മൂക്കിനു താഴെ അവന്‍ ആദ്യമായി തല പൊക്കി തുടങ്ങിയപ്പോഴേ ഞങ്ങള്‍ ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആയിരുന്നു . ആദ്യം ഒരു കറുത്ത വര ആയും , പിന്നേ പഴുതാര മീശ ആയും കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ആരും കണ്ടാല്‍ കുറ്റം പറയാത്ത ഉഗ്രന്‍ ആയും അവന്‍ എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു . എന്നൊക്കെ ഞാന്‍ അവനെ പിരിഞ്ഞിരുന്നിട്ടുണ്ടോ അന്നൊക്കെ മാനഹാനി , ധനനക്ഷ്ടം ഇത്യാദി ദുര്‍നിമിത്തങ്ങള്‍ എനിക്ക് സംഭവിചിട്ടുമുണ്ട്.
ആദ്യമായി ഞാന്‍ അവനെഎടുത്തു കളഞ്ഞത് ജോലി കിട്ടി പൂനെയില്‍ പോയി ആദ്യത്തെ ഓണത്തിന് തിരിച്ചു വരുമ്പോലായിരുന്നു . നോര്‍ത്ത് ഇന്ത്യയില്‍ സാധാരണ ആരും മീശ വയ്ക്കാറില്ല അപ്പൊ പിന്നേ പൂനെയില്‍ പോയ ഞാനും ഒരു സംഭവം ആയി എന്ന് കാണിക്കാന്‍ വീടിലേക്കുള്ള ട്രെയിന്‍ കേറുന്നതിനു രണ്ടു ദിവസം മുമ്പ് മീശയെ അങ്ങ് എടുത്തു കളഞ്ഞു .
നാട്ടില്‍ കാല് കുത്തിയപ്പോഴേ തുടങ്ങി ദുശകുനങ്ങള്‍ ! ബസ്സില്‍ നിന്ന് ഇറങ്ങി പരിചയം പുതുക്കാന്‍ വേണ്ടി ചാമ്പചെട്ടന്റെ ചായക്കടയില്‍ കേറിയപ്പോഴേ ചോദ്യം
"ബാലുവേ ബസ്സില്‍ വല്ലോം വച്ച് മറന്നാരുന്നോ ?" ങേ ഞാന്‍ മറന്ന കാര്യം ഇങ്ങേര്‍ എങ്ങനെ അറിഞ്ഞു എന്ന് വണ്ടര്‍ അടിച്ചു ഞാന്‍ തിരിച്ചു
" എന്ത് മറന്നു വച്ച കാര്യം ആണ് ചേട്ടാ?"
ഉടനെ ഒരു ആക്കിയ ചിരി ചിരിച്ചു അങ്ങേര്‍ സീരിയസ് ആയി ഒരു ചോദ്യം ,
"ഇവിടുന്നു പോകുമ്പോള്‍ മൂക്കിനു താഴെ എന്തോ ഉണ്ടാരുന്നല്ലോ , ഇപ്പൊ കാണാനില്ല അതോണ്ട് ചോദിച്ചതാ !"
'ഓഹോ ആക്കിയതനല്ലേ ഹം.... അപ്പുറത്തെ സുരേഷേട്ടന്റെ കടയിലും ചായ കിട്ടും...'
ഏതായാലും വന്നു കേറിയപ്പോഴേ വയറു നിറച്ചു കിട്ടിയതിന്റെ ഒരു അഹങ്കാരവും കാണിക്കാതെ വീട്ടില്‍ ചെന്ന് കേറി .കൊള്ളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് അമ്മ . വളരെ നാള്‍ കഴിഞ്ഞു മോന്‍ വന്നു കേറിയതിന്റെ ഒരു സന്തോഷവുമില്ലാതെ ഒറ്റ മിസൈല്‍
"എന്റെ ഗുരുവായൂരപ്പാ നിന്റെ മീശ എവിടെ?!....................... കട്ടിളപ്പടിയില്‍ നിന്നോ ഞാന്‍ അകത്തു കേറ്റില്ല !!!" എന്നിട്ട് വാതിലും അടച്ചു ഒറ്റ പോക്ക് !
ഈ " പെറ്റ തള്ള സഹിക്കൂല്ല "എന്ന് മമ്മൂട്ടി ഡയലോഗ് അടിച്ചത്ഇതിനെ പറ്റി ആണോ!. എന്തായാലും ഇനി അച്ഛന്‍ വരുന്നത് വരെ ഒരു രക്ഷയും ഇല്ല എന്ന് മനസ്സില്‍ കരുതി പുറത്തേക്ക് സുരേഷേട്ടന്റെ ചായക്കടയിലോട്ടിറങ്ങി .അപ്പോഴേക്കും എന്‍റെ ശബ്ദം കേട്ടിട്ടാവാം ടിങ്കു എവിടെന്നോ ഓടിക്കിതച്ചെത്തി .
ഓ വിട്ടു പോയി ടിങ്കു ആരെന്നല്ലേ ....
