Onsite ഇല്‍ വരുന്ന സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ ആദ്യം ചെയ്യുന്ന കാര്യം ആണ് ഒരു ട്രിപ്പ് പോകുക , നാട്ടില്‍ സ്വന്തം സംസ്ഥാനം വിട്ടു പുറത്തു പോകാത്തവന്‍ ആയാലും ശരി , ഇവിടെ വന്നു അടുത്ത ആഴ്ച തന്നേ കറങ്ങാന്‍ പോകും!.
എന്‍റെ അടുത്ത ഫ്രണ്ട് മനു ചിക്കാഗോ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ , അടുത്ത ദിവസം ഉച്ചക്ക് ലഞ്ച് കഴിക്കാന്‍ പോകുമ്പോള്‍ വളരെ excited ആയി ചോദിക്കുന്നു
"ഡേയ് ബാലു നമുക്ക് ട്രിപ്പ് ഓക്കേ പോകണ്ടേ?" ഓഹോ നാട്ടില്‍ ബംഗ്ലോര്‍ പോസ്റ്റിങ്ങ് കിട്ടിയപ്പോ "അമ്മക്ക് ഞാന്‍ തിരുവനതപുരം വിട്ടു പുറത്തു പോകുന്നത് പേടി ആണ്" എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയവനാണ് , അവനു വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞപോലെക്കും ട്രിപ്പ് പോകണം എന്ന്!
സത്യം പറയണമല്ലോ ഞാന്‍ വന്നിട്ട് രണ്ടു മാസം ആയെങ്കിലും പുറത്തു എവിടെയും പോകാന്‍ പറ്റിയിട്ടില്ല, അത് എങ്ങിനെയാ ഞാന്‍ വന്നു ഇറങ്ങിയതേ മഞ്ഞിന്റെ കൂടാരത്തിലേക്ക് ! നോകുന്നിടതെല്ലാം മഞ്ഞു . ഇവിടേയ്ക്ക് തിരിക്കും മുമ്പ് ചേട്ടനോട് വിളിച്ചു ചോദിച്ചിരുന്നു ,വല്ല കമ്പിളി പുതപ്പോ മറ്റോ എടുക്കനോന്നു .അവന്റെ ഉറച്ച മറുപടി " ഒന്നും വേണ്ട എല്ലാം ഞാന്‍ ശരി ആക്കാം" എന്നിട്ട് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോ ഒരു jacket ഉം തന്നു ഒരു ഫോട്ടോയും എടുത്തു . എന്നിട്ട് പറഞ്ഞു " നിന്റെ ഫ്രണ്ട് എത്തിയിട്ടില്ലേ വേഗം വിട്ടോ , ഒരു പാക്കറ്റ് ചിപ്സും ,അച്ചാറും എടുക്കുന്നുണ്ട് അപ്പൊ ശരി "........ ഹൂം പഹയന്‍ സ്ഥലം കാലിയാക്കി . ഞാന്‍ ഏതായാലും പെട്ടി ഒക്കെ പെറുക്കി പുറത്തേയ്ക്കുള്ള ഗേറ്റ് ഇല്‍ എത്തി . അപ്പോളാണ് ശരിക്കുള്ള മഞ്ഞു ഞാന്‍ കണ്ടത് ...................ഒരുമഞ്ഞു കാറ്റ്, ആമാശയത്തിലെ HCL പോലും ഐസ് ആയിപോയി .ചെവിട്ടില്‍ ഒരു ബൂ ശംബ്ദം മാത്രം , വിരലുകള്‍ അനക്കാനേ വയ്യ . അടുത്ത വിമാനം കേറി തിരിച്ചു പോയാലോ എന്ന് ഞാന്‍ ആലോചിച്ചതാണ് എന്നാലും അവിടെ പോയി എന്‍റെ മഹാനായ മാനേജര്‍ ഉടെ മുന്നില്‍ പോയി " what is this yar, what you have done caused us lot of trouble !! " എന്നുള്ള ചോദ്യം കേള്‍ക്കാന്‍ ശക്തിയില്ലാതതുകൊണ്ട് മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ എന്ന് വിചാരിച്ചു കേറി പോന്നതാണ് . പിന്നേ ആണ് ഈ മഞ്ഞില്‍ കൂടി ട്രിപ്പ്! . പോരാത്തതിന് എന്‍റെ റൂം മേറ്റ് കാര്‍ത്തിക് , അവനു മഞ്ഞു കണ്ടാല്‍ ചെകുത്താന്‍ കുരിശു കാണുന്നത് പോലെ ആണ് . എന്നും കാലത്ത് എണീറ്റ് ജനാലയുടെ അടുത്ത് പോയി ഒരു നില്പ് ആണ്. ആ നില്പ് കണ്ടാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമേലെ നായകന്‍ ജീവിതം നായ നക്കി എന്ന് പറഞ്ഞു നില്കുന്ന്ന പോലെ ആണ്
എന്തായാലും മനു പറഞ്ഞ സ്ഥിതിക്ക് ട്രിപ്പ് പോകുക തന്നേ എന്ന് വിചാരിച്ചു സോനുവിനോട് കാര്യം പറഞ്ഞു . സോനു വിചാരിച്ചാല്‍ നടക്കാത്ത കാര്യം ഇല്ല , LCD TV 50$ ഇന് വേണോ? സോനു വിചാരിച്ചാല്‍ കിട്ടും,auction നു വച്ചിരിക്കുന്ന സോഫ ഇങ്ങോട്ട് കാശു തന്നു വില്കുമോ? സോനുവിനു കിട്ടും ,നനഞ്ഞ I Phone Microwave ഇല്‍ വച്ച് ഉണക്കി എടുക്കണോ? അതും സോനു വിചാരിച്ചാല്‍ പറ്റും . അതാണ് സോനു . എന്തായാലും St Louis പോകാന്‍ പ്ലാന്‍ ഇട്ടു . അവിടെ മഞ്ഞു ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു കാര്‍ത്തിക് ഇനെ കൂടെ കൂട്ടി . അടുത്ത weekend തന്നെ ഞങ്ങള്‍ ട്രിപ്പ് വിട്ടു
St Louis ഒരു നല്ല ടൂറിസ്റ്റ് പ്ലേസ് ആണ് ,അവിടത്തെ പ്രസിദ്ധമായ ആര്‍ക്ക്, കൊറേ caves പിന്നെ കാര്‍ത്തിക് ഇനെ കൊതിപ്പിക്കാന്‍ പറഞ്ഞതാണേലും നല്ല കാലാവസ്ഥ . മഞ്ഞും ഇല്ല .എല്ലാം കണ്ടു വന്നപ്പോളേക്കും നേരം ഇരുട്ടി , തിരിച്ചു ഹോട്ടലില്‍ വന്നപോ മനുവിന്റെ അടുത്ത ഡിമാണ്ട്
"ഡേയ് നമുക്ക് ബൌളിങ്ങിനു പോകാം "
നാട്ടില്‍ കുട്ടിയും കോലും കളിച്ചു കൊണ്ട് നടന്ന പയ്യന്‍ ആണ് അവനു ഇപ്പൊ ബൌളിംഗ് !!! ഏതായാലും ശരി പോകുക തന്നെ . മനു തന്നെ GPS നോക്കി അഡ്രസ് പറഞ്ഞു
"വെറും അര Mile ഉള്ളു നമുക്ക് നടന്നു പോയാലോ? പോകുന്ന വഴിക്ക് വല്ല നല്ല പെമ്പില്ലെരെയും കണ്ടാലോ!"
വന്നിട്ട് ഒരു ആഴ്ച കഴിഞ്ഞില്ല ആശ കണ്ടില്ലേ ! എന്തായാലും കാര്‍ ഉള്ള സ്ഥിതിക്ക് നടന്നു പോകണ്ട എന്ന് കരുതി GPS ഇല്‍ അഡ്രസ് ഉം കൊടുത്തു ഇറങ്ങി
.5Mile എന്ന് പറഞ്ഞു ഇറങ്ങിയെങ്കിലും GPS പെണ്‍കുട്ടി അവിടെ വളയു, ഇവിടെ തിരിയു എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുന്നു ! ഒരു 15 മിനിറ്റ് കഴിഞ്ഞിട്ടും ബൌളിംഗ് സെന്റെര്‍ എത്തുന്നില്ല ! കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദാ കാണുന്നു St Louis Arch!. ഉടനെ കാര്‍ത്തിക് GPS എടുത്തു നോകിട്ടു മനുവിനോട് ചോദിച്ചു
"ഡേയ് നീ ഫ്രം അഡ്രസ് ഏതാ കൊടുത്തേ ? " മനു ആണേല്‍ confidence ഒട്ടും വിടാതെ " ഓ ഞാന്‍ ഒന്നും കൊടുത്തില്ല അത് ഓടോമാട്ടിക് ആയി എടുത്തു !"
ഉടനെ ബാക്കി ഉള്ളവര്‍ ഒരേ സ്വരത്തില്‍ "അതെ അത് എടുത്തു പക്ഷെ നീ നേരത്തേ ഫീഡ് ചെയ്ത അഡ്രസ്! ഇപ്പൊ നമ്മള്‍ തിരിച്ചു ടൌണില്‍ എത്തി !"
ഏതായാലും എത്തിയ സ്ഥിതിക്ക് ബൌളിങ്ങിനു പോകാം എന്ന് കരുതി അവിടെ ഒരു ബൌളിംഗ് കം ബാറില്‍ കയറി . സായിപ്പന്മാരെ അപേക്ഷിച്ച് കുഞ്ഞന്മാരായ നമ്മളെ കണ്ടിട് കൌണ്ടെരില്‍ ഇരുന്ന കറമ്പന്‍ ഉടനെ ഞങ്ങള്‍ age proof കാണിക്കണം എന്ന് . എന്‍റെ മീശ കണ്ടിട്ട് പോലും അവനു ഒരു വില ഇല്ല :(
ഞങ്ങള്‍ desp , പക്ഷെ അതിനിടയില്‍ മാറി നില്കയയിരുന്ന സോനുവിനോട് കറമ്പന്‍ " Sir you may go in"
ഓഹോ അവനു Age proof ഒന്നും വേണ്ട esteemed കസ്റ്റമര്‍ , സ്ഥിരം കുറ്റി ആണെന്ന് തോന്നുന്നു !
എന്തായാലും ഞങ്ങള്‍ അവിടെ നിനും ഇറങ്ങി , ഡിന്നര്‍ കഴിക്കാം എന്ന് കരുതി .ഉടനെ മനുവിന്റെ അവശ്യം "ഞാന്‍ ഇന്ത്യന്‍ ഫുഡ് മാത്രമേ കഴിക്കു " മാരണം !, എന്തായാലും 12 Mile അകലെ ഒരു ഇന്ത്യന്‍ ഹോട്ടല്‍ തപ്പിപിടിച്ച് അവിടേക്ക് വച്ച് പിടിച്ചു .
Saffron Hotel , അവിടെ ചിക്കന്‍ ഉം മട്ടന്‍ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ സോനുവിനെയും കളിയാക്കിക്കൊണ്ട് ഇരികുന്നതിനിടക്ക് ഞങ്ങളുടെ നേരെ എതിരെ ഉള്ള സീറ്റില്‍ ഒരു അമ്മച്ചിയും മകളും വന്നു ഇരുന്നു . എനിക്കും സോനുവിനും അവരെ കാണാം പക്ഷെ മനുവിന്റെയും കാര്‍ത്തിക് ഇന്റെയും ബാക്കില്‍ ആയതുകൊണ്ട് അവര്‍ക്ക് കാണാന്‍ സാധിക്കില്ല . അമ്മച്ചിയെ കണ്ടിട്ട് ഏതോ ആഫ്രിക്കാന്‍ രാജ്യക്കാരി ആണെന്ന് തോന്നുന്നു ഒരു 6 അടി ഉയരം അതിനൊത്ത തടി ,ഡ്രസ്സ് ഉം അത് പോലെ. മകള്‍ ഒരു ഇരു നിറം അമ്മയുടെ അതേ ശരീര പ്രകൃതി . എന്തായാലും നല്ല ആരോഗ്യം , എനിക്ക് ജീവനില്‍ കൊതി ഉള്ളത് കൊണ്ട് ഈ പ്രാവശ്യം വായി നോട്ടത്തിനു പോയില്ല
സോനു ആണെങ്കില്‍ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് വച്ച് ചോര ഊറ്റികുടിക്കാന്‍ തുടങ്ങി . അപ്പോളാണ് മനു അത് ശ്രദ്ധിച്ചത് ഉടനെ അവന്‍ സോനുവിനെ വാരാന്‍ തുടങ്ങി "ഡേയ് നിനക്ക് വായി നോക്കാന്‍ ഈ കൂതറ തന്നെയേ കിട്ടിയുള്ളൂ? ഒന്ന്നുമില്ലേലും onsite വന്നിട്ട് നാള് കൊറേ ആയില്ലേ ഒരു സ്റ്റാന്‍ഡേര്‍ഡ് ഒക്കെ വേണ്ടേ ! ,ചോര കുറച്ചു ബാക്കി വക്കടെയ് കാര്‍ വരയെങ്കിലും അവര്‍ നടന്നു പോട്ടേ!"
ഏതായാലും ഓര്‍ഡര്‍ വരാന്‍ കാത്തു നില്‍ക്കുക ആണല്ലോ എന്നു കരുതി ഞാനും കാര്‍ത്തിക് കും കൂടെ ചേര്‍ന്ന് സോനുവിനെ പൊരിച്ചു . ഞങ്ങള്‍ സംസാരിക്കുന്നതു അവരെ പറ്റിയാണ് എന്ന് മനസ്സിലായിട്ടോ അതോ സോനുവിന്റെ ചോര കുടിക്കല്‍ കാരണമോ അമ്മച്ചി മോളോട് സ്ലീവ്ലെസ്സ് ഇന് പുറമേ സ്വീറെര്‍ ഇടാന്‍ പറഞ്ഞു ( അമ്മച്ചി ഇതാണ് പറഞ്ഞതെന്ന് ഞാന്‍ ഊഹിച്ചതാണ് കേട്ടോ , എന്തായാലും മകള്‍ സ്വീറെര്‍ ഇട്ടു )...
