Sunday, June 3, 2012

വരാനുള്ളത് വഴിയില്‍....

കിര്‍ണിം .. കിര്‍ണിം.. കിര്‍ണിം... എന്നത്തേയും പോലെ അലാറം കണ്ടു പിടിച്ചവനെയും , മനസ്സ്നിറയെ ഒന്ന് ഉറങ്ങാന്‍ സമ്മതിക്കാതെ ഓഫീസ് ടൈം വച്ചവനെയും അവരുടെ ഒരു പത്തു തലമുറയെയും പ്രാകി കൊണ്ട് എണിറ്റു...... ഞാന്‍ തന്നെ അല്ലെ അലാറം വച്ചതെന്നും , എനില്‍ക്കുന്നത് 9 മണി കഴിഞ്ഞു തലയില്‍ വെയിലടിക്കുമ്പോള്‍ അല്ലെ എന്നുള്ള മൂരാച്ചി ചോദ്യങ്ങള്‍  ചോദിക്കരുത് ,  ഒന്നാം ക്ലാസ്സ്‌ തൊട്ടേ ഞാന്‍ പറയാറുള്ളത  ചോദ്യങ്ങള്‍ എനിക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന്  , അല്ലാതെ ഉത്തരം അറിയാഞ്ഞിട്ടല്ല കേട്ടോ ....

ഉറക്കച്ചടവ് മാറ്റാന്‍ 5 മിനിറ്റ് കുത്തിപ്പിടിച്ചു ഇരുന്നപ്പോളാണ് തലയില്‍ കൊള്ളിയാന്‍ മിന്നിയത് , ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ ആണ് ! ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണു എന്ന് പറഞ്ഞപോലെ ഇന്ന് 9 : 30 ഇന് onsite കാരന്‍ ടീം മീറ്റിങ്ങും വച്ചിട്ടുണ്ട് , സമയത്ത് എത്തണമെങ്കില്‍ ഒരു വഴിയെ ഉള്ളു ,എന്നെ പോലെ നേരം വൈകി പോകുന്നതില്‍ ഉസ്താദ്‌ ആയ സഹമുറിയന്‍ സുമെഷിനോട് ഒന്ന് വഴിമാറ്റി പിടിക്കാന്‍ പറയുക . ബാക്കി ഉള്ള എല്ലാ സഹമുറിയന്‍മാറും ഇറങ്ങി കഴിഞ്ഞു , കമ്പനിക്ക്‌ ലാഭം ഉണ്ടാക്കി കൊടുത്തെ അടങ്ങു എന്നാ വാശിയിലാണെന്നു തോന്നുന്നു , എല്ലാവനും 9 മണിക്ക്  മുമ്പേ  ഇറങ്ങി!

ഏതായാലും സമയം കളയാതെ , ചാടി എണിറ്റു ഡ്രസ്സ്‌ ചെയ്തു സുമേഷിനെ സോപ്പിട്ടു

"അണ്ണാ  എന്റെ ബൈക്ക് വര്‍ക്ക്‌ ഷോപ്പില്‍ പെട്ടു , പോകുന്ന വഴിക്ക് എന്നെ കൂടി എന്റെ ഓഫീസ് ഇല്‍ ഡ്രോപ്പ് ചെയ്യോ , 8 km differnce അല്ലെ ഉള്ളു ?"

സുമേഷ് ഒന്ന് ഇരുത്തി നോക്കി , 8 km സിറ്റി ട്രാഫിക്കില്‍ കൂടി ഓടികുന്നതോ ഒരു മണിക്കൂര്‍ വൈകുന്നതോ സാദാരണ സുമേഷിനു ഒരു പ്രശ്നമേ അല്ല .... നേരം  വൈകി ഓഫ്സില്‍  ചെല്ലുന്നതില്‍ എന്റെ ഗുരു ആണ് സുമേഷ് , പക്ഷെ ഇന്ന് അങ്ങേര്‍ പിടി തരുന്ന ലക്ഷണം ഇല്ല

"മച്ചു ഒരു രക്ഷയും ഇല്ല, ഇന്ന് ഒരു important client മീറ്റിംഗ് ഉണ്ട് കാലത്ത് തൊട്ടു ഉച്ച വരെ മീറ്റിംഗ് ആണ് പുറത്തു ചാടാന്‍ ഒരു വഴിയും ഇല്ല , നീ വേറെ ആരെയെങ്കിലും വിളിയെടെ "

ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍കുമ്പോള്‍  ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ഇരപ്പിച്ചു പോകുന്നതിനു മുമ്പ് സുമേഷിന്റെ ഒരു തോണ്ടല്‍

" ഓടി ചെന്നാല്‍ നിന്റെ കമ്പനി ബസ്‌ കിട്ടിയേക്കും , ഇനി അതും കിട്ടിയില്ലേല്‍ സമദിനെ വിളിക്ക് നിന്റെ വല്യ ഫ്രണ്ട് അല്ലെ ഹി ഹി "

വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് ഓടി , ഇനി എങ്ങാനും കമ്പനി ബസ്‌ പോയിട്ടില്ലെങ്കിലോ ! പക്ഷെ  ഓടി കിതച്ചു ബസ്‌ സ്റ്റോപ്പ്‌ എത്തിയപ്പോഴേക്കും ബസ്‌ അതിന്റെ പാട്ടിനു പോയിരുന്നു ,

 ഈ ബസ്സിനു ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തു കൂടെ എന്ന് ആത്മഗതം  അടിച്ചപ്പോലെക്കും വന്നു അടുത്ത് നില്‍കുന്ന ഓട്ടോക്കാരന്റെ കമന്റ്‌

" കമ്പനി മാനേജര്‍ ഇങ്ങനെ ഓടി കിതച്ചു വരും എന്ന് ഡ്രൈവര്‍ക്ക് അറിയില്ലല്ലോ !"

ഹും പോയി പോയി ഗാലറിയില്‍ ഇരിക്കുന്നവന്  വരെ  ഗോള്‍ അടിക്കാംഎന്നായി !

ഇനി ഇപ്പൊ സുമേഷ് പറഞ്ഞ പോലെ സമദിനെ വിളിക്കുകയെ രക്ഷ ഉള്ളു , ഇത് കേള്‍ക്കുമ്പോ ന്യായമായും വിചാരിക്കും ഈ സമദ് എന്താ ഇത്ര മോശമായ ഒരുത്തന്‍ ആണോ എന്ന് !. തീര്‍ച്ചയായും അല്ല , എക്സ്ട്രാ നല്ലവന്‍ ആയിപ്പോയതിന്റെ കുഴപ്പം ആണ് . ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടില്ലേ അതാണ്‌ കക്ഷി . പുള്ളിയുടെ വീക്നെസ് ആണ് റൊമാന്‍സ് , ഏതെങ്കിലും ഒരു പെണ്‍കുട്ടി  നോക്കുകയോ ചിരിച്ചു കാണിക്കുകയോ ചെയ്താല്‍ ഇവന്‍  വിചാരിക്കും ആ പെണ്‍കുട്ടിക്ക് ലവ് ആണെന്ന് പിന്നെ അവള്‍ക് ഗിഫ്റ്റ് കൊടുക്കുക കാര്‍ഡ്‌ കൊടുക്കുക തുടങ്ങിയ കലാപരിപാടികള്‍ ആണ്. പോയി പോയി  ഇവന്‍  ഗിഫ്റ്റ് കൊടുക്കാത്ത പെണ്‍കുട്ടികള്‍ ഇല്ലെന്നായിട്ടുണ്ട് കമ്പനിയില്‍ . ഇതില്‍ ഞങ്ങള്‍ കൂട്ടുകര്‍ക്കെന്താ പ്രശ്നം എന്ന് വച്ചാല്‍ , ഇവന് ഗിഫ്റ്റ് വേടിക്കാന്‍ കൂട്ടുപോകേണ്ടത് ഞങ്ങള്‍ ആകുന്നു , കൂടാതെ ഇന്ന പെണ്ണ് ഇവനെ പ്രേമിക്കുന്നു എന്ന് ആരെയെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കണ്ടേ ,അതിനും ഞങ്ങള്‍  കൂട്ടുകാര്‍ തന്നെ ഗിനിപ്പന്നികള്‍ !.

ഇങ്ങനെ ഒക്കെ ആയതു കൊണ്ടാണ് സമദിനെ വിളിച്ചോ എന്ന് കളിയാക്കിക്കൊണ്ട്‌ സുമേഷ് പോയത്. എന്തായാലും വേറെ വഴി ഒന്നും ഇല്ലാത്തതുകൊണ്ട് സമദ് എങ്കില്‍ സമദ് .

വിചാരിച്ചപോലെ തന്നെ ബൈകിന്റെ പുറകില്‍ കേറിയത്‌ തൊട്ടേ തുടങ്ങി
"മച്ചു  നമ്മുടെ രോഷ്നി ഇല്ലേ അവളെ ഇന്നലെ കഫേയില്‍ വച്ച് കണ്ടിരുന്നു ,ഞങ്ങള്‍ കൊറച്ചു നേരം സംസാരിച്ചിരുന്നു അവള്‍ വീണു മച്ചു !"

 പഴത്തൊലി കൊണ്ടിട്ടു തള്ളി വീഴ്ത്തിയതാണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു , പിന്നെ ഗാന്ധിജിയെ മനസ്സില്‍ ഓര്‍ത്തു ചോദിച്ചില്ല .
അപ്രിയകരമായ സത്യങ്ങള്‍ ചോദിക്കരുത് പറയരുത് എന്നല്ലേ അങ്ങേര പറഞ്ഞിട്ടുള്ളത് , വേണ്ട നമ്മളായിട്ട് തെറ്റിക്കുന്നില്ലേ !

ഇഷ്ടന്‍ അതുകൊണ്ടൊന്നും നിര്‍ത്താന്‍ ഉള്ള ഭാവം ഇല്ല
"അല്ലെങ്കിലും എനിക്ക് ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ നോക്കിയാല്‍ അറിയാം , മുഖത്ത് ഭാവങ്ങള്‍ മറച്ചു വക്കാം പക്ഷെ കണ്ണുകള്‍ സത്യം മാത്രമേ പറയു !"

ഇത് ഇന്നലെ പഠിച്ചതാണോ , ഇതിനു മുമ്പുള്ള ലൈനുകളുടെ കാര്യത്തില്‍ ഇതൊന്നും കണ്ടില്ലേ എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും ബൈക്ക് അവന്റെ കയ്യില്‍ ആയതു കൊണ്ടും പുറകില്‍ നല്ല സ്പീഡില്‍ വേറെ വണ്ടികള്‍ വരുന്നതിനാലും കടും കൈ ഒന്നും ചെയ്തില്ല

ഇത്രേം പറഞ്ഞിട്ട് സമദ് മെയിന്‍ ടോപ്പിക്കിലേക്ക് കടന്നു

" മച്ചു അവള്‍ക് ആര്‍ച്ചീസ് ഇല്‍ നിന്ന് ഒരു ഗിഫ്റ്റ് വേടിക്കണം , നീ ഒന്ന് ഹെല്പ് ചെയ്യണം ഒരു മുപ്പതു മിനിറ്റ് നമുക്ക് പടേന്ന് പോയി വരാം."

" അളിയാ എനിക്ക് onsite  മീറ്റിംഗ് ഉണ്ട് " ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു

"അത് മാറ്റി വച്ചു നീ അറിഞ്ഞില്ലേ , onsite coordinator  പനി പിടിച്ചു  "

Onsite coordinator , you too brutus? നിങ്ങളും എന്നെ കൈ വെടിഞ്ഞല്ലേ !

ആര്‍ച്ചീസ് ഇലേക്ക് പോകാനുള്ള  മെയിന്‍  റോഡിലേക് തിരിഞ്ഞപ്പോലെക്കും അവിടെ വമ്പന്‍ ട്രാഫിക്‌ ജാം ഏതോ രാഷ്ട്രിയ പാര്‍ട്ടിയുടെ പ്രകടനം ഉണ്ട് പോല്‍ ,  സമദ് സിറ്റി ട്രാഫിക്കില്‍ മിടുക്കന്‍ ആയതോണ്ട് ഞങ്ങള്‍  ഉടനെ മെയിന്‍ റോഡിനു പാരലല്‍ ആയിട്ടുള്ള റോഡിലേക്ക് തിരിഞ്ഞു .

പാരലല്‍ റോഡിലൂടെ കുറച്ചു പോയപ്പോള്‍ ഒരു പള്‍സര്‍ എതിരെ വരുന്നു , എന്താനെന്നറിഞ്ഞില്ല അതില്‍ മുന്നിലിരിക്കുന്ന ആളുടെ ഓവര്‍ക്കോട്ട് നല്ല പരിചയം ! പെട്ടെന്ന് മനസ്സില്‍ ഒരു മിന്നല്‍ അത് സുമേഷ് അല്ലെ ? ഹെല്‍മറ്റ് വച്ചിരിക്കുന്നത് കൊണ്ട്  മുഖം കാണാന്‍ വയ്യ . ഓവര്‍ക്കോട്ട് ഓര്‍ക്കാന്‍ കാരണം അത് ഞങ്ങള്‍ ഒരുമിച്ചു പോയാണ് വെടിച്ചത് , അത് പോലെ ഒരെണ്ണം വേറെ ആരുടെ കയ്യിലും കണ്ടിട്ടും ഇല്ല !

മനസ്സിലെ  മാലാഖ പറഞ്ഞു " ഹേയ്‌ അത് സുമേഷ് ആവില്ല , അങ്ങേര്‍ക് ഇന്ന് client മീറ്റിംഗ് ഉള്ളതല്ലേ , പിന്നെ അങ്ങേര എന്തിനു ഈ സമയത്ത് സിറ്റിയില്‍ , വരണം , പോരാത്തതിന്   ആ ബൈകിനു പുറകില്‍ ഒരു പെണ്‍കുട്ടിയും , സുമേഷ് ആവില്ല

പക്ഷെ ചെകുത്താന്‍  വിടുമോ " ആ ഓവര്‍ക്കോട്ട് സുമേഷിന്റെ തന്നെ , പിന്നെ സെയിം കളര്‍ പള്‍സര്‍, ആകപ്പാടെ പ്രശ്നം ഉള്ളത് പുറകില്‍ ഇരിക്കുന്ന പെണ്‍കുട്ടി ആണ് , അപ്പോള്‍ പിന്നെ കണ്‍ഫേം ചെയ്യാതെ വയ്യ .