ടിങ്കു ഞങ്ങളുടെ വീട്ടിലെ VIP . German shesphered എന്നുള്ളതിന്റെ ഒട്ടും അഹങ്കാരം നാട്ടുകാരോടും വീട്ടുകാരോടും കാണിക്കാത്തവന്‍. നല്ല പ്ലേറ്റ് ഇല്‍ അവനു ഇഷ്ടപെട്ട ആഹാരം കൊണ്ട് വച്ച് കൊടുത്തു തലയില്‍ പത്തു പ്രാവശ്യം തടവി കൊടുത്താല്‍ മാത്രം ആഹാരം കഴിക്കുന്നവന്‍ . അവനു അലോട്ട് ചെയ്തിരിക്കുന്ന സമയത്തിന് മുമ്പ് കൂട്ടില്‍ കേറാന്‍ വിളിച്ചാല്‍ സ്വഭാവം അലമ്പാക്കുന്നവന്‍ !.
കാലത്ത് ആറു മണി തൊട്ടു എട്ടു മണി വരെയും വൈകിട്ട് ആറു മണി തൊട്ടു പത്തു മണി വരെയും വീടും പറമ്പും അടങ്ങുന്ന കൊച്ചു രാജ്യത്തിന്‍റെ പരമാധികാരി അവന്‍ ആകുന്നു . അതുകൊണ്ട് തന്നെ അവനുമായി ചങ്ങാത്തം കൂടാതെ രക്ഷയില്ല എന്ന് കരുതി സ്വരത്തില്‍ നെയ്യും പാലും പുരട്ടി നീട്ടി വിളിച്ചു
"ടിങ്കു ......."
മറുപടി ആയി കിട്ടിയത് നല്ല ഒരു മുരളല്‍ .. "ഗ്ര്‍ "
ഹം ... നായകള്‍ മണം പിടിച്ച്ട്ടാണ് ആളെ മനസ്സിലാക്കുന്നത് എന്ന് പറയുന്നത് വെറുതെയാ , ചുമ്മാ ആള്‍കാരെ കുഴിയില്‍ ചാടിക്കാന്‍
എന്നാലും എന്‍റെ ടിങ്കു , ഈ കയ്യില്‍ കിടന്നാ നീ വളര്‍ന്നത് " എന്ന് പറയണം എന്നുണ്ടായിരുന്നു , പിന്നേ കടി കൂടി കിട്ടണ്ടല്ലോ എന്ന് കരുതി മിണ്ടാതെ അച്ഛന്‍ വരുന്നതും കാത്തു നിന്നു
തൃപ്രയാറപ്പാ എന്തൊക്കെ പരിക്ഷണങ്ങള്‍ !
എന്തായാലും അച്ഛന്‍ വന്നപ്പോള്‍ കണ്ട കാഴ്ച , മീശയില്ലാതെ സിംപ്ലനായ ഞാന്‍ രണ്ടു ബാഗും പിടിച്ചു പടിയില്‍ ഇരിക്കുന്നു , ടിങ്കു എന്നെയും നോക്കി കുറച്ചു മാറി കാവല്‍ കിടക്കുന്നു . കാര്യത്തിന്റെ കിടപ്പ് ഒരുമാതിരി മനസ്സിലാക്കിയ അച്ഛന്‍ ഒന്നും ചോദിച്ചില്ല , ടിങ്കുവിനെ ഓടിച്ചു വിട്ടു, അമ്മയെ വിളിച്ചു വാതില്‍ തുറന്നു അകത്തു കേറ്റി.
അന്ന് വിചാരിച്ചതാണ് ഇനി പരിക്ഷണത്തിന് ഇല്ല എന്ന് .. എന്ത് ചെയ്യാം മനുഷ്യന്റെ കാര്യം അല്ലെ ഒന്നും പറയാന്‍ വയ്യല്ലോ ....
നാട് വിട്ടു അമേരിക്ക മഹാരാജ്യത്ത് വന്നപ്പോള്‍ വീണ്ടും പഴയ ആഗ്രഹം തല പൊക്കി ! .. ഇവിടെ സായിപ്പന്മാര്‍ മീശ എന്ന്നു കേള്‍ക്കുമ്പോലെ മൂക്ക് ചുളിക്കും , പിന്നേ ജപ്പാന്‍കാരും ചൈനക്കാരും , അവന്മാരുടെ പതിഞ്ഞ മൂക്കിനു താഴെ മീശ വയ്ക്കുന്ന കാര്യം ആലോചിക്കുമ്പോഴേ ചിരി വരും . ഇവിടെ ഉള്ള കരമ്പന്മാര്‍ക്കാനെങ്കിലോ ,മീശ വച്ചിട്ട് തന്നേ എന്ത് കാര്യം മീശയുടെ കളറും അവരുടെ കളറും ഒരുപോലെ !. അതുകൊണ്ട് ഇവിടെ മീശ എന്ന് പറയുന്നത് തന്നെ ