവിന് ഇഷ്ടപെട്ടാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടപെടില്ല ,ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും ഇഷ്ടപെട്ടാല്‍ ബന്ധുക്കള്‍ക്ക് ഇഷ്ടപെടില്ല , ഇനി എല്ലാവര്ക്കും ഇഷ്ടപെട്ടാല്‍ പെണ്‍കുട്ടിക്ക് ഇഷ്ടപെടില്ല ......... തീര്‍ന്നില്ല ,എല്ലാവര്ക്കും ഇഷ്ടപെട്ടാല്‍ ജ്യോത്സ്യന് ഇഷ്ടപെടില്ല    !!!!  മനു ആകപ്പാടേ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ !.



അങ്ങനെ ഇരിക്കെ ആണ് ഒരു പുതിയ ആലോചന വന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചിട്ടു പറഞ്ഞു പത്തില്‍ ഏഴു പൊരുത്തം  എന്ന് !!.. കൊള്ളാം ഇനി മനുവിന്റെ വീട്ടുകാര്‍ കൂടി ജാതകം നോക്കിച്ചാല്‍ ശുഭം !!!......   ഏതായാലും ഇത്ര അയ സ്ഥിതിക്ക് മനു റിസ്ക്‌  എടുക്കേണ്ടെന്നു വച്ച് നേരെ അമ്മയെ സോപ്പ് ഇടാന്‍  തുടങ്ങി


 "അമ്മെ ജവഹര്‍ നഗറില്‍ ഒരു ജ്യോത്സ്യന്‍ ഇരിക്കുന്നുണ്ട്,‌ ജ്യോത്സ്യശ്രേഷ്ഠന്‍    ലക്ഷ്മണാനന്ദ , കാണിപ്പയ്യൂര്‍ കഴിഞ്ഞാല്‍ ഇങ്ങേര്‍ ആണ് ഏറ്റവും   കിടിലം   എന്നാണ് വപ്പു, ലക്ഷണം വച്ച് ഭാവി പറയും എന്നാണ് കേട്ടത് , നമുക്കു അങ്ങോട്ട്‌ പോകാം"

മനു നേരത്തേ പെണ്‍കുട്ടിയെ വിളിച്ചു അവര്‍ നോക്കിയ ജ്യോത്യന്റെ അഡ്രസ്‌ വേടിച്ചു വച്ചിട്ടുണ്ടാര്നു , അങ്ങേരെ ആണ് കിടു ജ്യോത്സ്യന്‍ എന്ന് പറഞ്ഞു പോലിപ്പിച്ചത്

പിറ്റേന്ന് തന്നേ മനുവും അമ്മയും കൂടി ജാതകം നോക്കിക്കാന്‍ കൊണ്ട് പോയി...
കാറില്‍ ഇരിക്കുമ്പോള്‍  നാടോടിക്കാറ്റിലെ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്

" ദാസാ ഈ ബുദ്ധി നമുക്ക് നേരത്തേ എന്താ തോന്നാഞ്ഞേ !!!?"


ജ്യോത്സ്യന്‍  രണ്ടു ജാതകവും വേടിച്ചു , പലകപ്പുറത്ത്‌ കവടി നിരത്തി ചുമ്മാ എന്തൊക്കെയോ കാണിച്ചു ,

" നേരത്തേ നോക്കിയ ജാതകം തന്നെ മാഷെ ഇത്, ഒന്ന് പറഞ്ഞു തുലക്കാവോ? " മനു മനസ്സില്‍ പ്രാകി .

ഒരു 20 minute കവടി കൊണ്ട് എന്തൊക്കെയോ ചെയ്ത ശേഷം അങ്ങേര്‍ തല ഉയര്‍ത്തി പറഞ്ഞു.


"പത്തില്‍ നാലു  പോരുത്തമേ ഉള്ളു കൂടാതെ ദശാസന്ധിയും ! ചേരില്ല ! "

ജ്യോത്സ്യനെയും അങ്ങേരുടെ കുടുംബത്തെയും പത്തു തലമുറ അപ്പുറത്തേക്കും , ജാതകം കണ്ടു പിടിച്ചവനെയും പ്രാകി കൊണ്ടാണ് മനു അവിടെ നിന്നും തിരിച്ചു നടന്നത്.

Sunday, September 12, 2010

അമ്മച്ചി നേപ്പാളി ആണെങ്കിലും എരപ്പാളി ആണല്ലോ !

Onsite ഇല്‍ വരുന്ന സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ ആദ്യം ചെയ്യുന്ന കാര്യം ആണ് ഒരു ട്രിപ്പ്‌ പോകുക , നാട്ടില്‍ സ്വന്തം സംസ്ഥാനം വിട്ടു പുറത്തു പോകാത്തവന്‍ ആയാലും ശരി , ഇവിടെ വന്നു അടുത്ത ആഴ്ച തന്നേ  കറങ്ങാന്‍ പോകും!.
എന്‍റെ അടുത്ത ഫ്രണ്ട് മനു ചിക്കാഗോ  വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ , അടുത്ത ദിവസം ഉച്ചക്ക് ലഞ്ച് കഴിക്കാന്‍ പോകുമ്പോള്‍ വളരെ excited ആയി ചോദിക്കുന്നു

"ഡേയ് ബാലു നമുക്ക് ട്രിപ്പ്‌ ഓക്കേ പോകണ്ടേ?"  ഓഹോ നാട്ടില്‍ ബംഗ്ലോര്‍ പോസ്റ്റിങ്ങ്‌ കിട്ടിയപ്പോ  "അമ്മക്ക് ഞാന്‍ തിരുവനതപുരം വിട്ടു പുറത്തു പോകുന്നത് പേടി ആണ്" എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയവനാണ് , അവനു വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞപോലെക്കും ട്രിപ്പ്‌ പോകണം എന്ന്!