ഇത്രേം പറഞ്ഞപ്പോള്‍ ന്യായമായും ആര്‍കും സംശയം തോന്നാം എന്താ സുമേഷിനു ഒരു പെണ്‍കുട്ടിയെ ബൈക്കിന്റെ പുറകില്‍ ഇരുത്തി പോയിക്കൂടെ എന്താ ആകാശം ഇടിഞ്ഞു വീഴോ ? സംശയം ന്യായം , പക്ഷെ സുമേഷിന്റെ കാര്യത്തില്‍ ആകാശം ഇടിഞ്ഞു വീഴും . സുമേഷ് , അറിയപ്പെടുന്ന സ്ത്രീവിരോധി , അങ്ങേര്‍ ഉള്ള പ്രോജെക്ടില്‍ പെണ്‍കുട്ടികളെ ഇടാന്‍ മാനേജര്‍മാര്‍ ഭയക്കും. വീട്ടുകാര്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമേരിക്കയില്‍ കുട്ടികളെ പ്രസവിക്കുന്ന റോബോട്ട് ഇറങ്ങിയിട്ടുണ്ടെന്നും അത് വേടിച്ചു തരാമെന്നും പറഞ്ഞ കഠിന ഹൃദയന്‍ .   രാത്രി ഓഫീസ് കഴിഞ്ഞു വീട്ടില്‍ വന്നാല്‍ പ്രധാന വിനോദം , ഞങ്ങള്‍ നാല് സഹമുറിയന്‍മാരില്‍ ടു വേ ലൈന്‍ ഉള്ള ജോസിനെ കൊന്നു കൊലവിളിക്കുക , പിന്നെ വന്‍  വേ ലൈനുകള്‍ ടു വേ ലൈനുകള്‍ ആക്കാന്‍ പാട് പെടുന്ന ഞാനുള്‍പ്പെടെ ഉള്ള സഹമുറിയന്‍മാരെ ഉപദേശിക്കുക . പോരാത്തതിന് കറ കളഞ്ഞ MCP  . രാമരാവണ യുദ്ധം , മഹാഭാരത യുദ്ധം തൊട്ടു രണ്ടാം ലോകമഹായുദ്ധം വരെ ഉള്ള എല്ലാ യുദ്ധങ്ങള്‍ക്കും  ഇനി വരാന്‍ പോകുന്ന മൂന്നാം ലോക മഹായുദ്ധത്തിനും സ്ത്രീ ആണ് കാരണക്കാരി  എന്ന് സമര്‍ഥിക്കാന്‍ വെറും രണ്ടു പെഗ് മതിയാവുന്ന മഹാരഥി ! . അങ്ങനെ ഉള്ള സുമേഷിന്റെ ബൈക്കിന്റെ പുറകില്‍ ഒരു പെണ്കുട്ടിയോ ? ച്ഛായ്  IMPOSSIBLE !!!


എന്തായാലും മാലാഖയും ചെകുത്താനും തമ്മിലുള്ള പോരാട്ടത്തില്‍ അവസാനം ചെകുത്താന്‍ ജയിച്ചു , "ഡേയ് ആ പള്‍സറിന്റെ പിന്നാലെ വിട്ടേ നമ്മുടെ സുമേഷ് അണ്ണന്‍ അല്ലെ അത് " സമദിനെ തോണ്ടി വിളിച്ചു പറഞ്ഞു 
പക്ഷെ ഞങ്ങള്‍ നോക്കുമ്പോലേക്കും അത് വളവു തിരിഞ്ഞു പോയികഴിഞ്ഞിരുന്നു , എന്തായാലും ഞങ്ങള്‍ പിന്നാലെ വച്ചു പിടിച്ചു . റോഡ്‌ ചെന്ന് കേറുന്നത് മെയിന്‍ ജന്ക്ഷനിലെക്കാന് അവിടെ എത്തിയപോള്‍ ഞങ്ങള്‍ കണ്‍ഫ്യൂഷന്‍ ആയി , പള്‍സര്‍ എങ്ങോട് പോയി?

അപ്പോളേക്കും ഉള്ളിലെ CBI സേതുരാമയ്യര്‍ ഉണര്‍ന്നു , ബൈക്കില്‍ നിന്ന് ഇറങ്ങി ,കൈ പിറകില്‍ കെട്ടി   മമ്മൂട്ടിയെ മനസ്സില്‍ ധ്യാനിച്ച് , ശബ്ദത്തിന് കനം കൊടുത്തു ചോദിച്ചു

" ഒരു യുവാവ് , ഒരു യുവതി പിന്നെ ഒരു പള്‍സര്‍ , നല്ല വെയിലും ചൂടും , അവര്‍ എവിടെ ആയിരിക്കും പോയത് ?"

ബാക്ക്ഗ്രൌണ്ട് ഇല്‍ CBI മ്യൂസിക്‌

മുകേഷിന്റെ ഭാവ  വാഹാദികളോടെ സമദ്

"ഐസ് ക്രീം !!"

 അതെ ഐസ്ക്രീം പാര്‍ലര്‍ ഇല്‍ കാണും ,ഇവിടെ ഐസ് ക്രീം കിട്ടുന്ന  മൂന്നു കോര്‍ണര്‍ ഉള്ളു ,അപ്പൊ  പിന്നെ പഞ്ചാര അടിക്കാന്‍ വന്നതാണേല്‍ ഈ മൂന്നു സ്ഥലത്ത് എവിടേലും കാണാതിരിക്കില്ല  , ഈ മൂന്നു സ്ഥലത്തും തപ്പുക തന്നെ

എന്റെ ഊഹം തെറ്റിയില്ല Baskin Robins ഇന്റെ മുമ്പില്‍ ഇരിക്കുന്നു ആ പള്‍സര്‍ !, CBI നോടാ  കളി !!

 ഹോളിവുഡ് സിനിമയില്‍ ജെയിംസ്‌ ബോണ്ട്‌ കൊള്ളക്കാരെ പിടിക്കാന്‍ പോകുന്നതിനേക്കാള്‍ സുക്ഷ്മതയോടെ ഞങ്ങള്‍  പതുക്കെ അകതോട്ടു എത്തി നോക്കി .
അതെ സുമേഷ് തന്നെ കൂടെ ഏതോ പെണ്‍കുട്ടിയും, രണ്ടു പേരും ഐസ്ക്രീം നുണഞ്ഞു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് .

"കള്ളക്കാമുകാ സുമേഷേ " സമദ് ഇന് ചിരി അടക്കാന്‍ പറ്റുന്നില്ല . എന്തായാലും ഇവിടെ വച്ചു പൊട്ടിക്കാതെ വീട്ടില്‍ എല്ലാവരുടേം മുമ്പില്‍ വച്ചുപിടിക്കാം  എന്ന് കരുതി ഞങ്ങള്‍ പിന്‍വാങ്ങി .

 പക്ഷെ സിബിഐ പിടികുമ്പോ എല്ലാ തെളിവും വച്ചു പിടിക്കണം എന്നല്ലേ ?   ഞങ്ങള്ക് കണ്ണുകളെ വിശ്വസിക്കാന്‍ ഒരു  ബുദ്ധിമുട്ട് , ഇനി ഇത് സുമേഷിന്റെ വല്ല ബന്ധുവോ മറ്റോ ആണോ ? അങ്ങനെ വല്ലോം ആണേല്‍ സിബിഐ കെട്ടും കെട്ടി  കാശിക്കു പോകേണ്ടി വരും


എന്തായാലും എല്ലാ തെളിവുകളും അടിച്ചു ഉറപ്പിക്കാന്‍ ഞങ്ങള്‍ പാപ്പരാസികളുടെ സഹായം തേടാന്‍ ഉറച്ചു . technopark ഇല്‍ ഉള്ള എല്ലാ പെണ്‍കുട്ടികളുടെയും അവസാന ഡാറ്റാബേസ് ആയ ജോസിനെ  വിളിച്ചു കാര്യം പറഞ്ഞു . ഒരു ടു വേ ലൈന്‍ ഉണ്ട് എന്നുള്ള ഒറ്റ തെറ്റ് കൊണ്ട് സ്ഥിരമായി  സുമേഷിന്റെ ബോക്സിംഗ് ബാഗ്‌ ആകുന്നതിന്റെ  ചൊരുക്ക് ഉള്ളതോണ്ട്‌ ജോസിനു വന്‍ സന്തോഷം , 


" അളിയാ ഇന്നത്തെ എന്റെ ഓഫീസ് ടൈം മൊത്തം ഞാന്‍ ഇതിനായി മാറ്റിവക്കുന്നു , പാപ്പരാസി ദൈവങ്ങളാനെ ഇന്ന് നാലു മണിക്ക് മുമ്പായി സകല വിവരങ്ങളും തപ്പി എടുത്തിരിക്കും ഇത് സത്യം സത്യം സത്യം "

മെയിലുകളും ഫോണ്‍കാളുകളും ചീറിപ്പാഞ്ഞു . വാലന്‍ന്റൈന്‍ ഡേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മെയില്‍ ട്രാഫിക്‌ ഉള്ള ദിവസം അതായിരുന്നു എന്നും , കാമുകന്മാരും പപ്പരസികളും തോളോട് തോള്‍ ചേര്‍ന് പ്രവര്‍ത്തിച്ച ചരിത്ര ദിവസം അന്നായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ രേഖപെടുതിയിട്ടുളത് !.


എന്തിനധികം പറയുന്നു നാല് മണിയോട് കൂടി പെണ്‍കുട്ടിയുടെ പേരും നാളും ജാതകോം ,ഉണ്ണുന്ന, ഉറങ്ങുന്ന , നടക്കുന്ന എന്ന് വേണ്ട   ഫുള്‍ biodata സിബിഐയുടെ മെയിലില്‍ ! . 
തെളിവുകള്‍ എല്ലാം ആയ സ്ഥിതിക്ക്, സിബിഐ വിസ്ഥാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു , സുമേഷ് വധത്തില്‍ പങ്കുചെരാനുള്ള എല്ലാര്ക്കും ക്ഷണം ,വരുന്നവര്‍ക്ക് കട്ടന്‍ചായയും ബിസ്കറ്റും , വിധി പറയാനായി സ്ഥലത്തെ പ്രധാന ബ്രഹ്മചാരിയും(അന്ന് വരെ ) കട്ട  ജിമ്മും, സര്‍വോപരി ഹനുമാന്‍ സ്വാമിയുടെ കറ കളഞ്ഞ ഭക്തനും   ആയ അനീഷ്‌ ,നടപടികള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ ആയി ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ആയ വിപിന്‍ ഇത്യാദി ..... 

പ്ലാനിങ്ങും ഒരുക്കങ്ങളും കണ്ടു ഞെട്ടിയ സമദിന്റെ ചൊറി

"ഇത്രേം ശുഷ്കാന്തി നീ കഴിഞ്ഞ പ്രോജെക്ടില്‍ കാണിച്ചിരുന്ണേല്‍ അത് തൃശൂര്‍പൂരത്തിന്റെ നിലം കുലുക്കി പോലെ പോട്ടുകില്ലാരുന്നല്ലോടെ !"


ഹും ഒരു tester developer യെ ചോദ്യം ചെയ്യുകയോ !
" ഡെവലപ്പ് ചെയ്യുമ്പോ ബഗ് കാണും , അത് കണ്ടുപിടിക്കേണ്ടതാണ് tester ആയ നിന്റെ  പണി , അങ്ങനെ നോക്കിയാല്‍ പ്രൊജക്റ്റ്‌ പൊട്ടിയത് ആരുടെ തെറ്റാ ? " അല്ല പിന്നെ 

എന്തായാലും 6 :15 ആയാപ്പോലെക്കും സുമേഷ് വധത്തിനുള്ള എല്ലാവരും റെഡി . സ്ക്രിപ്റ്റ് നേരത്തെ തന്നെ റെഡി, എല്ലാവരും ഡയലോഗ്കളും      പഠിച്ചു വച്ചു , ഇനി ഇര വന്നാല്‍ മാത്രം മതി


പാവം സുമേഷ് ഇതൊന്നും അറിയാതെ കേറി വരുന്നു , പതിവില്ലാതെ വീട്ടില്‍ കൊറേ ആള്‍ക്കാരെ കണ്ടപ്പോള്‍ ഒന്ന് അന്തിച്ചെങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ തന്നെ ആദ്യത്തെ ചോദ്യം 


" അല്ലാ ഇന്ന് എല്ലാവനും ഉണ്ടല്ലോ ആരുടെയെങ്കിലും ട്രീറ്റ്‌ ഉണ്ട? "

"ഹും  ഇന്ന് എന്തായാലും ഒരാള്‍ ട്രീറ്റ്‌ ചെയ്യേണ്ടി വരും  "  അനീഷിന്റെ വക ആദ്യത്തെ ഷോട്ട് 

" അത് ആരെയോ ഉദ്ദേശം വച്ചാണല്ലോ !"  സുമേഷ് അപകടം മണത്തു 


അതൊക്കെ അവിടെ നിക്കട്ടെ നിന്റെ  client visit എങ്ങനെ ഉണ്ടായിരുന്നു ? ജോസ് സബ്ജെക്ടിലേക്ക് കൊണ്ട് വന്നു  

"ഓ ഒന്നും  പറയണ്ട  മച്ചു, വന്‍  demanding   client. ഒരു വിധത്തില്‍ ഊരി എന്ന് പറഞ്ഞാല്‍ പോരെ . കാലത്ത് തൊട്ടു ഉച്ചവരെ  അവരുടെ ൂടെ തന്നെ ആയിരുന്നു .പകുതി ദിവസം പോയി എന്ന് പറഞ്ഞാല്‍ പോരെ !"
"ഓ എന്നിട്ട് client impressed ആയോ ? " ജോസ് ഒന്ന്  കൂടെ കുത്തി 

"impressed ആയോന്ന് ,മൂക്കും കുത്തി വീണില്ലേ , ഫുള്‍ ഡേ എന്റെ കൂടെ തന്നെ ആയിരുന്നു , ഈ പ്രൊജക്റ്റ്‌ ഒരു രണ്ടു കൊല്ലം കൂടി നീട്ടാന്‍ ഉള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്  "

ഉവ്വ ഉവ്വ 10 മാസം കഴിഞ്ഞാല്‍ വല്ല child പ്രൊജക്റ്റ്‌ കിട്ടാന്‍ ഉള്ള സാധ്യത ഉണ്ടാവും  " ജോസിന്റെ ഒളിയമ്പ്

ഇത്രേം ആയ സ്ഥിതിക്ക് ഇനിം ഒളിയുദ്ധം വേണ്ട എന്ന് കരുതി ഞാന്‍ വെടി പൊട്ടിച്ചു . സിബിഐ അന്വേഷണം നടത്തിയതിന്റെ ക്രെഡിറ്റ്‌ എനിക്കായത്  കൊണ്ട് സ്ക്രിപ്റ്റ് പ്രകാരം ആദ്യ വെടി പൊട്ടിക്കാന്‍  ഉള്ള അവകാശം ഞാന്‍ സ്വന്തമാക്കിയിരുന്നു

" ഒരേ പോലുള്ള 7 പേര്‍ ഈ ലോകത്ത് ഉണ്ടാകും എന്ന് ഞാന്‍ കേട്ടിട്ടുണ്ട് ,അത് സത്യമാണ് എന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കി സുഹൃത്തുക്കളെ , എന്താന്നു വച്ചാല്‍ സുമേഷ് നമ്പര്‍ ടു വിനെ ഞാന്‍ Basken Robbins ഇല്‍ വച്ച് കണ്ടു കൂടെ കാണാന്‍ നല്ല ഭംഗി ഉള്ള ഒരു പെണ്‍കുട്ടിയും . സുമേഷ് ആവാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ കാരണം സുമേഷ് client ഇന്റെ കൂടെ ആയിരുന്നല്ലോ , അതും ഓഫീസില്‍ . പോരാത്തതിന് ഈ രണ്ടാമന്റെ കൂടെ ഒരു പെണ്‍കുട്ടിയും  !"

ഇതില്‍ സുമേഷ് ഞെട്ടി ,തകര്‍ന്നു , വീണു . എന്നാലും വീണിടത്ത് കിടന്നു ഉരുളാന്‍ ഒരു ശ്രമം

"ഓ അത് ,അത് പിന്നെ എന്റെ ഒരു കസിന്‍ വന്നാരുന്നു , അവള്‍ക് വിശക്കുന്നൂന്നു പറഞ്ഞപ്പോ ഏതോ ഐസ് ക്രീം കടയില്‍ കേറിയാരുന്നു. Baskin Robbins ആയിരുന്നോ ഞാന്‍ നോകിയില്ല കേട്ടാ , നീ എങ്ങനെ കണ്ടു ?"

അപ്പോളേക്കും ജോസിന്റെ പഞ്ച് ഡയലോഗ്
"ഭാരത പ്രതിജ്ഞ ചൊല്ലുമ്പോള്‍ എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാര്‍ എന്ന് പറഞ്ഞ ബന്ധം ആയിരിക്കും അല്ലെ നീ ഇവിടെ ഉദ്ദേശിച്ച കസിന്‍ ? , ദാ ഫുള്‍ biodata ഞങ്ങള്‍ടെ കയ്യില്‍ ഉണ്ട് നീ പെട്ടു മോനെ ദിനേശാ "

ഇത്രേം ആയപ്പോലെക്കും സുമേഷിനു മനസ്സിലായി  സിബിഐ ഫുള്‍ തെളിവുകളും ആയിട്ടാണ് കേസ് എടുത്തിരിക്കുന്നത് എന്ന്. പിന്നെ ഒട്ടും വൈകിയില്ല , മാപ്പ്സാക്ഷിയായി കുറ്റം ഏറ്റു .

എല്ലാം കേട്ട് മധ്യസ്ഥന്‍ അനീഷ്‌ വിധി പറഞ്ഞു

" ആദ്യമായി സ്ഥലത്തെ പ്രധാന MCP എന്നുള്ള സ്ഥാനം ഒഴിയണം , രണ്ടാമതായി ഇനി മുതല്‍ സ്ഥിരം കാമുകര്‍ക്കും അവശ കാമുകര്‍ക്കും  എതിരെ ഒരു വാക് പോലും മിണ്ടി പോകരുത് .
മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ശിക്ഷ  , ഇവിടെ ഹാജരായിട്ടുള്ള മുഴുവന്‍ പേര്‍ക്കും രാജധാനി ഹോട്ടലില്‍ ട്രീറ്റും ഡ്രിങ്ക്സും "



വിധിയും കഴിഞ്ഞു രാജധാനി ഹോട്ടല്ലിലേക്ക് ഇറങ്ങാന്‍ നില്‍കുമ്പോള്‍ സമദിന്റെ വിഷമം " ശെടാ ഇവന്‍ ഇത്ര പെട്ടെന്ന് ആയുധം വച്ച് കീഴടങ്ങും എന്ന് കരുതിയില്ല , പഠിച്ചു വച്ച പഞ്ച് ഡയലോഗ് വേസ്റ്റ് ! ങ്ഹാ വേറെ എവിടേലും ഉപയോഗിക്കാം !


********************************************************************




ഡ്രിങ്ക്സ് മൂന്നാം റൌണ്ട്  കഴിഞ്ഞപോള്‍ സുമേഷിന്റെ കദനം പറച്ചില്‍

"എനിക്ക് അതൊന്നും അല്ല വിഷമം മച്ചു , ഇന്ന് ആദ്യമായ് ആണ് ഞങ്ങള്‍ പുറത്തു പോകുന്നത് , അന്ന് തന്നെ ബാലുവിന്റെ ബൈക്ക് വര്‍ക്ഷോപ്പില്‍ ആകാനും , അവനു ബസ്‌ മിസ്‌ ആകാനും , ഞാന്‍ തന്നെ അവനു  സമദിനെ വിളിച്ചു പോകാന്‍ ഉള്ള വഴി പറഞ്ഞു കൊടുക്കാനും , എന്റെ ആ റെഡ് ഓവര്‍കോറ്റ് തന്നെ ഇടാനും ,മെയിന്‍ റോഡില്‍ strike ആയതോണ്ട് കോഫി ഡേയില്‍ പോകാന്‍ ഉള്ള പ്ലാന്‍ മാറ്റി ഐസ് ക്രീം ആക്കാനും ഒക്കെ സംഭവിച്ചല്ലോ !!  ഇതില്‍ ഏതേലും ഒന്ന് മാറിയിരുന്നേല്‍ ഇത് വല്ലോം സംഭവിക്കുമായിരുന്നോ!  "

ഇതാണ് മച്ചു, പഴഞ്ചൊല്ല് പറയുന്നത്  "വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല . പ്ലയിന്‍ കേറിയായാലും വരും"  അനീഷിന്റെ ക്ലോസിംഗ് ഡയലോഗ് !



 

Saturday, May 26, 2012

God's Own People !

നാട്ടില്‍ പോകാന്‍ വേണ്ടി ലീവ് ചോദിക്കാന്‍ മാനേജര്‍ഉടെ കാബിനില്‍ ഇരിക്കുമ്പോള്‍ അയാള്‍ വാചാലനായിരുന്നു

"You know my native place  is one of the most beautiful places in earth with its lush green paddy fields , vast back waters , high mountains and numerous rivers and unique vegetation . It has an important place in world tourist map and rightly called "Gods own country ". Also i am dying to  see my sweet parents  !

യാത്രക്ക് വേണ്ടി പായ്ക്ക് ചെയ്യുമ്പോള്‍ സുഹൃത്തിനോട്‌ അയാള്‍ ഓര്‍മ്മകള്‍ അയവിറക്കി

"നീണ്ട വരാന്തയുള്ള തറവാട്ട്‌ വീട് , വരാന്തയിലേക്കും വിശാലമായ മുറ്റത്തെക്കും പടര്‍ന്നു പന്തലിച്ചു നില്‍കുന്ന മൂവാണ്ടന്‍ മാവ് . വരാന്തയില്‍ കിടന്നാല്‍ ഏതു നട്ടുച്ചക്കും കുളിരാണ് . വിശാലമായ പറമ്പിന്റെ വടക്കേ അതിരില്‍ നെല്‍ പാടം,  വേനല്‍ കാലം മുഴുവന്‍ കൊയ്ത്തു തിരക്കാണ് , എന്തിനു ,സ്വന്തം പാടത്തു വിളഞ്ഞിരുന്ന അരി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു വീട്ടില്‍  . പറമ്പിന്റെ പടിഞ്ഞാറെ മൂലയോട് ചേര്‍ന്ന് കുളം , അച്ഛന്റെ കയ്യില്‍ കിടന്നു നീന്തല്‍ പഠിച്ച , കൂട്ടുകാരോട് ചേര്‍ന്ന്  മണിക്കൂറുകള്‍ കുത്തിമരിയാറുള്ള പടിഞ്ഞാറെ കുളം . ഇടിച്ചക്ക മുതല്‍ തുടങ്ങി , ചക്കക്കറി, ചുട്ട ചക്കക്കുരു , ചക്കപ്പായസം,ചക്ക ആലുവ ,  അമ്മയുടെ സ്പെഷ്യല്‍ ചക്ക വരട്ടിയത് എന്നിങ്ങനെഉള്ള ചക്ക വിഭവങ്ങള്‍ തരുന്ന വടക്കേ മുത്തശ്ശി പ്ലാവ് .... അങ്ങനെ അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ തീരില്ല !"



******************************************************************************


വരാന്തയില്‍ ഇരുന്നു മുന്നിലുള്ള കടലാസുകളില്‍ ഒപ്പിടുമ്പോള്‍ എതിരെ ഇരുന്ന റിയല്‍ എസ്റ്റേറ്റ്‌ എജെന്റ് ബിസിനസ്‌ പ്ലാനുകളില്‍ കത്തിക്കയരുക ആയിരുന്നു

"പറമ്പിലെ മാവും പ്ലാവും മറ്റു പാഴ് മരങ്ങളും മുറിച്ചു കളയണം , ഇപ്പോള്‍ വീടിരിക്കുന്നിടതാണ്  12 നിലയുള്ള ഫ്ലാറ്റ് വരാന്‍ പോകുന്നത് , പടിഞ്ഞാറേ സൈഡ് ഇല്‍ ഉള്ള കുളം  ഒരു എന്പതു ലോഡ് ചെമ്മന്നും ഒരു JCB ഉം ഉണ്ടേല്‍ രണ്ടു ദിവസത്തെ പണിയെ ഉള്ളു . പിന്നെ നെല്പാടം നികത്താന്‍ സ്റ്റേ ഉള്ളത് കൊണ്ട് ആദ്യം അത് കുഴിച്ചു മീന്‍ വളര്‍ത്തല്‍ തുടങ്ങും . അപ്പൊ Lake side Apartments എന്ന് പരസ്യവും കൊടുക്കാം , പിന്നേ ഒരു രണ്ടു വര്ഷം കഴിഞ്ഞു അത് നികത്തി നമ്മുടെ ഫേസ് ടു അവിടെ പണിയാം "

******************************************************************************

യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് വന്ന സുഹൃത്തിനോട്‌ അയാള്‍ ഓര്‍മിപ്പിച്ചു
"നീ പറഞ്ഞ എറണാകുളത്തുള old age home ഒന്ന് അന്വേഷിച്ചു പറയണേ ,പാരെന്റ്സിനെ അവിടേക്ക് മാറ്റിയാല്‍ തലവേദന തീര്‍ന് !"

Sunday, December 25, 2011

ज़िन्दगी ना मिलेगी दुबारा ... ഹും ഓരോ ഗുലുമാല് !!

ക്ടും, ക്ടും .വ്രൂം വ്രൂം ..... അടിവയറ്റില്‍ നിന്നും ഒരു ആളല്‍ .. വല്ല കാറിലോ ബസ്സിലോ പോകുമ്പോള്‍ ആണ് ഈ ശബ്ദം കേട്ടിരുന്നേല്‍ ആക്സില്‍ ഓടിഞ്ഞെന്നോ , ക്ലച് തെഞ്ഞതാനേന്നോ വച്ച് സമാധാനിച്ചു ഇറങ്ങി നോക്കാമായിരുന്നു , ഇത് അത് വല്ലതും ആണോ .. കേറി ഇരിക്കുന്ന വിമാനം ആണ് റണ്‍ അപ്പ്‌ പകുതി മുക്കാലും കഴിഞ്ഞിട്ട് ഈ ശബ്ദങ്ങളും കേള്‍പിച്ചു സ്ലോ ചെയ്തു കൊണ്ടിരികുന്നത് .......

ഹും  കപ്പലണ്ടിയും കൊറിച്ചു , ലിവിംഗ് റൂമില്‍ കിടക്കയും കൊണ്ടിട്ടു  മൂടിപുതച്ചു   സിനിമ കണ്ടു കൊണ്ടിരികേണ്ട ഞാന്‍ ഇതിനു പോകേണ്ട വല്ല കാര്യവുമുണ്ടോ ?... അല്ല എല്ലാത്തിനും കാരണം ഒരു സിനിമ തന്നെ ആണേ , ഹൃതിക് റോഷനും , ഫര്‍ഹാന്‍ അക്തറും അഭയ് ഡിയോള്‍ ഉം കൂടി  ജീവിതം ഇനി രണ്ടാമത് കിട്ടില്ല എന്ന് പറഞ്ഞു  വിമാനത്തില്‍ നിന്ന് എടുത്തു ചാടാന്‍ പോയപ്പോള്‍ നമ്മളും വിചാരിച്ചു  , ശരിയാണല്ലോ ! അടുത്ത ജന്മം വല്ല പുലി ആയിട്ടോ മാന്‍ ആയിട്ടോ ജനിച്ചാല്‍ വിമാനത്തില്‍ നിന്ന് ചാടാന്‍ പറ്റോ ? അല്ലേല്‍ പിന്നെ വല്ല ബഹിരാകാശതെക്ക് വിടുന്ന  ജീവി വല്ലോം ആകണം ... ....ഓ അതൊക്കെ  വലിയ ബുദ്ധിമുട്ടാനെന്നെ

പക്ഷെ ഹൃതിക് റോഷന്‍ ചാടുന്നു എന്ന് വച്ച് നമുക്ക് ചാടാന്‍ വയ്യാലോ ..... ശങ്കര കോളേജിന്റെ  ആറു അടി പൊക്കമുള്ള മതില് ചാടുന്നത് തന്നെ കൂടെ ഉള്ള ഗജകേസരികളുടെ ഇടയില്‍ മാനം പോകാതിരിക്കാന്‍ ഉള്ള ജീവന്മരണ പ്രശ്നം ആയതു കൊണ്ടാണ് അതും കണ്ണടച്ച് ഹനുമാന്‍ സ്വാമിയേ മനസ്സില്‍ ധ്യാനിച്ച്  !, അങ്ങനെ ഉള്ള ഞാന്‍ ആണ് വിമാനത്തില്‍ നിന്ന് ചാടുന്നത് !

അങ്ങനെ ആഗ്രഹം ഉണ്ടേലും മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരികുമ്പോള്‍  ആണ് അടുത്ത കൊട്ട് , FB il ശ്രേയയുടെ അപ്ഡേറ്റ് !
"ज़िन्दगी ना मिलेगी दुबारा - My first sky dive"

ഓ പറയാന്‍ വിട്ടു  പോയി, ശ്രേയ , കൂടെ വര്‍ക്ക്‌ ചെയ്യുന്ന , ഞങ്ങള്‍ സ്ഥിരമായി വായിനോക്കുന്ന തെലുഗു ദേശത്തിന്റെ മുത്ത്‌   .. സ്ഥിരമായി എന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല ,വേറെ കാണാന്‍ കൊള്ളാവുന്ന പെമ്പില്ലെര്‍ ഇല്ലാത്തതു കൊണ്ടാണ് ....ഹോ ഇവള്‍ക് ഇത്ര ഗട്സ് ! എന്ന് വിചാരിച്ചു ഒരു congrats FB യില്‍ കൊടുത്തു  ക്ളോസ് ചെയ്യാന്‍ നോകുമ്പോള്‍ ദാ  പിന്നില്‍ നിന്നും കിളിക്കൊഞ്ചല്‍
"You see my photos? it was an awesome experience, did u ever done a sky dive"?