ഇതോടു കൂടി ഞങ്ങളുടെ ധാര്‍മിക രോഷം ഉയര്‍ന്നു , "അമ്മച്ചി എന്ത് വിചാരിച്ചു ഞങ്ങള്‍ മോളെ വായി നോകുക ആണെന്നോ ? ഛെ ഇവരെ വായി നോക്കാന്‍ മാത്രം ചീപ്പ് അല്ല നമ്മള്‍ ........... " നമ്മുടെ കാര്‍ത്തിക് മലയാളംസിനിമ ഡയലോഗ് ഫാന്‍ ആണ് , ഫോമില്‍ ആണേല്‍ അവന്‍ മോഹന്‍ ലാലിന്റെം മമ്മൂട്ടി യുടെയും കടിച്ചാല്‍ പൊട്ടാത്ത ഫുള്‍ ഡയലോഗ് അടിക്കും . ഏതായാലും ഞങ്ങള്‍ എല്ലാരും പറഞ്ഞ സ്ഥിതിക്ക് കുറക്കണ്ടല്ലോ എന്ന് കരുതി അവനും പറഞ്ഞു
" അമ്മച്ചി നേപ്പാളി ആണെങ്കിലും എരപ്പാളി ആണല്ലോ!"
ആ ഡയലോഗ് ഇന്റെ ചിരി അടങ്ങും മുമ്പ് ആ അമ്മച്ചി എണീറ്റ് സോനുവിന്റെ മുഖത്തോട്ടു നോക്കി പച്ച മലയാളത്തില്‍
" അപ്പൊ ഞങ്ങള്‍ ഏറന്ങ്ങുകാ ,നമുക്ക് കാണാം "
ഒരു 3 സെക്കന്റ് നേരത്തേക്ക് ഭൂമി മലയാളം നിശ്ചലം!
പിന്കുറിപ്പ് :
സോനുവിന്റെ തുറന്ന വായ അടക്കാന്‍ കുറച്ചു നേരം എടുത്തു . എല്ലാവനും ഒരു അടി കിട്ടിയ പ്രതീതി .കാര്‍ത്തിക് ആണ് അവസാനം വായ തുറന്നത് " ഡേയ് ഞാന്‍ അവരെ കണ്ടു കൂടി ഇല്ലടെയ് " ഓഹോ എന്നിട്ടാണ് ഈ ഡയലോഗ് മൊത്തം അടിച്ചത് !.
അപ്പോളേക്കും spicy എന്ന് പറഞ്ഞു വേടിച്ച ബിരിയാണി എത്തി. spice ഇന് ചിരിയില്‍ എന്തേലും ബന്ധം ഉണ്ടോ എന്നറിയില്ല എന്തായാലും ആദ്യത്തെ ഷോക്ക് ചിരിക്കു വഴിമാറി , അതും വെറും ചിരി അല്ല , ഓര്‍ത്തോര്‍ത്തു ചിരിക്കുന്നു , ചിരി സഹിക്കാന്‍ വയ്യാതെ മനുവും ഞാനും കസേരയില്‍ നിന്ന് വീണു , കാര്‍ത്തിക് ഉം സോനുവും കസേരയില്‍ ഇരുന്നു ചിരിക്കുന്നു . മൊത്തം ഹോട്ടല്‍ ഇപ്പൊ ഞങ്ങളുടെ ടേബിള്‍ ആണ് നോകുന്നത്. ഇനി ഇവിടെ നിന്നാല്‍ പന്തിയല്ല എന്ന് കരുതി ബിരിയാണി കഴിക്കാന്‍ നിക്കാതെ കാര്‍ ഇലേക്ക് നടന്നു . ചിരിച്ചു കൊണ്ട് കാര്‍ ഓടിക്കാന്‍ പറ്റാത്തതുകൊണ്ട് കാര്‍ ഇല്‍ ഇരുന്നു ഒരു 15 മിനിറ്റ് ചിരിച്ചു .അവസാനം അമ്മച്ചി ഇനിയും കാണാം എന്ന്നു പറഞ്ഞത് പോലീസിനേം വിളിച്ചു വരും എന്ന് ആണ് ഉദ്ദേശിച്ചത് എന്ന് മനു രൂപകവും ഉത്പ്രേക്ഷയും ,നാനാര്‍തവും ഒക്കെ ചേര്‍ത്ത് പറഞ്ഞപ്പോ പേടിച്ചിട്ടാണ് ചിരി അടക്കി അവിടെ നിന്നും ഊരിയത് .