സത്യം പറയണമല്ലോ ഞാന്‍ വന്നിട്ട് രണ്ടു മാസം ആയെങ്കിലും പുറത്തു എവിടെയും പോകാന്‍ പറ്റിയിട്ടില്ല, അത് എങ്ങിനെയാ  ഞാന്‍ വന്നു ഇറങ്ങിയതേ മഞ്ഞിന്റെ    കൂടാരത്തിലേക്ക് !  നോകുന്നിടതെല്ലാം  മഞ്ഞു . ഇവിടേയ്ക്ക് തിരിക്കും മുമ്പ് ചേട്ടനോട് വിളിച്ചു ചോദിച്ചിരുന്നു ,വല്ല  കമ്പിളി പുതപ്പോ മറ്റോ എടുക്കനോന്നു .അവന്റെ ഉറച്ച മറുപടി " ഒന്നും വേണ്ട എല്ലാം ഞാന്‍ ശരി ആക്കാം"  എന്നിട്ട് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോ ഒരു jacket ഉം തന്നു ഒരു ഫോട്ടോയും എടുത്തു . എന്നിട്ട് പറഞ്ഞു " നിന്റെ ഫ്രണ്ട് എത്തിയിട്ടില്ലേ വേഗം വിട്ടോ , ഒരു പാക്കറ്റ് ചിപ്സും ,അച്ചാറും എടുക്കുന്നുണ്ട് അപ്പൊ ശരി "........ ഹൂം പഹയന്‍ സ്ഥലം കാലിയാക്കി .  ഞാന്‍ ഏതായാലും പെട്ടി ഒക്കെ പെറുക്കി പുറത്തേയ്ക്കുള്ള ഗേറ്റ് ഇല്‍ എത്തി . അപ്പോളാണ് ശരിക്കുള്ള മഞ്ഞു ഞാന്‍ കണ്ടത്  ...................ഒരുമഞ്ഞു കാറ്റ്, ആമാശയത്തിലെ HCL  പോലും ഐസ് ആയിപോയി .ചെവിട്ടില്‍ ഒരു ബൂ ശംബ്ദം മാത്രം , വിരലുകള്‍ അനക്കാനേ വയ്യ . അടുത്ത വിമാനം കേറി തിരിച്ചു പോയാലോ എന്ന് ഞാന്‍ ആലോചിച്ചതാണ് എന്നാലും അവിടെ പോയി എന്‍റെ മഹാനായ മാനേജര്‍ ഉടെ മുന്നില്‍ പോയി   "  what is this yar, what you have done caused us lot of trouble !! " എന്നുള്ള ചോദ്യം കേള്‍ക്കാന്‍ ശക്തിയില്ലാതതുകൊണ്ട്  മുന്നോട്ടു  വച്ച കാല്‍ മുന്നോട്ടു തന്നെ എന്ന് വിചാരിച്ചു കേറി പോന്നതാണ് . പിന്നേ ആണ് ഈ മഞ്ഞില്‍ കൂടി ട്രിപ്പ്‌! . പോരാത്തതിന് എന്‍റെ റൂം മേറ്റ്‌ കാര്‍ത്തിക് , അവനു മഞ്ഞു കണ്ടാല്‍ ചെകുത്താന്‍ കുരിശു കാണുന്നത് പോലെ ആണ് . എന്നും കാലത്ത് എണീറ്റ് ജനാലയുടെ അടുത്ത് പോയി ഒരു നില്പ് ആണ്. ആ നില്പ് കണ്ടാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമേലെ നായകന്‍ ജീവിതം നായ നക്കി എന്ന് പറഞ്ഞു നില്കുന്ന്ന പോലെ ആണ്

എന്തായാലും മനു പറഞ്ഞ സ്ഥിതിക്ക് ട്രിപ്പ്‌ പോകുക തന്നേ എന്ന് വിചാരിച്ചു സോനുവിനോട് കാര്യം പറഞ്ഞു . സോനു വിചാരിച്ചാല്‍   നടക്കാത്ത കാര്യം ഇല്ല , LCD  TV 50$ ഇന് വേണോ? സോനു വിചാരിച്ചാല്‍ കിട്ടും,auction  നു വച്ചിരിക്കുന്ന സോഫ ഇങ്ങോട്ട് കാശു തന്നു വില്കുമോ? സോനുവിനു കിട്ടും  ,നനഞ്ഞ  I Phone Microwave ഇല്‍ വച്ച് ഉണക്കി എടുക്കണോ? അതും സോനു വിചാരിച്ചാല്‍ പറ്റും . അതാണ് സോനു . എന്തായാലും St  Louis പോകാന്‍ പ്ലാന്‍ ഇട്ടു . അവിടെ മഞ്ഞു ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു കാര്‍ത്തിക് ഇനെ കൂടെ കൂട്ടി . അടുത്ത weekend തന്നെ ഞങ്ങള്‍ ട്രിപ്പ്‌ വിട്ടു