പണ്ടാരക്കാലത്തി , ഞാന്‍ ഒരു congrats  തന്നില്ലേ , എന്നിട്ടും എന്നോടെന്തിന് ഈ മാതിരി ബുദ്ധിമുട്ടിക്കുന്ന ചോദ്യം ! പിന്നെ  കൊക്ക് എത്ര കൊളം കണ്ടിരിക്കുന്നു എന്ന് മനസ്സിലോര്‍ത്തു ചുമ്മാ കാച്ചി 

"No ,actually i was planning to go this month but my friends are bit scared you know, so we postponed "

കൂട്ടുകാരെ നിങ്ങള്‍ ഇതിനു എന്നോട് ക്ഷമിക്കും എന്നറിയാം.. എങ്ങനേലും  മാനം കളയാതെ രക്ഷപ്പെടെണ്ടേ ! പക്ഷെ ലവള് ഇതും ഇതിന്റെ അപ്പുറവും കണ്ടതാ , ലവളുടെ അടുത്താ  കളി !

" Oh, i was also looking for company , i  love to go once more , do u want to come with me?"

ശെടാ മാരണം ഒഴിഞ്ഞു പോണില്ലല്ലോ , കാര്യം ഒരു കാണാന്‍ കൊള്ളാവുന്ന പെണ്ണ് ഇങ്ങനെ വിളികുമ്പോള്‍ വേണ്ട എന്ന്  പറയാന്‍ ബുധിമുട്ടാനെകിലും , 10-10000 feet ഉയരം ആലോചികുമ്പോള്‍ എന്തിനേം വേണ്ടെന്നു പറയും... ബുദ്ധിമുട്ടി ആണെങ്കിലും നമ്മള്‍  ഊരി പോന്നു

"I would love to come with u, but i already promised with my friends . we are going next month "


അതില്‍ പിന്നെ ലവളെ കാണാതെ ഒളിച്ചും  പാത്തുമാ നടപ്പ്  , അങ്ങനെ ഇരികുമ്പോ ആണ് ഓഫീസില്‍ തൊട്ടു അപ്പുറത്ത് ഇരിക്കുന്ന സുനില്‍ ഒരു ഡീല്‍ കൊണ്ട് വന്നത്

"ഡേയ് skydive വെറും 100 $ ,പോയാലോ  ? "

ബാക്കി എന്ത് ഡീല്‍ ആയാലും ഞാന്‍ ചാടി വീണേനെ . പക്ഷെ ഇത്.. ഹും , ഞാന്‍ കേട്ടിട്ടില്ലേ ..
പക്ഷെ ഉടനെ കാര്യമായി സ്ക്രീനില്‍ നോക്കി  പണി എടുതുകൊണ്ടിരിക്കയായിരുന്ന മഹേഷ്‌ ചാടി വീണു

"കൊള്ളാമല്ലോ ഡേയ് ബാലു  നമുക്ക് പോയാലോ ?"

ശെടാ ഇവന്‍ പണി എടുക്കയായിരുന്നോ , നല്ല concentration , ഇത്ര പെട്ടെന്ന് എങ്ങനെ ചാടി വീണു !

എങ്ങനേലും ഒഴിയണം  " ഓ ഇത് ഒരു challenge ഇല്ലെടെ  , ചുമ്മാ വിമാനത്തില്‍ നിന്ന് ചാടുകല്ലേ " പിന്നെ എനിക്ക് ഈ hight  അത്ര ഇഷ്ടമല്ല !

പക്ഷെ സുനില്‍ വിടാന്‍ ഭാവമില്ല
" അത്രേം challenge ഒക്കെ  മതി , നീ അല്ലെ പറഞ്ഞതു കഴിഞ്ഞ പ്രാവശ്യം rafting പോയപ്പോ challange ഇല്ലെന് , എന്നിട്ട് ഫോട്ടോയില്‍ കരഞ്ഞു വിളികുന്നത് ഞങ്ങള്‍ കണ്ടു . പിന്നെ hight , എനിക്ക്  പേടി ഉണ്ടായിരുന്നു പണ്ട്  , കൊറേ hight  ഉള്ള സ്ഥലത്ത് പോയാലെ ആ പേടി പോകു  !"

എന്തിനധികം പറയുന്നു അവസാനം ഞങ്ങള്‍ മൂന്ന് പേരും പോകാം എന്ന് തീരുമാനിച്ചു . പിന്നെ വേറെ ആരേലും കിട്ടുമെങ്കില്‍ കൂടെ കൂട്ടാം  എന്ന് വിചാരിച്ചു എല്ലാവന്മാരേം പിടിക്കാന്‍ ഇറങ്ങി . പക്ഷെ അപ്പോളാണു മനസ്സിലായത് നമ്മളെക്കാളും കഷ്ടം ആണ് ബാക്കി ഉള്ളവന്മാര്‍ എന്ന് .. എന്നാലും ഓരോരുത്തരും വേറെ വേറെ കാരണങ്ങള്‍ ആണേ പറയുന്നത്

മനു : "i would have come if it was 6 months back , now i got married dude"  ...ഈ കല്യാണം കഴിച്ചവന്മാര്‍ വിമാനത്തില്‍ നിന്ന് ചാടിയാല്‍ താഴെ വരാതെ മോളില്‍ പോകുവോ ആവൊ  !

ബിജു: "i am going to india  after 2 months ,  otherwise i would have come"-----എന്തിരോ ആണോ ആവോ ഇത് രണ്ടും ബന്ധം !

സുരേഷ് :"i was thinking , if something happens ,what will people think ? they will think we are foolish to go for such a sport right? ridiculous !"---- തള്ളെ നമിച്ചു !

അങ്ങനെ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതി മൂവര്‍ സംഘം ചാടാന്‍ ഇറങ്ങി ..skydive സെന്റെറില്‍ ചെന്നപ്പോള്‍ മുന്നില്‍  തന്നെ തൂക്കി  ഇട്ടിരിക്കുന്നു ഒരു ചാര്‍ട്ട് , അതായത് adventure sport risk  percentage  , ഏറ്റവും കൂടുതല്‍ ഇതിനാനത്രെ 
4 % ! അതായത് നൂറില്‍ നാല് പേര്‍ കാഞ്ഞു പോകും എന്ന് !!! ഞാന്‍ സുനിലിനെ നോക്കി , ഹും ഒരു ഭാവവ്യത്യാസവും ഇല്ല ! ഓഹോ അങ്ങനെ എങ്കില്‍ അങ്ങനെ.

സെന്റര്‍ ഇല്‍  ചെന്നപ്പോലെ അവര്‍ കൊറേ disclaimer  ഒക്കെ ഒപ്പിട്ടു വേടിച്ചു , അതായതു  എങ്ങാനും വീണു കാഞ്ഞു പോയാലും അവര്‍ ഉത്തരവാദികള്‍ അല്ലെന്നു . ഒപ്പ് വാങ്ങാന്‍ കാത്തു നിന്ന മദാമ്മ ചോദിച്ചു , 10 $ കൂടുതല്‍ തന്നാല്‍ കൊറേ കൂടി ഉയരത്തില്‍ കൊണ്ട് പോകാം !. ആഹ നമ്മുടെ അടുത്താ കളി , ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറുക തന്നെ  , കൂടെ നിന്നവരെ ഒന്ന് പുച്ചിച്ചു നോക്കി പറഞ്ഞു

" oh yea ofcourse,  i love hights "


അങ്ങനെ ആണ് ഈ മാരണത്തില്‍ വന്നു കേറുന്നത് , വിമാനത്തിന്റെ മൂളലും കുരുക്കവും കേട്ടപ്പോള്‍ , മൊത്തം ചരിത്രവും തലയില്‍ കൂടെ rewind  അടിച്ചു വന്നു .

ഏതായാലും വിമാനത്തിന്റെ കരച്ചിലും മൂളലും കേട്ടപ്പോള്‍ പൈലറ്റ്ഇന്റെ കൂടെ ഉണ്ടായിരുന്ന സഹപൈലറ്റ് ഇറങ്ങി നോക്കിയിട്ട് പറഞ്ഞു ,

'  Engine സര്‍വീസ് ചെയ്യാന്‍ ടൈം ആയി , കുഴപ്പമില്ല ഇന്ന് കൂടി  ഓടിയേക്കും '

അതായത് ചാവാറായ  engine വച്ചാണ് നമ്മള്‍ പറക്കാന്‍ പോകുന്നത് എന്ന് !. പണ്ട് ലങ്കയിലേക്ക് ചാടിയോ പറന്നോ എത്തിയിട്ടുല്ലതുകൊണ്ടാണോ എന്നറിയില്ല ആദ്യം മനസ്സില്‍ വന്നത് ഹനുമാന്‍ സ്വാമി ആണ്

"എന്റെ  ഹനുമാന്‍ സ്വാമി എന്നെ കാത്തോലനെ  !"

അങ്ങനെ മുക്കിയും മൂളിയും നമ്മുടെ ശകടം പറന്നു പൊങ്ങി , ഓരോ  5  മിനിറ്റ്ഇനും    കൂടെ ഉള്ള ഗൈഡ് hight പറഞ്ഞു കൊണ്ടിരുന്നു 2000 , 3000 , 4000 , .....8000 ഇത്രയും ആയപ്പോള്‍ സഹികെട്ട് ചോദിച്ചു 
"അല്ല ചേട്ടാ നമ്മള്‍ എത്ര ഉയരത്തിലേക്ക്  ആണ് പോണേ ?"

കൂടെ ഉണ്ടായിരുന്ന ഗൈഡ് altimeter നോക്കി വളരെ സിമ്പിള്‍ ആണെന്നുള്ള ഭാവത്തോടെ പറഞ്ഞു " നിങ്ങള്‍ ഏറ്റവും ഉയരത്തില്‍ ആണ് ബുക്ക്‌ ചെയ്തിരികുന്നത് 14000 ഫീറ്റ്‌"

ഓഹോ 10 $ കൊടുത്തു ഏറ്റവും ഉയരത്തില്‍ ആക്കിയത് ഞാന്‍ തന്നെ ആണല്ലോ ! .വിനാശകാലേ വിപരീത ബുദ്ധി !
 
വിമാനം 10000 feet എത്തിയപ്പോള്‍ പെട്ടെന്ന് ആകെ ഒന്നുലഞ്ഞു , വിമാനം ഒരു വശത്തേക്ക് ചെരിഞ്ഞു , അടിവയറ്റില്‍ നിന്ന് പെട്ടെന്ന് ഒരു ആളല്‍ , ആകെ ഉണ്ടായിരുന്ന ധൈര്യവും അതോടെ പോയി . എങ്കിലും പരമാവധി ധൈര്യം സംഭരിച്ചു കൂടെ ഉണ്ടായിരുന്നവന്മാരെ നോക്കി , മഹേഷിന്റെ മുഖം കാണാന്‍ പറ്റുന്നില , സുനില്‍ ആണേല്‍ കല്ലിനു കാറ്റ് പിടിച്ച പോലെ ഇരിക്കുന്നു !. ഹോ ഇവന്മാരുടെ ഒരു ധൈര്യം എന്ന് വിചാരിച്ചു തിരിയാന്‍ നോക്കുമ്പോ., സുനില്‍ തല ചെരിച്ചു ഒരു ചോദ്ദ്യം

"അളിയാ എന്റെ മുഖം കണ്ടാല്‍ പേടിച്ചിട്ടാണെന്ന് തോന്നില്ലല്ലോ അല്ലെ ?"

ആഹ അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍ അല്ലെ ! കൊള്ളാം


ഇത്രയും ആയപ്പോള്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു , ഇവന്മാരോട് പറഞ്ഞു എങ്ങിനെ എങ്കിലും ചാടാതെ രക്ഷപെടാന്‍ നോക്കാം

"എന്താണെന്നു അറിഞ്ഞു കൂടാ പെട്ടെന്ന് ഒരു പേടി , എനിക്ക് ചാടാന്‍ വയ്യ " ഞാന്‍ കൂടെ ഉണ്ടായിരുന്ന ഗൈഡ്ഇനോട് പറഞ്ഞു .

ഗൈഡ് കൂടെ ഉണ്ടായിരുന്ന സഹായിയെ നോക്കി പറഞ്ഞു " ഇയാള്‍ക് ചാടാന്‍ വയ്യ എന്നാ പറയുന്നേ , എങ്കില്‍ പിന്നെ ചാടേണ്ട അല്ലെ? "

ഹോ എനിക്ക് പകുതി ജീവന്‍ വന്നു

സഹായി തലയാട്ടിക്കൊണ്ട് പറഞ്ഞു "ഓ എങ്കില്‍ ചാടേണ്ട , നമ്മള്‍ക്ക് തള്ളിയിടാം "

മനുഷ്യന്‍ പേടിച്ചു പകുതി ജീവന്‍ പോയി നില്‍കുമ്പോള്‍ ആണ് അവന്റെ ഒരു തമാശ


ആലോചിച്ചു തീരുമ്പോലേക്കും പൈലറ്റ് വിളിച്ചു പറഞ്ഞു 14000  feet !

കണ്ണടച്ച് തുറക്കുമ്പോലെക്കും വിമാനത്തിന്റെ വാതില്‍ തുറക്കുന്നു ഒരു ക്യാമറ മാന്‍ താഴേക്ക്‌ കുതിക്കുന്നു അതിന്റെ പിന്നാലെ മഹേഷും അവന്റെ ഗൈഡ്ഉം  ദാ താഴേക്ക്‌ !
ശൂം , എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു , അടുത്തത് എന്റെ ഊഴം ആണ്

ഇപ്പൊ ചാടണം എന്ന് ചിന്തിക്കുമ്പോലെക്കും ദാ ഞാന്‍ വിമാനത്തിന്റെ വാതിലില്‍ താഴേക്ക്‌ നോക്കിക്കൊണ്ട്‌ നില്കുന്നു !.. താഴെ ഒരു പൊട്ടു പോലെ airstrip , അങ്ങ് ദൂരെ Atlanta downtown buildings 

smile please എന്ന് പറഞ്ഞു കൊണ്ട് ദാ ക്യാമറയും പിടിച്ചു മദാമ്മ ചാടി കഴിഞ്ഞു , പിന്നാലെ ദാ ഞാനും ഗൈഡ്ഉം  വായുവില്‍ !