St Louis ഒരു നല്ല ടൂറിസ്റ്റ് പ്ലേസ് ആണ് ,അവിടത്തെ പ്രസിദ്ധമായ ആര്‍ക്ക്, കൊറേ caves പിന്നെ കാര്‍ത്തിക് ഇനെ കൊതിപ്പിക്കാന്‍ പറഞ്ഞതാണേലും നല്ല കാലാവസ്ഥ . മഞ്ഞും ഇല്ല .എല്ലാം കണ്ടു വന്നപ്പോളേക്കും നേരം ഇരുട്ടി , തിരിച്ചു ഹോട്ടലില്‍ വന്നപോ മനുവിന്റെ അടുത്ത ഡിമാണ്ട്

"ഡേയ് നമുക്ക് ബൌളിങ്ങിനു പോകാം "

നാട്ടില്‍ കുട്ടിയും കോലും കളിച്ചു കൊണ്ട് നടന്ന പയ്യന്‍ ആണ് അവനു ഇപ്പൊ ബൌളിംഗ് !!! ഏതായാലും ശരി പോകുക തന്നെ . മനു തന്നെ GPS നോക്കി അഡ്രസ്‌ പറഞ്ഞു

"വെറും അര  Mile ഉള്ളു നമുക്ക് നടന്നു പോയാലോ? പോകുന്ന വഴിക്ക് വല്ല നല്ല പെമ്പില്ലെരെയും കണ്ടാലോ!"

വന്നിട്ട് ഒരു ആഴ്ച കഴിഞ്ഞില്ല ആശ കണ്ടില്ലേ !  എന്തായാലും കാര്‍ ഉള്ള സ്ഥിതിക്ക് നടന്നു പോകണ്ട എന്ന് കരുതി GPS ഇല്‍ അഡ്രസ്‌ ഉം കൊടുത്തു ഇറങ്ങി


.5Mile എന്ന് പറഞ്ഞു ഇറങ്ങിയെങ്കിലും GPS പെണ്‍കുട്ടി അവിടെ വളയു, ഇവിടെ തിരിയു എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുന്നു !  ഒരു 15 മിനിറ്റ് കഴിഞ്ഞിട്ടും ബൌളിംഗ് സെന്റെര്‍ എത്തുന്നില്ല ! കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദാ കാണുന്നു St Louis Arch!.  ഉടനെ കാര്‍ത്തിക് GPS എടുത്തു നോകിട്ടു മനുവിനോട് ചോദിച്ചു
"ഡേയ് നീ ഫ്രം അഡ്രസ്‌ ഏതാ കൊടുത്തേ ? " മനു ആണേല്‍ confidence ഒട്ടും വിടാതെ  " ഓ ഞാന്‍ ഒന്നും  കൊടുത്തില്ല അത് ഓടോമാട്ടിക് ആയി എടുത്തു !"

ഉടനെ ബാക്കി ഉള്ളവര്‍ ഒരേ സ്വരത്തില്‍  "അതെ അത് എടുത്തു പക്ഷെ നീ നേരത്തേ ഫീഡ് ചെയ്ത അഡ്രസ്‌! ഇപ്പൊ നമ്മള്‍ തിരിച്ചു ടൌണില്‍ എത്തി !"

ഏതായാലും എത്തിയ സ്ഥിതിക്ക് ബൌളിങ്ങിനു പോകാം എന്ന് കരുതി അവിടെ ഒരു ബൌളിംഗ് കം ബാറില്‍ കയറി . സായിപ്പന്മാരെ അപേക്ഷിച്ച് കുഞ്ഞന്മാരായ നമ്മളെ കണ്ടിട് കൌണ്ടെരില്‍ ഇരുന്ന കറമ്പന്‍ ഉടനെ ഞങ്ങള്‍ age proof  കാണിക്കണം എന്ന് . എന്‍റെ മീശ കണ്ടിട്ട് പോലും അവനു  ഒരു  വില ഇല്ല      :(

 ഞങ്ങള്‍ desp , പക്ഷെ അതിനിടയില്‍ മാറി നില്കയയിരുന്ന സോനുവിനോട് കറമ്പന്‍  " Sir you may go in"
ഓഹോ അവനു Age proof ഒന്നും വേണ്ട  esteemed കസ്റ്റമര്‍ , സ്ഥിരം കുറ്റി ആണെന്ന് തോന്നുന്നു !
എന്തായാലും ഞങ്ങള്‍ അവിടെ നിനും ഇറങ്ങി , ഡിന്നര്‍ കഴിക്കാം എന്ന് കരുതി .ഉടനെ മനുവിന്റെ അവശ്യം  "ഞാന്‍ ഇന്ത്യന്‍ ഫുഡ്‌ മാത്രമേ കഴിക്കു "  മാരണം !, എന്തായാലും 12 Mile അകലെ ഒരു ഇന്ത്യന്‍ ഹോട്ടല്‍ തപ്പിപിടിച്ച് അവിടേക്ക് വച്ച് പിടിച്ചു .

Saffron Hotel  , അവിടെ ചിക്കന്‍ ഉം മട്ടന്‍ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ സോനുവിനെയും കളിയാക്കിക്കൊണ്ട്‌ ഇരികുന്നതിനിടക്ക് ഞങ്ങളുടെ നേരെ എതിരെ ഉള്ള സീറ്റില്‍ ഒരു അമ്മച്ചിയും മകളും വന്നു ഇരുന്നു . എനിക്കും  സോനുവിനും അവരെ കാണാം പക്ഷെ മനുവിന്റെയും കാര്‍ത്തിക് ഇന്റെയും ബാക്കില്‍ ആയതുകൊണ്ട് അവര്‍ക്ക് കാണാന്‍ സാധിക്കില്ല . അമ്മച്ചിയെ കണ്ടിട്ട് ഏതോ ആഫ്രിക്കാന്‍ രാജ്യക്കാരി ആണെന്ന് തോന്നുന്നു ഒരു 6 അടി ഉയരം അതിനൊത്ത തടി ,ഡ്രസ്സ്‌ ഉം അത് പോലെ. മകള്‍ ഒരു ഇരു നിറം അമ്മയുടെ അതേ    ശരീര പ്രകൃതി . എന്തായാലും നല്ല ആരോഗ്യം , എനിക്ക് ജീവനില്‍ കൊതി ഉള്ളത് കൊണ്ട് ഈ പ്രാവശ്യം വായി നോട്ടത്തിനു പോയില്ല



 സോനു ആണെങ്കില്‍ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് വച്ച് ചോര   ഊറ്റികുടിക്കാന്‍ തുടങ്ങി . അപ്പോളാണ് മനു അത് ശ്രദ്ധിച്ചത് ഉടനെ അവന്‍ സോനുവിനെ വാരാന്‍ തുടങ്ങി  "ഡേയ് നിനക്ക് വായി നോക്കാന്‍ ഈ കൂതറ തന്നെയേ കിട്ടിയുള്ളൂ? ഒന്ന്നുമില്ലേലും onsite വന്നിട്ട് നാള് കൊറേ ആയില്ലേ ഒരു സ്റ്റാന്‍ഡേര്‍ഡ് ഒക്കെ വേണ്ടേ ! ,ചോര കുറച്ചു ബാക്കി വക്കടെയ് കാര്‍ വരയെങ്കിലും അവര്‍ നടന്നു പോട്ടേ!"

ഏതായാലും ഓര്‍ഡര്‍ വരാന്‍ കാത്തു നില്‍ക്കുക ആണല്ലോ എന്നു കരുതി ഞാനും കാര്‍ത്തിക് കും കൂടെ ചേര്‍ന്ന് സോനുവിനെ പൊരിച്ചു . ഞങ്ങള്‍ സംസാരിക്കുന്നതു അവരെ പറ്റിയാണ് എന്ന് മനസ്സിലായിട്ടോ അതോ സോനുവിന്റെ ചോര കുടിക്കല്‍ കാരണമോ അമ്മച്ചി മോളോട് സ്ലീവ്ലെസ്സ് ഇന് പുറമേ സ്വീറെര്‍ ഇടാന്‍ പറഞ്ഞു ( അമ്മച്ചി ഇതാണ് പറഞ്ഞതെന്ന് ഞാന്‍ ഊഹിച്ചതാണ് കേട്ടോ , എന്തായാലും മകള്‍ സ്വീറെര്‍ ഇട്ടു )...

ഇതോടു കൂടി ഞങ്ങളുടെ ധാര്‍മിക രോഷം ഉയര്‍ന്നു , "അമ്മച്ചി എന്ത് വിചാരിച്ചു ഞങ്ങള്‍ മോളെ വായി നോകുക ആണെന്നോ ? ഛെ ഇവരെ വായി നോക്കാന്‍ മാത്രം ചീപ്പ്‌ അല്ല നമ്മള്‍ ...........  "   നമ്മുടെ കാര്‍ത്തിക് മലയാളംസിനിമ ഡയലോഗ് ഫാന്‍ ആണ് , ഫോമില്‍ ആണേല്‍ അവന്‍ മോഹന്‍ ലാലിന്റെം  മമ്മൂട്ടി യുടെയും കടിച്ചാല്‍ പൊട്ടാത്ത ഫുള്‍ ഡയലോഗ് അടിക്കും . ഏതായാലും ഞങ്ങള്‍ എല്ലാരും പറഞ്ഞ സ്ഥിതിക്ക് കുറക്കണ്ടല്ലോ എന്ന് കരുതി അവനും പറഞ്ഞു


" അമ്മച്ചി നേപ്പാളി ആണെങ്കിലും എരപ്പാളി ആണല്ലോ!"

ആ ഡയലോഗ് ഇന്റെ ചിരി അടങ്ങും മുമ്പ് ആ അമ്മച്ചി എണീറ്റ് സോനുവിന്റെ മുഖത്തോട്ടു നോക്കി   പച്ച മലയാളത്തില്‍

" അപ്പൊ ഞങ്ങള്‍ ഏറന്ങ്ങുകാ ,നമുക്ക് കാണാം "



ഒരു 3 സെക്കന്റ്‌ നേരത്തേക്ക് ഭൂമി മലയാളം നിശ്ചലം!



 പിന്കുറിപ്പ് :
 സോനുവിന്റെ തുറന്ന വായ അടക്കാന്‍ കുറച്ചു നേരം എടുത്തു . എല്ലാവനും ഒരു അടി കിട്ടിയ പ്രതീതി .കാര്‍ത്തിക് ആണ് അവസാനം വായ തുറന്നത്  " ഡേയ് ഞാന്‍ അവരെ കണ്ടു കൂടി ഇല്ലടെയ് "       ഓഹോ എന്നിട്ടാണ് ഈ ഡയലോഗ് മൊത്തം അടിച്ചത് !.
അപ്പോളേക്കും spicy എന്ന് പറഞ്ഞു വേടിച്ച ബിരിയാണി എത്തി. spice ഇന് ചിരിയില്‍ എന്തേലും ബന്ധം ഉണ്ടോ എന്നറിയില്ല  എന്തായാലും ആദ്യത്തെ ഷോക്ക്‌ ചിരിക്കു വഴിമാറി , അതും വെറും ചിരി അല്ല , ഓര്‍ത്തോര്‍ത്തു ചിരിക്കുന്നു , ചിരി സഹിക്കാന്‍ വയ്യാതെ മനുവും ഞാനും കസേരയില്‍ നിന്ന് വീണു , കാര്‍ത്തിക് ഉം സോനുവും കസേരയില്‍ ഇരുന്നു ചിരിക്കുന്നു . മൊത്തം ഹോട്ടല്‍ ഇപ്പൊ ഞങ്ങളുടെ ടേബിള്‍ ആണ് നോകുന്നത്. ഇനി ഇവിടെ നിന്നാല്‍ പന്തിയല്ല എന്ന് കരുതി ബിരിയാണി കഴിക്കാന്‍ നിക്കാതെ കാര്‍ ഇലേക്ക് നടന്നു . ചിരിച്ചു കൊണ്ട് കാര്‍ ഓടിക്കാന്‍ പറ്റാത്തതുകൊണ്ട് കാര്‍ ഇല്‍ ഇരുന്നു ഒരു  15 മിനിറ്റ് ചിരിച്ചു .അവസാനം അമ്മച്ചി ഇനിയും കാണാം എന്ന്നു പറഞ്ഞത് പോലീസിനേം വിളിച്ചു വരും എന്ന് ആണ് ഉദ്ദേശിച്ചത് എന്ന് മനു രൂപകവും ഉത്പ്രേക്ഷയും ,നാനാര്‍തവും ഒക്കെ ചേര്‍ത്ത് പറഞ്ഞപ്പോ പേടിച്ചിട്ടാണ് ചിരി അടക്കി അവിടെ നിന്നും ഊരിയത് .

Sunday, August 29, 2010

ഞങ്ങളുടെ കമ്പനി takeover !!!!!!!

                                         ഓഹരി മാര്‍ക്കറ്റില്‍ ഇറങ്ങി കൈ പോള്ളിയവര്‍ക്കറിയാം എന്ത് ബുദ്ധിമുട്ടാണ് ഷെയര്‍ trading എന്ന് . കൊറേ jargons  .....charts , support index, main index, support limit, turn over...  ഒരു രക്ഷയുമില്ല പൊടിപൂരം !!!!!.
 2006-2007, infosys il കേറി ഒരു കൊല്ലം ആയതേ ഉള്ളു . പൂനെ യില്‍ നിന്ന് manager ഉടെ കയ്യും കാലും പിടിച്ചു തിരുവനതപുരം trasfer മേടിച്ചു ജോയിന്‍ ചെയ്തതേ ഉള്ളു . വന്ന പാടേ അവിടത്തെ സീനിയര്‍ മാനേജര്‍ ഒരു ചോദ്യം

" Do you know java?"

കലിപു !!! ഒരു Dot Net resource നോട് അങ്ങേര്‍ ഇങ്ങനെ ചോദിയ്ക്കാന്‍ പാടുണ്ടോ . ഇതിലും വലിയ അപമാനം വരാന്‍ ഇല്ല .ഇത് രണ്ടും arch rivals ആണെന്ന് അറിഞ്ഞൂടേ !!!.. അടുത്ത വെടി

" if you don't know java you have to sit in bench"

ഓ സന്തോഷം !!! cubicle ഏതാന്നു പറഞ്ഞിരുന്നേല്‍ പോയി ബെഞ്ചില്‍ ഇരിക്കാര്‍നു.
ഏതായാലും ബെഞ്ച്‌ കിട്ടി , ഇന്റര്‍നെറ്റ്‌ ഉം തന്നു , സുഖം സന്തോഷം . രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആരു ബെഞ്ച്‌ മേറ്റ്‌ ഇനേം കിട്ടി ,Mr ഡേവിസ്. ഇങ്ങേര്‍ ആണേല്‍ ഫുള്‍ ടൈം രണ്ടു സൈറ്റ് ഉം തുറന്നു വച്ച് ആണ് ഇരികുന്നേ . ആകാംഷ സഹിക്കാന്‍ വയ്യാതായപ്പോ ഞാന്‍ കേറി ചോദിച്ചു .
"മച്ചു നീ എന്താ ഈ ചെയ്യുന്നേ ?" ഉടനെ അവന്‍ തുടങ്ങില്ലേ  "ഡേയ് ഇതാണ് ഷെയര്‍ trading!, നീ കേടിട്ടിലേ? ഷെയര്‍ മാര്‍ക്കറ്റ്‌ പീകില്‍ നില്കുവാ ഇത്20000 ടച്ച്‌ ചെയ്താല്‍ economy  അങ്ങ് മനം മുട്ടെ വളരും,  china യെ തോലിപിക്കും, IT ഹിമാലയം വരെ ആകും.... .അവന്‍ അവന്റെ ഷെയര്‍ പ്രൊഫൈല്‍ ഉം കാണിച്ചു തന്നു , പഹയന്‍ കൊറേ ലാഭത്തില്‍ ആണ് !!!.എന്തിനധികം പറയുന്നു രണ്ടു ദിവസം കൊണ്ട് ഞാനും തുടങ്ങി ഷെയര്‍ ട്രടിംഗ്!!  പക്ഷെ സത്യം പറയണമല്ലോ എന്റെ പ്രൊഫൈല്‍ കേറിയ അന്ന് മുതല്‍ ചുവപ്പില്‍  :(