കുറച്ചു വൈകിട്ടാനെങ്കിലും ഞാന്‍ വായുവില്‍ ആണെന്ന് തിരിച്ചരിഞ്ഞപ്പോലേക്കും, മനസ്സറിഞ്ഞു വിളിച്ചു

" വായുപുത്രാ ഞാന്‍ അങ്ങ് വരുന്നേ പിടിച്ചോലനെ "

പക്ഷെ ആദ്യത്തെ പേടി തീര്നപ്പോള്‍ പിന്നെ അതൊരു സംഭവം ആയിരുന്നു, ഈ ലൈഫ് ടൈം എക്സ്പീരിയന്‍സ് എന്നൊക്കെ പറയുന്നത് ശരി ആണ് കേട്ടാ !.14000 അടി ഉയരത്തില്‍ നിന്ന് ഫ്രീ ഫാള്‍ ,എന്റെ 59 കിലോ സീറോ ആയതു പോലെ ,  താഴെ ചെറിയ പൊട്ടു പോലെ ഞങ്ങള്‍ വന്ന airstrip , കൊറേ ദൂരെ ഏതോ വലിയ മലനിരകള്‍ , ചെവിട്ടില്‍ ഒരു മൂളല്‍ മാത്രം പ്രഷര്‍ differnce കൊണ്ടാണെന്ന് തോന്നുന്നു, ദൂരെ Atlanta downtown വലിയ വലിയ buildings . കൂടെ ചാടിയ ക്യാമറ മദാമ്മ ഫോട്ടോക്ക് പോസെ ചെയ്യാന്‍ ആംഗ്യം കാണിച്ചു കൊണ്ടിരിക്കുന്നു ,എല്ലാം നമ്മള്‍ താഴേക്കു വീണു കൊണ്ടിരിക്കുമ്പോള്‍ ആണ് കേട്ടോ , അതിന്റെ കൂടെ ഗൈഡ് കയ്യിന്റെ കാലിന്റെം position ഒക്കെ മാറ്റി കൊറേ അഭ്യാസം കാണിക്കുന്നുണ്ട് . 

ഒരു 30 സെക്കന്റ്‌ കഴിഞ്ഞപ്പോലെകും ഞങ്ങള്‍ parachutte നിവര്‍ത്തി , പിന്നെ parachute  വച്ചിട്ടുള്ള അഭ്യാസങ്ങള്‍ , ഓരോ സൈഡ് ലൂസ്‌ ചെയ്തും tight ചെയ്തും ആണ് parachute നിയന്ത്രിച്ചു   navigate ചെയ്യുന്നത് .  ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോളെക്കും ഞങ്ങള്‍ ഞങ്ങളുടെ airstrip ഇന് അടുത്തുള്ള landing സ്പോട്ടില്‍  വന്നിറങ്ങി .


വീഡിയോ എടുത്തുകൊണ്ടിരുന്ന മദാമ്മ ചോദിക്കുന്നു 
"how is your skydive experience?"

മനസ്സറിഞ്ഞു തന്നെ പറഞ്ഞു " കൊള്ളാം കിടിലം !"


"So you will come next time also?"


മദാമ്മേ ഒന്ന് കൂടി വരാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല , ഈ പ്രാവശ്യം ആഞ്ജനേയന്‍ കാത്തു , എല്ലാ പ്രാവശ്യവും അങ്ങേരോട് ചോദിക്കാന്‍ പറ്റോ? എല്ലാത്തിനും ഒരു ലിമിറ്റ് ഇല്ലേ ?

പിന്നെ മദാമ്മയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി തട്ടിവിട്ടു
"Definitely ,  see you next time "

അങ്ങനെ വിജയകരമായി skydive പൂര്‍ത്തിയാക്കി  വീട്ടിലേക്ക്‌, drive ചെയ്യുമ്പോള്‍  കൈയ് ചെറുതായ് വിറക്കുന്നു എന്നാലും മനസ്സില്‍ വിചാരിച്ചു , ഫര്‍ഹാന്‍ അക്തര്‍  , എന്തായാലും താങ്കളുടെ സിനിമ കാരണം skydive അവസാനം ഞാന്‍ ചെയ്തു , കൊറച്ചു നന്ദി അങ്ങോട്ടും തരാം , പക്ഷെ ഇനി ഇങ്ങനെ പ്രലോബിപ്പിക്കരുത്  കേട്ടോ !

Saturday, September 10, 2011

അഖില ലോക ബാച്ചിലര്‍ ഫോറം സിന്ദാബാദ്‌ !!

അഖില ലോക ബാച്ചിലര്‍ സഖാക്കളേ നിങ്ങള്ക് അഭിവാദ്യങ്ങള്‍ !!!! നമ്മുടെ സമത്വ സുന്ദര ലോകം ഒരു വലിയ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുനത് . വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നമ്മളെ എത്രയും വേഗം ഉന്മൂലനം ചെയ്യാന്‍ ഉള്ള വളരെ അസ്സൂത്രിതമായ ഒരു ഗൂഢാലോചന ആണ് ഇപ്പോള്‍ ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്നുത് .എല്ലാ വിധ പത്ര,ടെലിവിഷന്‍ , ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളും നമ്മുടെ എതിരാളികള്‍ കയ്യടകി കഴിഞ്ഞു . വളരെ വ്യവസ്ഥാപിതമായ പ്രചാരനതിലൂടെ നമ്മളെ കീഴടക്കാന്‍ ആണ് അവരുടെ തീരുമാനം ....
കാലത്ത് എണിറ്റു ടീവിയില്‍ ന്യൂസ്‌ കാണാന്‍ ഇരുന്നാല്‍ കാണുന്നത് 28 വയസ്സായിട്ടും(ഹോ വയസ്സന്‍ ആയി !) കല്യാണം കഴിക്കാതെ ഇരിക്കുന്ന മകനെ ഓര്‍ത്തു കണ്ണീര്‍ ഒഴുകുന്ന അമ്മയുടെ സന്താപ നിര്‍ഭരമായ സീരിയല്‍ പരസ്യം...ഓഹോ എങ്കില്‍ പിന്നെ നമ്മള്‍ ബാച്ചികളുടെ ഒഫീഷ്യല്‍ പാസ്‌ ടൈം ആയ ക്രിക്കറ്റ്‌ കാണാം എന്ന് വച്ചാല്‍ ഏതോ മദാമ്മ പെണ്ണിന്റെ 10 തലമുറ അപുറത്തു ഒരു ഇന്ത്യന്‍ NRI ആണെന്ന് കണ്ടെത്തുന്ന bharatmatrimony പരസ്യം (i am Amy, Amritha sharma , my father is a doc in NY!! LOL!)....

ഇതുകൊണ്ടൊന്നും എന്നെ തോല്പിക്കാന്‍ നോക്കേണ്ട എന്ന് വച്ച് facebookil കേറിയാലോ നമ്മുടെ കൂടെ ഇന്നലെ വരെ എകലോക മുദ്രാവാക്യം വിളിച്ചു നടനിരുന്ന പല സഖാക്കളും ഒരു ലൈന്‍ അപ്ഡേറ്റ് " guys i am happy to let u know that i am engaged to so and so girl wish me good luck! " ഒരു engagement ഫോട്ടോയും ...പിന്നെ, നിങ്ങള്‍കൊക്കെ വിഷ് ചെയ്യാം, വിമാനത്തില്‍ നിന്ന് parachute ഇല്ലാതെ ചാടിയിട്ടു പറയുക ഞാന്‍ സേഫ് ആയി ലാന്‍ഡ്‌ ചെയ്യാന്‍ പ്രാര്‍ത്ഥിക്കണേ എന്ന് .. grrr

ഇങ്ങനെ ഉള്ള കരിങ്കാലി സഖാകളെ ഇഗ്നോര്‍ ചെയാം എന്ന് വച്ചാലും , ഭാക്കി കൊറേ അപ്ഡേറ്റ് "my 10th aniversary is today" " me and my honey in Smokey Mountains "........തോല്കില്ല ഇതുകൊണ്ടൊന്നും ഈ അഖില ലോക ബാച്ചിലര്‍ ഫോറം തോല്കില്ല .

ഇനി ഇതും പോരാഞ്ഞു വീടുകാരെ വിളിച്ചു വിശേഷം ചോദിക്കാം എന്ന് വച്ചാലോ , ആദ്യത്തെ ചോദ്യം തന്നെ ഒരു 100kg വെയിറ്റ് ഉള്ളതു " എന്താണ് നിന്റെ ഫുചാര്‍ പ്ലാന്‍? , നീ അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഒരു സോളിഡ് ആന്‍സര്‍ വേണം " എന്റമ്മോ ഈ ചോദ്യം ഉണ്ടല്ലോ വളരെ tricky ആണ് , പണ്ടത്തെ ഫോര്‍ഡ് മോട്ടോര്‍സ് ഇന്റെ ഒരു ad ഉണ്ട് " u can choose any color but it should be black!" അതായതു കൊറേ options തരും പക്ഷെ ഞങ്ങള്‍ ഒരു തീരുമാനം എടുക്കാം നീ yes പറഞ്ഞാല്‍ മതി എന്ന്.....


ഇനി ഇപ്പൊ അതിനെയും അതിജീവിച്ചു ജിമെയില്‍ നോക്കാം എന്ന് കരുതി ലോഗിന്‍ ചെയ്താലോ അതിലും ഒരു 10 മെയില്‍ "u have 5000 matches for your pfofile in xxxmatrimony.com" video chat with ur future partner at our mega sponsor event " .... മടുത്തു ജീവിതം മടുത്തു , ഇനി ജോലിയില്‍ ശ്രദ്ധ കേന്ദ്രിക്കാം എന്ന് വച്ചാലോ എന്ന് കരുതി ഓഫീസ് ലാപ്ടോപില്‍ ലോഗിന്‍ ചെയ്‌താല്‍ ഫസ്റ്റ് മെയില്‍ ഇങ്ങനെ

"We care for our employees , add your life partner in our comprehensive coverge plan and u will get 100$ discount "

Knokout !! അന്ജനെയാ ശക്തി തരൂ !!!

ഇത്രയും organized ആയ ഒരു campaign തോല്പിക്കാന്‍ നമ്മള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു സഖാക്കളേ , സംഘടിത ശക്തി മാത്രമേ നമ്മളെ ഇതിനെതിരെ പോരാടാന്‍ പ്രാപ്തരാക്കൂ ...

ജയ്‌ അന്ജനെയാ , അഖില ലോക ബാച്ചിലര്‍ ഫോറം സിന്ദാബാദ്‌ !!!



Sunday, June 26, 2011

സത്യമേവ ജയതേ !

ആലോചിച്ചു ! നിന്നും ഇരുന്നും കിടന്നും ആലോചിച്ചു , എന്തിനു കുളിക്കാന്‍ ഷവറിന്റെ അടിയില്‍ നില്‍കുമ്പോള്‍ പോലും ആലോചിക്കുകയായിരുന്നു , അവസാനം തീരുമാനിച്ചു . മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ !

ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു കുത്ത് , എല്ലാവരോടും, പ്രതേകിച്ചു മുതിര്‍ന്നവരോട് പറഞ്ഞ് അഭിപ്രായം ചോദിക്കണ്ടേ . അപ്പുറത്ത് ഇരുന്നിരുന്ന ടെക് ആര്‍ക് സുനിലിനോട് പറഞ്ഞു  " ഒരു മുഖമുഖം ഉണ്ട് " .
"അപ്പൊ നീ അത് പ്രൊസീഡ് ചെയ്യാന്‍ തീരുമാനിച്ചോ , കഴിഞ്ഞ ആഴ്ച രണ്ടും ഇരുന്നു കുരുങ്ങുന്നത് കണ്ടപ്പോളേ  ഞാന്‍ വിചാരിച്ചിരുന്നു " സുനിലിന്റെ മുഖത്തു അദ്ബുധവും ആശ്ചര്യവും !


മുഖം തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ നിറയെ കുരുക്ഷേത്ര ഭുമിയില്‍ നില്‍കുന്ന യുധിഷ്ടിരന്‍ ആയിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങുമ്പോള്‍  പിറകില്‍ കേട്ട സുനിലിന്റെ സ്വരത്തില്‍ ഒരു ആകുലത ഉണ്ടായിരുന്നു  "കാണാന്‍ കൊള്ളാം, സ്മാര്‍ട്ട്‌ ആണ് , എങ്കിലും രണ്ടു സംസ്കാരങ്ങളില്‍ വളര്‍ന്നവര്‍ ആണെന്ന് എപ്പോളും ഓര്‍ത്തിരിക്കണം "!

എല്ലാ വെള്ളിയാഴ്ച വൈകിട്ടും  പതിവായി ഉണ്ടാവാറുള്ള പാര്‍ടിയില്‍ നിന്നും ഒഴിവു പറഞ്ഞപ്പോള്‍ ടീമിലുള്ളവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു " ടീമിലെ ഒരേ ഒരു 'സിംഗിള്‍' പയ്യന്‍ , വല്ല ടിപ്സ് വേണേല്‍ പറ , ഞങ്ങളോ കെട്ടിപ്പോയി ഇനി ഒന്നും നടക്കില്ല ".

മൂന്നാമത്തെ ആഴ്ചയില്‍ കമ്പനിയില്‍ നിന്ന് രാജി വച്ച് ഇറങ്ങുമ്പോള്‍ സുനിലിന്റെ പരിഭവം  "എന്നാലും ഒരു വാക്ക് നേരത്തെ പറഞ്ഞില്ല !" .   "ഒരു ഹിന്റ് എങ്കിലും തരാമായിരുന്നു !" ,ടീമില്‍ ഉള്ളവരുടെ പരാതി

നേരത്തെ പറഞ്ഞില്ല അത്രേ , കമ്പനി ചാടാന്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിന്റെ എല്ലാ അപ്ഡേറ്റ്ഉം അപ്പപ്പോ അറിയിച്ചിരുന്നതാ , അതൊക്കെ സ്ഥിരമായി ഫുഡ്‌ കഴിക്കാന്‍ പോകുന്ന ഹോട്ടലില്‍ ഉള്ള ജപ്പാന്‍ പെണ്‍കുട്ടിയെ ലൈന്‍ അടിക്കുന്നതിന്റെം ഡേറ്റ് ചെയ്യുന്നെന്റെം  അപ്ഡേറ്റ് ആയി കണ്ടത് എന്റെ തെറ്റാ ?

കാപട്യങ്ങളുടെ ഈ ലോകത്തില്‍ സത്യം പറയുന്ന ഒരു മനസ്സുണ്ടായിപ്പോയതാണ് എന്റെ തെറ്റ് !

നേരത്തെ പറഞ്ഞില്ല അത്രേ! ഹും !

Saturday, April 23, 2011

ഒരു സ്കോച്ചും നാല്‍പ്പത്തഞ്ചു പേരും

"ചാലക്കുടി കപ്പു തിരിച്ചു പിടിച്ചു "  ഈ വാര്‍ത്ത‍ കേട്ടാല്‍ ചാലക്കുടി വല്ല ഫുട്ബോള്‍ കപ്പ്‌ ജയിച്ചതാനെന്നോ അല്ലെങ്കില്‍ യുവജനോത്സവത്തില്‍ ഓവരോല്‍ പട്ടം നേടിയെന്നോ ഒരു മാതിരിപ്പെട്ട മലയാളികള്‍ ഒന്നും കരുതില്ല. പിന്നെ ? ഈ കപ്പു മലയാളികള്‍ക്ക് വെള്ളതിനെക്കാള്‍ പ്രിയങ്കരമായ "വെള്ളം " ഏറ്റവും ചിലവായതിനാണ് !.

എന്‍റെ അമ്മൂമ്മ അടുത്ത വീട്ടിലെ ചേട്ടന്റെ ജാതകക്കുറിപ്പ് ഇനെ കുറിച്ച് പറയുമായിരുന്നു , ജാതകം വായിച്ച ജ്യോതിഷി പറഞ്ഞു " ജാതകന്‍ വെള്ളത്തില്‍ നിന്നും കാശുണ്ടാക്കും എന്നാണു കാണുന്നത് !"  കേട്ടവര്‍ ആകെ അന്തം വിട്ടു ഇനി അങ്ങേര്‍ കടലില്‍ പോയി മീന്‍ പിടിച്ചു കാശു ഉണ്ടാക്കും എന്നാണോ ശോ പോക്കണംകേടു !!!....  അങ്ങേര്‍ ഇപ്പൊ ആരാ ? അബ്കാരി കൊണ്ട്രക്ടര്‍ , അതായത് ഭാരതപുഴയിലെ  വെള്ളം കുറച്ചു സ്പിരിറ്റുംകുറച്ചു കളറും ചേര്‍ത്ത് അങ്ങേര്‍ വില്കുന്നു !!!

മലയാളിക്ക് കുടിവെള്ളം പോലെ പ്രധാനമാണ് ഈ "വെള്ളവും " , കല്യാണമായാലും അടിയന്തിരമായാലും ഇവനെ വിട്ടുള്ള ഒരു കളിയും ഇല്ല  .......

"അളിയാ അവള്‍ എന്‍റെ അപ്പ്ളി തള്ളി, desp! വാ ബാറില്‍ പോകാം "

"മച്ചു ലവള് വീണു, ഇന്ന് celebration ! വാ ബാറില്‍ പോകാം "

"പരീക്ഷ ഊമ്പി അളിയാ , ഒരു കുപ്പി എടുത്തു relax ചെയ്യാം "

"ഡേയ് ഇലക്ട്രോണിക് കേറി , ഇന്ന്  മുല്ലപ്പന്തലില്‍ "

ഇങ്ങനെ ഉള്ള കേരളത്തില്‍ ഒരു തിലകക്കുറി പോലെ ചാലക്കുടി . എന്‍റെ ചാലകുടികാരന്‍ സുഹൃത്ത്‌ പറഞ്ഞ പോലെ

"കഴിഞ്ഞ കൊല്ലം അങ്കമാലി കപ്പ്‌ എടുത്തത്‌ വേറൊന്നും കൊണ്ടല്ല , ചാലക്കുടിയില്‍ ഹര്‍ത്താല്‍ ആയതുകൊണ്ട് പാലം കടന്നു അങ്കമാലിയില്‍ പോയി കുടിച്ചതാ "!!

ഇങ്ങനെ ഉള്ള ചാലക്കുടികും അങ്കമാലിക്കും അടുത്ത്  കിടക്കുന്നത് കൊണ്ട് ഞങ്ങളുടെ കോളേജ്ഉം ഈ കാര്യത്തില്‍ ഒട്ടും പിന്നിലാക്കിയില്ല ...ഹോസ്റ്റലില്‍ ചേര്‍ന് രണ്ടു ദിവസം കഴിഞ്ഞപ്പോളെക്കും ജനറല്‍ ബോഡി മീറ്റിംഗ് .

കൌട്ട എന്ന് വിളിക്കപെടുന്ന സുനില്‍ കത്തിക്കയറുന്നു

"ഭാരതത്തില്‍ innovative ideas  കുറവാണ് അതുകൊണ്ട് തന്നെ ആ ഒരു കുറവ് നികത്തിയെടുക്കാന്‍ ആണ് നമ്മളെ പോലുള്ള കഴിവുള്ള എഞ്ചിനീയര്‍ ശ്രമിക്കേണ്ടത് , "തിങ്ക്‌ ഔട്ട്‌ ഓഫ് ദി ബോക്സ്‌" അതാണ്‌ ഒരു നല്ല എഞ്ചിനീയരുടെ ലക്ഷണം .... നിങ്ങളുടെ ഭാവനയെ കയറൂരി വിടൂ , അവ നമ്മളെ കണ്ടെത്തലുകളിലേക്ക് നയിക്കും ! ഭാവന വളരാന്‍ വേണ്ടി നമ്മള്‍ എന്ത് ചെയ്യണം ?

ഇത്രേം  ആയപ്പോലെക്കും ആവേശം അടക്കാന്‍ കഴിയാതെ പില്‍കാലത്ത് കഞ്ചന്‍ കുമാര്‍ എന്ന് പ്രസിദ്ധിയാര്‍ജിച്ച കുമാര്‍ വിളിച്ചു പറഞ്ഞു

"ഭാവന വളരാന്‍ വേണ്ടി കഞ്ചാവാന് ഏറ്റവും നല്ലത് !"

"അതെ സുഹൃത്തുക്കളെ പക്ഷെ കഞ്ചാവ് നമ്മുടെ സാമ്രാജ്യത്വ സര്‍ക്കാര്‍ നിരോധിചിരിക്കുന്നതുകൊണ്ടും ഏതു സമ്മര്‍ദ്ധ ഘട്ടങ്ങളെയും തരണം ചെയ്യാന്‍ സഹായിക്കുന്നത് കൊണ്ടും  നമ്മള്‍ കുപ്പിയിലേക്ക്‌ ശ്രദ്ധ കേന്ദ്രികരികുന്നു . ഇനിയും സംശയം ഉള്ളവര്‍ക്ക് വേണ്ടി ഞാന്‍ പറയുകയാണ് , നിങ്ങള്‍ മഹാന്മാരെ എടുത്തു നോക്കൂ , ന്യൂട്ടണ്‍ ന്റെ ആ പാതി കൂമ്പിയ കണ്ണുകള്‍ ഒരു "മണവാട്ടി " കസ്ടമരുടെ ആണെന്ന് കൊച്ചുകുട്ടി പോലും പറഞ്ഞു തരും , ഐന്‍സ്ടിന്‍ "പടക്കം " കഴിച്ചു കഴിച്ചു ആണ് ആ കിടിലന്‍ മുടി കിട്ടിയതെന്ന് നമുക്കെല്ലവര്കും അറിവുള്ളതാണ് !   അതുകൊണ്ട് നമ്മള്‍ എല്ലാവരും കുപ്പിഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തു ഭാരതത്തിന്റെ വികസനത്തില്‍ പങ്കാളികള്‍ ആവാന്‍ അഭ്യര്‍ത്ഥിക്കുന്നു !"

അങ്ങനെ പ്രണയം പൊട്ടിയാലും പരീക്ഷ ജയിച്ചാലും പിരിവു എടുത്തു കുപ്പി വാങ്ങി ഞങ്ങള്‍ കേരളത്തിന്റെ പാരമ്പര്യം സൂക്ഷിച്ചു പോന്നു . പക്ഷെ വീട്ടുകാര്‍ക്ക് നമ്മളെ വലിയ വിശ്വാസമായിരുന്നത് കൊണ്ട് കുപ്പിഫണ്ട് മിക്കപ്പോളും തികയാറില്ല , പിന്നെ ജീവിതം തന്നെ ഒരു  വലിയ അഭിനയം ആണെന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് , രണ്ടു പെഗ് അടിച്ചാല്‍ ആറു പെഗിന്റെ കിക്ക് അഭിനയിച്ചു ഞങ്ങള്‍ ഗാപ്‌ അടച്ചു കൊണ്ടിരുന്നു


 ഇത് ഹോസ്റലില്‍ നില്‍ക്കുന്നവരുടെ കാര്യം ,  വീട്ടില്‍ നിന്ന് വന്നു പോകുന്ന ഞങ്ങള്‍ "Day Scholars" എന്ന് വിളിക്കുന്ന പാവങ്ങള്‍ ഇതിലൊന്നും ,പെടാത്തതുകൊണ്ട് , ഭാവന ഇല്ലാത്ത അവരെ വെറും രണ്ടാം തരക്കാര്‍ ആക്കി  ഫ്രന്റ്‌ ബെഞ്ചില്‍ ഇരുത്തി സ്ഥിരമായി ശിക്ഷിച്ചും പോന്നു .  ഈ രണ്ടാം തരക്കാര്ക് സ്ഥാനക്കയറ്റം കൊടുതിരുനത്  ഒരേ ഒരു സന്ദര്‍ഭത്തില്‍ മാത്രം ! അതായതു കോളേജ് ടൂര്‍ സമയത്ത്.  "Day Scholars"ഇന് ഭാവന ഇല്ലെങ്കിലും വേറൊരു സംഭവം ഉണ്ട് , പോക്കറ്റ്‌ മണി !!. ടൂര്‍ പോകുമ്പോള്‍ അത്യാവശ്യം നല്ല ഒരു തുക ടൂറിനു കൊടുക്കും .വല്ലപ്പോളും വീട്ടില്‍ നിന്ന്  മാറി നിക്കുന്ന കുട്ടിയല്ലേ എന്ന് കരുതി വീട്ടില്‍ നിന്ന് സ്നേഹത്തോടെ കൊടുക്കുന്നതായിരികും , ഈ തുക കുപ്പിഫണ്ടിലേക്ക് എത്തിക്കാനാണ് ഈ സ്പെഷ്യല്‍ സ്ഥാനക്കയറ്റം !

രണ്ടാം വര്‍ഷം കോളേജ് ടൂര്‍ കൂര്‍ഗ്ഇലേക്ക് .. നല്ല തണുപ്പുള്ള സ്ഥലം , പോരാതെ മൂടല്‍ മഞ്ഞും മലകളും കൊച്ചരുവികളും ഒക്കെ ആയി കിടിലന്‍ സ്ഥലം  . തണുപ്പത്തിരുന്നു വെള്ളമടിക്കുക എന്നത് ഒരു സംഭവം ആണെന് കേട്ടിരുന്നത് കൊണ്ട് , കുപ്പികള്‍ നേരത്തെ വേടിച്ചു സ്റ്റോക്ക്‌ ചെയ്തിരുന്നു . അവിടെ രാത്രി ബുക്ക്‌ ചെയ്തിരുന്നത് ഒരു പള്ളിക്കടുത്ത ഹോട്ടല്‍ .

കാലത്ത് എത്തി ചെക്കിന്‍ ചെയ്തു കഴിഞ്ഞു സ്ഥലം കാണാന്‍ ഇറങ്ങിയ ഉടനെ ഒരു എമര്‍ജന്‍സി മീറ്റിംഗ് ..... പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയ ജോസ് തിരിച്ചിറങ്ങും വഴി ഒരാളെ പരിചയപെട്ടു ,ഒരു മലയാളി , അങ്ങേര്‍ പള്ളീലച്ചനു വീഞ്ഞ് സപ്ലൈ ചെയ്യുന്ന ആള്‍ ആണ് , പക്ഷെ ഈ പ്രാവശ്യം വന്നപ്പോള്‍ പള്ളീലച്ചന്‍ അവധിക്കു പോയിരിക്കുന്നു , അങ്ങേരുടെ കയ്യില്‍ ഒരു കുപ്പി ബ്ലാക്ക്‌ ലാബേല്‍ സ്കോച് ഉണ്ട് , പള്ളീലച്ചന്‍ ഇല്ലാത്ത സ്ഥിതിക്ക്  അത് വില കുറച്ചു വില്കാന്‍ തയ്യാറാണ് അതായതു 1000 രൂപ ഉള്ള മൊതല് 600 രൂപക്ക് വില്കാന്‍ റെഡി . അത് വേടിക്കണോ എന്നുള്ളതാണ് മീറ്റിംഗ് ഇന്റെ വിഷയം !

കാര്യം നമ്മള്‍ കുപ്പിഫണ്ട് ഉപയോഗിച്ചു നല്ല നിലയില്‍ പോകുന്നുണ്ടെങ്കിലും അതൊന്നും OCR , MCB മുകളില്‍ ഒന്നും പോകാറില്ല .... അപ്പൊ ഇവിടെ ഒരു സ്കോച് കിടക്കുമ്പോള്‍ കളഞ്ഞിട്ടു പോകുന്നതെങ്ങിനെ !, പക്ഷെ പ്രശ്നം എന്താണ് വച്ചാല്‍ കുപ്പിഫണ്ട് മൊത്തം കുപ്പികള്‍ ആയി ഡിക്കിയില്‍ ഇരിപ്പാണ് ഇനി ഫണ്ട് തികയില്ല ! ഇനി ആകെ രക്ഷ ഏതേലും Day Scholars കാശു തന്നു സഹായിചാലെ ഉള്ളു !.ഭാഗ്യത്തിന് സ്കോച് എന്ന് കേട്ടപ്പോലെക്കും ഇന്ദ്രു ചാടിവീണു "ഞാന്‍ എക്സ്ട്രാ ഇടാം ഒന്നുമില്ലേലും ഒരു സ്കോച് അല്ലെ!"

ആ പകല്‍ എല്ലാരും തള്ളിനീക്കിയത് സ്കോച് സ്വപനം കണ്ടായിരുന്നു , ആമ്പിള്ളേര്‍ പഞ്ചാര അടിയ്ക്കാന്‍ പോലും വരുന്നില്ല എന്ന് ഗേള്‍സ്‌ പരാതി പറഞ്ഞതും ആ ദിവസം മാത്രം!

വൈകിട്ടായതും എല്ലാരും ഒരു റൂമില്‍ ഒത്തുകൂടി,എല്ലാവര്ക്കും ഗ്ലാസ്‌ എടുക്കാന്‍ ഗ്ലാസ്‌  തികയാത്തതുകൊണ്ട്  ,എങ്ങനെ ടേണ്‍ പോകണം എന്ന് തീരുമാനിച്ചു . കൂട്ടത്തിലെ expert ആയ തടിയന്‍ അനില്‍  ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് സ്കോചിനെ ബോക്സ്‌ പൊട്ടിച്ചു പുറത്തെടുത്തു , മുകളിലെ ടോപ്പില്‍ രണ്ടു തട്ട് ഉള്ളം കൈ കൊണ്ട് , അടിയില്‍ രണ്ടു തട്ട് , പതുക്കെ ടോപ്‌ തിരിച്ചു കുപ്പി തുറന്നു . എക്സ്ട്രാ ഇട്ടതു കൊണ്ട് ആദ്യത്തെ പെഗ് ഇന്ദ്രുവിനു തന്നെ ഒഴിച്ചു

"മച്ചു ആദ്യമായിട്ട് ആണ് സ്കോച് ,എങ്ങനെ ഉണ്ടെന്നു അഭിപ്രായം പറ ?"

ഇന്ദ്രു ആണേല്‍ ആറാം തമ്പുരാനില്‍ ലാലേട്ടന്‍ കാണിക്കുന്ന പോലെ വിരല്‍ സ്കോച്ചില്‍ മുക്കി ഒന്ന് കുടഞ്ഞു  ആദ്യത്തെ സിപ് എടുത്തിട്ട് പറഞ്ഞു
"അളിയാ ഭയങ്കര കട്ടി , ഇറങ്ങാന്‍ പാട് , പക്ഷെ  ഇറങ്ങിക്കഴിഞ്ഞാല്‍ അവന്‍ സ്കോച് ആണെന്ന് പറയും, ഒരു എരിച്ചില്‍  "
അഭിപ്രായം കേട്ടതോടെ പിന്നെ ബാക്കി ഒഴിച്ചവന്മാരും വായിലേക്ക് കമിഴ്ത്തി .

അടുത്തവന്റെ കമെന്റ്
"ഒടുക്കത്തെ സ്മൂത്ത്‌ ! പച്ചവെള്ളം പോലെ ഇറങ്ങിപ്പോയി ,ഇതാ സ്കോച് എന്ന് പറയുന്നത് !"

പക്ഷെ പ്രശ്നം സംഭവിച്ചത് എന്താന്ന് വച്ചാല്‍ കുടിച്ചവന്മാര്ക് ആര്‍കും കിക്ക് കിട്ടുന്നില്ല ! ഇത്രേം ആയപ്പോള്‍ തടിയന്‍ അനില്‍ കുപ്പിയോടെ ഒന്ന് വായിലേക് കമിഴ്ത്തി ഒരു ഇറക്കു കുടിച്ചു എന്നിട്ട് ഒരു 10 സെക്കന്റ്‌ നേരത്തേക്ക്  മലയാളം പടത്തിന്റെ അവസാനം വില്ലന്റെ വെടിയേറ്റ്‌ നായിക മരിക്കുമ്പോള്‍ നായകന്റെ മുഖത്തുള്ള    ഭാവത്തോടെ പറഞ്ഞു

ഊം** അളിയാ ഇത് കൂര്‍ഗ് പുഴയിലെ വെള്ളം ആണ് "!!!!



അപ്പൊ ഇന്ദ്രു കുടിച്ചപ്പോ "ഇറക്കാന്‍ പാടുള്ള കട്ടി " ആയതെങ്ങിനെ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!



പിന്‍കുറിപ്പ് : ഇന്ദ്രു സ്കോച് അടിച്ച പോലെ എന്ന് ഒരു ചൊല്ല് ഇപ്പോളും കോളേജില്‍ കറങ്ങുന്നുണ്ട് എന്നാണു അറിവ് !





Saturday, November 6, 2010

മീശയും, പിന്നേ ഞാനും .....

മൂക്കിനു താഴെ അവന്‍ ആദ്യമായി തല പൊക്കി തുടങ്ങിയപ്പോഴേ ഞങ്ങള്‍ ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആയിരുന്നു . ആദ്യം ഒരു കറുത്ത വര ആയും , പിന്നേ പഴുതാര മീശ ആയും കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ആരും കണ്ടാല്‍ കുറ്റം പറയാത്ത ഉഗ്രന്‍ ആയും അവന്‍ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു . എന്നൊക്കെ ഞാന്‍ അവനെ പിരിഞ്ഞിരുന്നിട്ടുണ്ടോ അന്നൊക്കെ മാനഹാനി , ധനനക്ഷ്ടം ഇത്യാദി ദുര്‍നിമിത്തങ്ങള്‍ എനിക്ക് സംഭവിചിട്ടുമുണ്ട്.

ആദ്യമായി ഞാന്‍  അവനെഎടുത്തു കളഞ്ഞത് ജോലി കിട്ടി പൂനെയില്‍ പോയി ആദ്യത്തെ ഓണത്തിന്   തിരിച്ചു വരുമ്പോലായിരുന്നു . നോര്‍ത്ത് ഇന്ത്യയില്‍ സാധാരണ ആരും മീശ വയ്ക്കാറില്ല അപ്പൊ പിന്നേ  പൂനെയില്‍ പോയ ഞാനും ഒരു സംഭവം ആയി എന്ന് കാണിക്കാന്‍ വീടിലേക്കുള്ള ട്രെയിന്‍ കേറുന്നതിനു രണ്ടു ദിവസം മുമ്പ് മീശയെ അങ്ങ് എടുത്തു  കളഞ്ഞു .
നാട്ടില്‍ കാല് കുത്തിയപ്പോഴേ തുടങ്ങി ദുശകുനങ്ങള്‍ !  ബസ്സില്‍ നിന്ന് ഇറങ്ങി പരിചയം പുതുക്കാന്‍ വേണ്ടി ചാമ്പചെട്ടന്റെ ചായക്കടയില്‍ കേറിയപ്പോഴേ ചോദ്യം

"ബാലുവേ ബസ്സില്‍ വല്ലോം വച്ച് മറന്നാരുന്നോ ?"  ങേ  ഞാന്‍ മറന്ന കാര്യം ഇങ്ങേര്‍ എങ്ങനെ അറിഞ്ഞു എന്ന് വണ്ടര്‍ അടിച്ചു ഞാന്‍ തിരിച്ചു
" എന്ത് മറന്നു വച്ച കാര്യം ആണ് ചേട്ടാ?"
 ഉടനെ  ഒരു ആക്കിയ ചിരി ചിരിച്ചു  അങ്ങേര്‍ സീരിയസ് ആയി ഒരു ചോദ്യം ,

"ഇവിടുന്നു പോകുമ്പോള്‍ മൂക്കിനു താഴെ എന്തോ ഉണ്ടാരുന്നല്ലോ , ഇപ്പൊ കാണാനില്ല അതോണ്ട് ചോദിച്ചതാ !"

'ഓഹോ ആക്കിയതനല്ലേ ഹം.... അപ്പുറത്തെ സുരേഷേട്ടന്റെ കടയിലും ചായ കിട്ടും...'  

ഏതായാലും വന്നു കേറിയപ്പോഴേ വയറു നിറച്ചു കിട്ടിയതിന്റെ ഒരു അഹങ്കാരവും കാണിക്കാതെ വീട്ടില്‍ ചെന്ന് കേറി .കൊള്ളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് അമ്മ . വളരെ  നാള്‍ കഴിഞ്ഞു മോന്‍ വന്നു കേറിയതിന്റെ ഒരു സന്തോഷവുമില്ലാതെ ഒറ്റ മിസൈല്‍

"എന്റെ  ഗുരുവായൂരപ്പാ നിന്റെ മീശ എവിടെ?!....................... കട്ടിളപ്പടിയില്‍ നിന്നോ ഞാന്‍ അകത്തു കേറ്റില്ല !!!" എന്നിട്ട് വാതിലും അടച്ചു ഒറ്റ പോക്ക് !

ഈ   " പെറ്റ തള്ള സഹിക്കൂല്ല "എന്ന് മമ്മൂട്ടി ഡയലോഗ് അടിച്ചത്ഇതിനെ പറ്റി ആണോ!. എന്തായാലും ഇനി അച്ഛന്‍ വരുന്നത് വരെ ഒരു രക്ഷയും ഇല്ല എന്ന് മനസ്സില്‍ കരുതി പുറത്തേക്ക് സുരേഷേട്ടന്റെ ചായക്കടയിലോട്ടിറങ്ങി .അപ്പോഴേക്കും എന്‍റെ ശബ്ദം കേട്ടിട്ടാവാം ടിങ്കു എവിടെന്നോ ഓടിക്കിതച്ചെത്തി .

ഓ വിട്ടു പോയി ടിങ്കു ആരെന്നല്ലേ ....

ടിങ്കു ഞങ്ങളുടെ വീട്ടിലെ VIP . German shesphered  എന്നുള്ളതിന്റെ  ഒട്ടും അഹങ്കാരം നാട്ടുകാരോടും വീട്ടുകാരോടും കാണിക്കാത്തവന്‍. നല്ല പ്ലേറ്റ് ഇല്‍ അവനു ഇഷ്ടപെട്ട ആഹാരം കൊണ്ട് വച്ച് കൊടുത്തു തലയില്‍ പത്തു പ്രാവശ്യം തടവി കൊടുത്താല്‍ മാത്രം ആഹാരം കഴിക്കുന്നവന്‍ . അവനു അലോട്ട് ചെയ്തിരിക്കുന്ന സമയത്തിന് മുമ്പ് കൂട്ടില്‍ കേറാന്‍ വിളിച്ചാല്‍ സ്വഭാവം അലമ്പാക്കുന്നവന്‍ !.

കാലത്ത് ആറു മണി തൊട്ടു എട്ടു മണി വരെയും വൈകിട്ട്  ആറു മണി തൊട്ടു പത്തു മണി വരെയും വീടും പറമ്പും അടങ്ങുന്ന കൊച്ചു രാജ്യത്തിന്‍റെ പരമാധികാരി അവന്‍ ആകുന്നു . അതുകൊണ്ട് തന്നെ അവനുമായി ചങ്ങാത്തം കൂടാതെ രക്ഷയില്ല എന്ന് കരുതി സ്വരത്തില്‍ നെയ്യും പാലും  പുരട്ടി  നീട്ടി വിളിച്ചു

"ടിങ്കു ......."

മറുപടി ആയി കിട്ടിയത് നല്ല ഒരു മുരളല്‍ ..   "ഗ്ര്‍ "

ഹം ... നായകള്‍ മണം പിടിച്ച്ട്ടാണ് ആളെ മനസ്സിലാക്കുന്നത്‌ എന്ന് പറയുന്നത് വെറുതെയാ , ചുമ്മാ ആള്‍കാരെ കുഴിയില്‍ ചാടിക്കാന്‍

എന്നാലും എന്‍റെ ടിങ്കു , ഈ കയ്യില്‍ കിടന്നാ നീ വളര്‍ന്നത്‌  " എന്ന് പറയണം എന്നുണ്ടായിരുന്നു , പിന്നേ കടി കൂടി കിട്ടണ്ടല്ലോ എന്ന് കരുതി മിണ്ടാതെ അച്ഛന്‍ വരുന്നതും കാത്തു നിന്നു

തൃപ്രയാറപ്പാ എന്തൊക്കെ പരിക്ഷണങ്ങള്‍ !

എന്തായാലും അച്ഛന്‍ വന്നപ്പോള്‍ കണ്ട കാഴ്ച  , മീശയില്ലാതെ സിംപ്ലനായ  ഞാന്‍ രണ്ടു ബാഗും പിടിച്ചു പടിയില്‍ ഇരിക്കുന്നു , ടിങ്കു എന്നെയും നോക്കി കുറച്ചു മാറി കാവല്‍ കിടക്കുന്നു . കാര്യത്തിന്റെ കിടപ്പ് ഒരുമാതിരി മനസ്സിലാക്കിയ അച്ഛന്‍ ഒന്നും ചോദിച്ചില്ല , ടിങ്കുവിനെ ഓടിച്ചു വിട്ടു, അമ്മയെ വിളിച്ചു  വാതില്‍ തുറന്നു അകത്തു കേറ്റി.

  അന്ന്  വിചാരിച്ചതാണ് ഇനി പരിക്ഷണത്തിന് ഇല്ല എന്ന് .. എന്ത് ചെയ്യാം മനുഷ്യന്റെ   കാര്യം അല്ലെ ഒന്നും പറയാന്‍ വയ്യല്ലോ ....

നാട് വിട്ടു  അമേരിക്ക മഹാരാജ്യത്ത്‌ വന്നപ്പോള്‍ വീണ്ടും പഴയ ആഗ്രഹം തല പൊക്കി ! .. ഇവിടെ സായിപ്പന്മാര്‍ മീശ എന്ന്നു കേള്‍ക്കുമ്പോലെ മൂക്ക് ചുളിക്കും , പിന്നേ ജപ്പാന്‍കാരും  ചൈനക്കാരും   , അവന്മാരുടെ പതിഞ്ഞ മൂക്കിനു താഴെ മീശ വയ്ക്കുന്ന കാര്യം ആലോചിക്കുമ്പോഴേ ചിരി വരും . ഇവിടെ ഉള്ള കരമ്പന്മാര്‍ക്കാനെങ്കിലോ ,മീശ വച്ചിട്ട് തന്നേ എന്ത് കാര്യം മീശയുടെ കളറും അവരുടെ കളറും ഒരുപോലെ !. അതുകൊണ്ട് ഇവിടെ മീശ എന്ന് പറയുന്നത് തന്നെ ഒരു കാഴ്ചവസ്തു ആണ് .

വിമാനം ഇറങ്ങി നൂറു പേരെ കണ്ടിട്ടും ആര്‍ക്കും മീശ ഇല്ല , ഓഹോ ഇത് മീശ ഇല്ലാത്ത നാട്  ആണല്ലേ എന്ന് ആലോചിക്കുമ്പോള്‍ എന്നെ കൊണ്ടുപോകാന്‍ വന്ന കൂടുകാരന്‍ എത്തി .. ങേ  ...അവനും മീശ ഇല്ല !, നാട്ടില്‍  നിന്നു  വരുമ്പോള്‍ പേരിനാനെങ്കിലും ഒരു പഴുതാര മീശ അവന്റെ മൂക്കിനു താഴെ ഉണ്ടാര്‍നു !!!

കാറില്‍ വച്ച് തന്നെ ചോദിച്ചു

'ഡേയ് സാക്കുസ  നീ മീശ എന്ന് എടുത്തു ?"

അവന്‍ ആണെങ്കില്‍ എന്‍റെ മീശയെ സഹതാപപൂരവം ഒന്ന് നോക്കിയിട്ട്
" ഓ എന്നോട് ഒരു മദാമ്മ പെണ്‍കുട്ടി  പറഞ്ഞു ഞാന്‍ മീശ ഇല്ലാതെ handsome ആണെന്ന് . മദാമ്മേടെ സന്തോഷം ആണല്ലോ എന്‍റെ സന്തോഷം  എന്ന് കരുതി ഞാന്‍ അതങ്ങ് എടുത്തു "

പിന്നെ മദാമ്മ !, ചുമ്മാ പുളു ആണ് .. അസൂയ ഒന്നും അല്ല കേട്ട , അവനോടു മദാമ്മ പറഞ്ഞൂ ത്രെ !!