രണ്ടു  ആഴ്ച കഴിഞ്ഞപ്പോളെക്കു ബെഞ്ചില്‍ ഇരിക്കാന്‍ രണ്ടു പേരെ കൂടി കിട്ടി ,gopal ഉം faiz ഉം . അങ്ങനെ ഞാന്‍ മാത്രം കാശു കളയണ്ട എന്ന് കരുതി അവന്മാരേം കൂടി പ്രലോഭിപിച്ചു ഷെയര്‍ ട്രടിംഗ് തുടങ്ങിച്ചു. ഇപ്പൊ cubicle ഇല്‍ നാലു ഷെയര്‍ traders !. 10  Am ആയാല്‍ തുടങ്ങും " ഡേയ് IFCI 10 കൂടി","TCS bonus share",............ എന്തായാലും അവന്മാരുടെ പ്രൊഫൈല്‍ ഉം ചുവപ്പില്‍ , സമാധാനം കമ്പനി കിട്ടിയല്ലോ   :)

അത് മാത്രമോ ,പട്ണ്ട് ഹിന്ദി,തമിള്‍ സോങ്ങ്സ് കണ്ടു കൊണ്ടിരുന്നവന്‍  ഇപ്പൊ financial ന്യൂസ്‌ !, ഇംഗ്ലീഷ് പത്രം കൈ കൊണ്ട് തോടാത്തവന്‍ ഇപ്പൊ Times financial express!. വെറുതേ ആപ്പ ഊപ്പ പരിപാടി ഒന്നും അല്ല , കൊറേ സൈറ്റ് ഇലെ recommendations കണ്ടിട്ടാണ് നമ്മള്‍ കളിക്കുന്നതു .

ഒരു ദിവസം ഞാന്‍ ഒരു പുതിയ സൈറ്റ് കണ്ടു പിടിച്ചു , അതില്‍ പറയുന്ന ഓഹരികള്‍ 100 % കൂടും എന്നാണ് അവന്മാരുടെ അവകാശവാദം !, നോക്കി വന്നപോ കുറച്ചൊക്കെ ശരി ആണ് . ഉടനെ അതിലെ ഏറ്റവും പുതിയ ഓഹരി കണ്ടു പിടിച്ചു  ഒരു 350 എണ്ണം മേടിച്ചു !

PEARL POLYMERS -- 350

ചായ കുടിക്കാന്‍ പോകുന്നതിനു മുമ്പ് Faiz നോട് പറയുകയും ചെയ്തു ഈ പുതിയ സൈറ്റ് നെ കുറിച്ചും PEARL POLYMERS നെ കുറിച്ചും .

ചായ കുടിച്ചു കഴിയുന്നതിനു മുമ്പ്  Faiz വളരെ സന്തോഷവാനായി തിരക്ട്ടു വന്നിട്ട് പറഞ്ഞു "മച്ചു നമ്മള്‍ PEARL POLYMERS take over ചെയ്തു!!" സോഫ്റ്റ്‌വെയര്‍ കമ്പന്യില്‍ കേറി കുറച്ചു നാളെ ആയിട്ടുള്ളതുകൊണ്ട്‌ ഉള്ള ആഗ്രഹമായിരുന്നു നാരായണമൂര്‍ത്തി യെ പോലെ സ്വന്തം കമ്പനി വേണം എന്ന് , അത് ഇത്ര വേഗം പൂവണിഞ്ഞോ എന്റെ ത്രിപ്രയാരപ്പാ !!!!
"Faiz നീ ഒന്ന് തെളിച്ചു പറ" ഉടനെ അവന്‍ ഒരു കമ്പനി CEO ടെ എല്ലാ ഗാംഭിര്യതൊടും കൂടി പറഞ്ഞു
"ഡേയ് നിന്റെല്‍ കമ്പനി യുടെ 350 share ഇല്ലേ?, ഞാന്‍ ഒരു 450 മേടിച്ചു ,എന്നിട്ട് ഞാന്‍ മൊത്തം  ടേണ്‍ ഓവര്‍ നോക്കിയാപ്പോ 800 ഉള്ളു അതായതു നമ്മള്‍ രണ്ടു പേരുടെ കയ്യിലാണ് മൊത്തം ഓഹരികള്‍ !!!"

ഞാന്‍ ഉടനെ ആലോചിച്ചു ഇനി എന്തിനു എനിക്കി സോഫ്റ്റ്‌വെയര്‍ പണി?, സ്വന്തം കമ്പനി ഉള്ളപ്പോള്‍!ഉടനെ പോയി ആ സീനിയര്‍ മാനേജര്‍ ഓടു " എനിക്ക് നിന്റെ java പുല്ലാണ് എന്ന് പറഞ്ഞാലോ!  ഈ കമ്പനി നാളത്തേ infosys അവില്ലന്നു ആരു കണ്ടു !. എന്നിട്ട് വേണം കിലുക്കത്തില്‍ ഇന്നസിന്റ്റ് dialogue അടിക്കുന്നപോലെ രണ്ടു അടിക്കാന്‍ . "എടാ മത്തങ്ങതലയ , ഇങ്ങോട്ട് നോക്കെടാ............."

ആദ്യത്തേ excitement തീര്‍ന്നപ്പോള്‍ ആലോചിച്ചു ,ഇത്ര പെട്ടെനു ടേക്ക് ഓവര്‍ നടക്കുമോ , എന്തായാലും നമ്മുടെ ഷെയര്‍ ഗുരുവിനോട്  ഒന്ന് ചോദിച്ചു കണ്‍ഫേം ചെയ്തേക്കാം
ഗുരുവിനോട് കാര്യം പറഞ്ഞു , ഗുരുവും ഞങ്ങളെ പോലെ തന്നേയ് excited ആയി ചോദിച്ചു "എങ്ങനെ നിങ്ങള്‍ ടേണ്‍ ഓവര്‍ നോക്കി?" ഉടനെ Faiz  വിശദമായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു . ഗുരു ഒന്ന് കൂലങ്കഷമായി ചിന്ടിച്ചിട്ടു "ശിഷ്യന്മാരെ , നിങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു , അത് ആരും വേടിക്കാത്ത ഷെയര്‍ ആണ് , കഴിഞ്ഞ ഒരു കൊല്ലത്തില്‍   നിങ്ങള്‍ മാത്രമേ അത് വേടിചിട്ടുല്ല് അതുകൊണ്ടാണ് ടേണ്‍ ഓവര്‍ 800 കാണിക്കുന്നത് !"

Desp !!!  എന്തായാലും പറ്റി ,ഇനി അത് പുറത്തു കാണിക്കണ്ട .എന്റെ സോഫ്റ്റ്‌വെയര്‍ ബുദ്ധി ഉണര്‍ന് . "ഞാന്‍  അത് അപ്പോളെ പറഞ്ഞതാണ്‌ , എന്നാലും Faiz  ഇത് നിനക്ക് അറിഞ്ഞു കൂടായിരുന്നോ? 


വാല്‍ക്കഷണം : രണ്ടു ദിവസം മുമ്പ് Faiz പിംഗ് ചെയ്തിട്ട് " ഡേയ് നിന്റെല്‍ pearl polymers ഉണ്ടോ?
me: ഇല്ല ഞാന്‍ അത് അന്നേ കളഞ്ഞു , എന്തേ?
Faiz:അത് 100% കൂടി!!

Saturday, August 21, 2010

ഒരു പകുതി പ്രവാസിയുടെ ഓര്‍മ്മകള്‍ ... ഓണം ...

Google Buzz എടുത്തു ആരേലും എന്തേലും ഇടുന്നുണ്ടോ എന്ന് കൊറേ പ്രാവശ്യം refresh അടിച്ചു നോക്കിയപ്പോളാണ് ശ്രീവിലാസം എന്ന പോസ്റ്റ്‌ കണ്ണില്‍ പെട്ടത് . മനോഹരമായി എഴുതിയിരിക്കുന്നു , വായിച്ചപ്പോള്‍ നാട്ടില്‍ പോകണം എന്ന് തോന്നിയെങ്കിലും , എന്‍റെ പട്ടാളക്കാരന്‍ കൂട്ടുകാരന്‍ പറഞ്ഞ പോലെ " നീ ലക്ഷപ്രഭു അല്ലേ നീ  എന്തിനു തിരിച്ചു വരുന്ന്നേ ? " അല്ലെങ്കില്‍ നാട്ടില്‍ പോയാല്‍ പറമ്പിന്റെ അതിരില്‍ ചായകട ഇട്ടിരിക്കുന്ന ചായകടകാരന്‍ ചാമ്പന്‍ ചേട്ടന്റെ കയ്യില്‍ നിന്ന് പ്രതീക്ഷികാവുന്ന comment "ഡോളര്‍ കളഞ്ഞിട്ടു വന്നിരികുന്നോ സനുപ്പാ!! "..... ഇതൊക്കെ ഉള്ളതോണ്ട്‌  ആ മോഹം അങ്ങ് ഉപേക്ഷിച്ചു !!!

കുറച്ചു പ്രായം ആയവര്‍ പറയുന്നപോലെ "പണ്ടായിരുന്നു ഓണം ഇപ്പൊ എന്ത് ഓണം!"  എങ്കിലും നമംളകും ഉണ്ടായിരുന്നു നമ്മുടെയ്തായ ഓണം... കല്കൊല്ല പരീക്ഷ കഴിഞ്ഞാല്‍ ചേട്ടന്‍ സൈക്കിള്‍ എടുത്തു ഇറങ്ങും അമ്മാവന്റെ വീട്ടില്‍ പോകാന്‍... എന്‍റെ അമ്മാവന്റെ വീട് എന്ന് പറഞ്ഞാല്‍ അമ്മയുടെ തറവാട് ... അവിടെ  അന്നൊക്കെ കൂട്ട് കുടുംബം പോലെ ആയിരുന്നു . അമ്മയുടെ 3 സഹോദരന്മാരും അവരുടെ കുടംബവും ഒരു വീട്ടില്‍ . കുട്ടിക്ളുടെയ് കൂട്ടത്തില്‍ മൂത്തത് ചേട്ടനും പിന്നേ ഞാനും. ഓണം ആയാല്‍ cousins ഉം വരും അപ്പൊ മൊത്തം ഒരു 7 പിള്ളേര്‍ .... പിന്നേ ആ വീട് തലകുത്തി നിര്‍ത്തും... അമ്മയുടെ തറവ്ട്ടില്‍ കോളില്‍ നിലം ഉണ്ട്(   തൃശ്ശൂരില്‍  വിശാലമായ നെല്പാടങ്ങളെ പറയുന്ന പേര് ആണ് കോള്‍ ) അപ്പൊ ഓണത്തിന്റെ സമയത്താണ് വിളവെടുകുന്നത്, അപ്പൊ ഓണം അവധികാലത് അവിടെ ചെന്നാല്‍ മുഴുവന്‍ നെല്ല്!! കറ്റ മെധികുനനതും ,നെല്ല് പട്ടതിടുന്നതും , കറ്റ മെതിക്കാന്‍  വരുന്നവരുടെ സ്പെഷ്യല്‍ കട്ടന്‍ ചായയും ... അകപ്പാടെയ് ഒരുത്സവ പ്രതീതി!!

ഉച്ച കഴിഞ്ഞാല്‍ തുടങ്ങും ക്ലബ്‌ കാരുടെ ഓണാഘോഷം , തിരുവാതിരക്കളി ,വടംവലി, കുന്നംപുള്ളി പറമ്പിലെ നാടകം ( രാത്രി രണ്ടു മണി വരെ ഇരുന്നു നാടകം കാണുമായിരുന്നു, ഒരു ചുക്കും മനസ്സിലായില്ലെങ്കിലും :)) . ആള്‍കാര്‍ ചൂടും കത്തിച്ചു വരും, അന്നത് ഞാന്‍ ആദ്യമയി  ചൂട്ടു കാണുന്നത്  , ഇന്ന് അങ്ങനെ കാണാന്‍ കിട്ടുമോ എന്നുള്ളത് സംസയമാണ്‌ .

തിരുവോണം കഴിഞ്ഞാല്‍ ഇറങ്ങും ചൂണ്ടയുമായി മീന്‍ പിടിക്കാന്‍, അമ്മാവന്റെ വീടിനു അടുത്തുള്ള ശ്രീരാമന്‍ ചിറയില്‍  നിറച്ചും മീന്‍ ആയിരുന്നു , കരിപ്പിടി,കാടു, ബ്രാല്‍ , ചെല്ലി ,പരല്‍... അങ്ങനെ അങ്ങനെ .അതും വൈകിട്ട് പാടത്തേ നല്ല കാറ്റും കൊണ്ട് ചൂണ്ടയിടുന്നതിന്റെ സുഖം പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റില്ല , ചൂണ്ടയിടുന്ന കലയില്‍ ശിശു ആയിരുന്ന എനിക്ക് ചെയ്യനയിട്ടു വേറെ കൊറച്ചു പണികള്‍ , പാടത്തു നടന്നു ആമ്പലിന്റെ വിത്ത് പൊട്ടിച്ചു തിന്നുക , ബ്രാലിനെ പിടിക്കാന്‍ ഇര കോര്‍ക്കാന്‍ ഞാവനി പിടിക്കുക  etc


ഇപ്പൊ ഞങ്ങള്‍ കളിച്ചു നടന്നിരുന്ന ആ പാടങ്ങള്‍ മൊത്തം  തുഉര്‍ത്തി വീട് വച്ചു. നെല്ല് കൊയ്യുന്നത് വീട്ടില്‍ കൊണ്ടുവരില്ല എല്ലാം യന്ത്രം ആണ് , കൊയ്യുന്നത്  അപ്പൊ തന്നേയ് വില്‍ക്കും എന്നിട്ട്ടു ചോറ് വക്കാന്‍ വേറെ അരി വേടിക്കും...   കേരളം വളരുകയാണ്....
എങ്കിലും കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍ പറയുന്നുന്ടരുന്നു ..ശ്രീരാമന്‍ ചിറ വീണ്ടും കെട്ടാന്‍ പോകുന്നു , അവിടെ കൊയ്തുത്സവം നടക്കുന്നു,   ഞങ്ങളുടെ സ്വന്തം പാടത്തു പച്ചകറി കൃഷി ചെയ്തു സഹകരണ സ്ഥാപനങ്ങള്‍ വഴി കൊടുക്കുന്നു ........അതേയ് പ്രതീക്ഷ   എന്ന വെള്ളി വെളിച്ചം...

ഏതായാലും എനിക്ക് ഇവിടെ ഓണം ഇല്ല , ഇവിടെ വന്നിട്ട് രണ്ടു മാസം ആയിട്ടെ ഉള്ളു മലയാളികളെ പരിചയപ്പെട്ടു വരുന്നു . ഏറ്റവും അടുത്തുള്ള കേരള കടയിലേക്ക് 10  മൈല്‍ interstate ഹൈവേ കൂടി പോണം.... എന്തായലും ഒന്ന് അന്വേഷിക്കാം വല്ല ഹോട്ടെല്‍ ഇലും ഓണ സദ്യ കിടിയാലോ!......( സലിം കുമാര്‍ പറയുന്നപോലെ ഇനി എങ്ങാനും ബിരിയാണി കൊടുകുന്നുടെലോ !) :)