എന്തായാലും താമസസ്ഥലത്ത് ചെന്നപ്പോള്‍ അവിടെ കുറെ മീശകള്‍ !, എല്ലാം കേരള രാജ്യത്തു നിന്ന്കെട്ടുകെട്ടി എത്തിയവര്‍ . കൊറേ മീശകളെ കൂട്ടിനു കിട്ടിയത് കൊണ്ട് എന്‍റെ മീശയും ഹാപ്പി , സന്തുഷ്ട ജീവിതം !


അങ്ങനെ ഇരിക്കെ ആണ് ഞാന്‍ കമ്പനി ചാടിയത്‌  പുതിയ കമ്പനി , പുതിയ സ്ഥലം , പുതിയ ആള്‍ക്കാര്‍ പിന്നെയോ ....... പഴയ ഞാനും . ആദ്യത്തെ ആഴ്ച തന്നെ കമ്പനി വക പാര്‍ട്ടി . എല്ലാരും ഓസിനു വെള്ളമടിക്കാന്‍ കിട്ടുമല്ലോ എന്ന് കരുതി പബില്‍ നേരത്തേ ഹാജരുണ്ട് . ഞാനും മോശമാക്കണ്ടല്ലോ എന്ന് കരുതി എന്റെ ടീമിന്‍റെ കൂടെ കൂടി..

വിവാഹിതരുടെ കൂടെ പാര്‍ടിക്ക് പോയാല്‍ ഒരു കുഴപ്പമുണ്ട് , രണ്ടെണ്ണം അകത്തു ചെന്നാല്‍ ഭാര്യമാരുടെ സ്വെചാധിപത്യതിനെതിരെയും , ആക്രമനയങ്ങള്‍ക്കെതിരെയും മുദ്രാവാക്യം വിളി തുടങ്ങും . പ്രതേകിച്ചു ബാച്ചിലര്‍ ആരേലും കൂടെയുണ്ടെങ്കില്‍ അത് മുദ്രാവാക്യത്തില്‍ തുടങ്ങി  അവസാനികുന്നത് ഈ ഒരു രോദനത്തില്‍


" നീ ഭാഗ്യവാന്‍ ബാച്ചിലര്‍ !"

പറയുന്നത് കെട്ടാന്‍ തോന്നും ആരെങ്കിലും തലയ്ക്കു പിന്നില്‍ തോക്ക് ചൂണ്ടി കെട്ടടാ എന്ന് പറഞ്ഞു കേട്ടിച്ചതാനെന്നു  !!.. എന്തായാലും ഈ പ്രാവശ്യം  ഞാന്‍ വിട്ടില്ല , കൂട്ടത്തില്‍ ഏറ്റവും കിണ്ടി ആയിരിക്കുന്ന ടെക് ആര്‍ക സുമെഷിനോട് പതുക്കെ ചോദിച്ചു

" എന്താ അണ്ണാ എല്ലാരും കെട്ടുന്നു ,എന്നിട്ട് ഇവിടെ വന്നു പറയുന്നു ബാച്ചിലര്‍ആണ്ഭാഗ്യവാന്‍ എന്ന് !  എന്താ ഗുട്ടന്‍സ് ? "

സുമേഷ് അണ്ണന്‍ , ഒരു നെടുവീര്‍പ്പ് ഇട്ടു " എടാ അതൊരു  കെണി ആണ്  ഒരു തെങ്ങപൂള്‍ വച്ച  എലിക്കെണി.  ചാടിക്കേറി പോയാല്‍ പിന്നേ ജീവിതകാലം മുഴുവന്‍ കെണിയില്‍ !!"

അതുകൊണ്ടും തീര്‍ന്നില്ല , അടുത്ത അമ്പ് " നീ ഭാഗ്യവാന്‍ ബാച്ചിലര്‍ , സിംഗിള്‍ ,ഫുള്‍ ടൈം ഗേള്‍ ഫ്രന്റ് ആയി നടക്കാലോ ! "

ആ അമ്പ്‌ കൊണ്ട് ഈ പ്രാവശ്യം desp ആയതു ഞാന്‍

" സത്യം പറയണമല്ലോ ഇവിടെ മദാമ്മമാര്‍ക്ക് നമ്മളെ മൈന്‍ഡ് ഇല്ല , ഇന്ത്യക്കാര്‍ ആണേല്‍ ഇല്ല താനും , എന്തിര് വേണ്ടു ?"

സുമേഷ് അണ്ണന്‍ കഷണ്ടി തലയില്‍ പടുക്കേ തടവിക്കൊണ്ട് ഒരു ബുജി സ്റ്റൈലില്‍ തല അടുത്തേക്ക് കൊണ്ട് വന്നു പറഞ്ഞു
"രഹസ്യം ആണ്, നീ ആയതു കൊണ്ട് ഞാന്‍ പറയാം ?"


സുമേഷ് അണ്ണന്‍ അമേരിക്കയില്‍ വന്നു കൊല്ലം കൊറേ അയ ടീം ആണ് , പച്ച കാര്‍ഡ് ഉള്ളവന്‍ , ഇങ്ങേര്‍ ഇനി വല്ല രഹസ്യവും കണ്ടു പിടിച്ചോ ആവോ !

"പറ അണ്ണാ ഞാന്‍ ആരോടും പറയില്ല  ?"

ഉടനെ എന്റെ മുഖത്തോട്ടു ചൂണ്ടിട്ടു   "ഇതുകൊണ്ടാടാ മദാമ്മമാര്‍  വീഴാത്തത്"

ഠിം !! കളഞ്ഞു , ഞാന്‍ എന്തൊക്കെ പ്രതീക്ഷിച്ചു

" അണ്ണാ ഈ മോന്ത  ജനമനാ ഉള്ളത് , ഇത്തിരി ഗ്ലാമര്‍   ഉണ്ടായിരുന്നേല്‍ ഞാന്‍ ഐശ്വര്യ റായിയെ അഭിഷേക് ബച്ചന് വിട്ടുകൊടുക്കുമായിരുന്നോ !  "

എടാ അതല്ല ഞാന്‍ നിന്‍റെ   മീശയുടെ  കാര്യം ആണ് പറഞ്ഞത് , നോക്ക് ഇവിടെ ഇരിക്കുന്ന ആര്‍ക്കേലും മീശ ഉണ്ടോ ? അമേരിക്കേല്‍ മീശ വാഴില്ല "

ഞാന്‍ നോക്കി , ആര്‍ക്കും ഇല്ല , മീശ ഉള്ള രജനികാന്ത് അമേരിക്കയെ ഒറ്റയ്ക്ക്  യുദ്ധം ചെയ്തു ജയിക്കും എന്ന് പറഞ്ഞു നടക്കുന്ന തമിള്‍ സുഹൃത്തുക്കള്‍ക്കോ , തെലുങ്കാന സംസ്ഥാനം വേണോ വേണ്ടയോ എന്ന് ചോദിച്ചാല്‍  ഞാന്‍ അമേരിക്കേല്‍ കൂടാന്‍ തീരുമാനിച്ചു എന്ന് പറയുന്ന തെലുങ്ക്‌ സുഹൃത്തുക്കള്‍ക്കോ  എന്തിനു എന്റെ കൂടെ കമ്പനി ചാടി വന്ന , സ്വന്തം നാട്ടുകാരനായ മോഹന് പോലും മൂക്കിനു താഴെ പൂട  ഇല്ല . അപ്പോള്‍ അതാണു പ്രശ്നം !



"എടാ കാപാലികാന്മാരായ സുഹൃത്തുക്കളെ  ഒരു വാക്ക് , വേണ്ട ഒരു സൂചന പോലും തന്നില്ലല്ലോ!, സുമേഷ് അണ്ണാ നിങ്ങള്‍ ആണ് എന്റെ ദൈവം !"

ഒട്ടും വൈകിച്ചില്ല , വീട്ടില്‍ വന്നു ആദ്യം ചെയ്ത കര്‍മം , മീശ എടുത്തു കളഞ്ഞു
പിറ്റേ ദിവസം ഓഫീസില്‍ പോയപ്പോള്‍ വല്ലാത്ത ചമ്മല്‍ , പാവം എന്റെ മീശ

പക്ഷെ ചെന്ന് കേറിയപ്പോഴേ ബിസിനസ്‌ അനല്യ്സ്റ്റ് മദാമ്മ വലിയ വായില്‍ നിലവിളിച്ചു


"you look different ! cool!"

 അത് കഴിഞ്ഞു വന്നു ഒരു കേട്ടിപ്പിടുത്തോം ! , മദാമ്മയെ കാണാന്‍ അത്ര പോരെങ്കിലും ചുമ്മാ കിട്ടിയ ഹഗ് അല്ലെ ഇരിക്കട്ടെ .

എന്തിനു  സ്ഥിരമായി വായിനോക്കാറുള്ള നെറ്റ്വര്‍ക്കിംഗ്‌ ടീമിലെ സുന്ദരിയായ മദാമ്മ വരെ നോക്കി പുഞ്ചിരിച്ചു

സുമേഷ് അണ്ണാ നിങ്ങള്ക്ക് ആയിരം മെഴുകുതിരികലും രണ്ടു Jack  daniel ഉം  ! മദാമ്മ പെണ്‍കൊടികളെ ഇതാ ഞാന്‍ വരുന്നു !!

ഏതായാലും ലോകത്തെല്ലയിടതുമായി പരന്നു കിടക്കുന്ന  നെറ്റ് ഫ്രെണ്ട്സിനു വേണ്ടി അന്ന് തന്നെ facebook, orkut...... ഇത്യാദി ചെലവില്ലാത്ത സൈറ്റുകളില്‍ മൊത്തം അപ്ഡേറ്റ് ചെയ്തു . പോരാത്തതിനു മാട്രിമോണി സൈറ്റിലും കൊടുത്തു .

പിറ്റേന്ന് , പക്ഷെ പ്രതികരണം വളരെ മോശം . orkutile മീശക്കാരന്‍ കമ്മ്യൂണിറ്റി  ബ്ലോക്ക്‌ ചെയ്തിരിക്കുന്നു !, കേരള ഹാങ്ക്സ് വിലക്കിയിരിക്കുന്നു ... ഏറ്റവും വിഷമം  മാട്രിമോണി  സൈറ്റില്‍  നേരത്തേ എക്സ്പ്രസ്സ്‌ ഇന്റെരെസ്റ്റ്‌ ഇട്ടിരുന്ന രണ്ടു പെണ്‍കുട്ടികള്‍  പിന്‍വലിച്ചിരിക്കുന്നു

ഹും.. ഇവടെ മദാമ്മകള്‍ ക്യു നില്‍ക്കുമ്പോള്‍ ആര്‍ക്കു വേണം  , പിന്നല്ല


പുതിയ ജോലി സ്ഥലത്ത് വന്നത് മുതലേ അലോചിക്കുന്നതാണ് ലൈസെന്‍സ് എടുക്കണം എന്ന് , ഏതായാലും മീശ എടുത്തു സുന്ദരന്‍ ആയ സ്ഥിതിക്ക് ഇനി വേണ്ടത് ഒരു കാര്‍ ആണ് . ഇനി അത് വൈകിക്കണ്ട എന്ന് കരുതി  പിറ്റേ ദിവസം  കാലത്തേ എണീറ്റ്‌ ലിസിന്‍സ് ഓഫീസില്‍ പോയി... ശകുനപിഴ എന്നെ പറയേണ്ടു കണ്ണട എടുക്കാന്‍ വിട്ടു പോയി, അവിടെ ചെന്ന് കേറിയപ്പോ കൌണ്ടറില്‍ ഇരികുന്നത് ഒരു മുതുക്കി മദാമ്മ . ചെന്ന പാടെ പാസ്പോര്‍ട്ട്‌ ചോദിച്ചു , കൊടുത്തു കഴിഞ്ഞപ്പോ ഒരു രണ്ടു മിനിറെ അതില്‍ സുക്ഷിച്ചു നോക്കിയിട്ട് ഒരു വെടി

" This is not you , i need an identification card !"

 തള്ളേ , കലിപ്പ് എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് ഞാന്‍ അല്ലെന്നോ !! അമ്മച്ചി അത് ഞാന്‍ താന്‍ ! . മദാമ്മ ഒരു പൊടിക്ക് സമ്മധിക്കുന്നില്ല. ഞാന്‍ പാസ്പോര്‍ട്ട് ‌നോക്കി, അതില്‍ ഇരികുന്നത് കണ്ണട വച്ച , മീശയുള്ള, മെലിഞ്ഞ  ഞാന്‍ ......അവരുടെ മുമ്പില്‍ നിക്കുന്നത്  അമേരിക്കന്‍ ചീസ് കഴിച്ചു കൊഴുത്ത മീസയില്ലാത്ത , കണ്ണട ഇല്ലാത്ത ഞാന്‍ , കുറ്റം പറഞ്ഞൂട !

ഏതായാലും അവസാന കൈ എന്നാ നിലക്ക് ഒന്നുടെ പയറ്റി നോക്കാം എന്ന് വച്ച് അടിച്ചു

" madam this is me only, i took my mustache yesterday as part of my american plans, i can show u mustache back in home"

മദാമ്മ എന്താണ് കേട്ടത് എന്ന് അറിയില്ല , ഉടനെ അവര്‍ റൂമിന് അകത്തു
നിന്ന് ഒരു സെക്യുരിടിയെ വിളിക്കുന്നതും , എന്തോ പറയുന്നതും കണ്ടു .ഞാന്‍ ഉറപ്പിച്ചു എന്തോ പന്തികേട്‌ ഉണ്ട് . എന്താണ് എന്ന് അറിയില്ല പെട്ടെന്ന് ഒരു ശബ്ദം കേട്ട പോലെ

" അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴുന്ന ഗുലുമാല്‍ , ഗുലുമാല്‍!"


ശേഷം : 

സെക്യുരിടി റൂമില്‍ വിളിച്ചു കയറ്റി ചോദിച്ച മെയിന്‍ ചോദ്യങ്ങളില്‍ ഒന്ന്

" Do  you have  a separate artificial mustache in your apartment?"



അന്ന് ഞാന്‍ രണ്ടു തീരുമാനം എടുത്തു
1) മീശയും ഞാനും രണ്ടല്ല ഒന്നാണ് , ഇനി ഞങ്ങള്‍ പിരിയില്ല
2 ) അറിയാത്ത ഭാഷയില്‍ ടയലോഗ് അടിക്കരുത് , അടിച്ചു അണ്ണാക്കില്‍ കിട്ടും

മീശ ദൈവങ്ങളെ നിങ്ങള്‍ക്ക് സ്തുതി !!!!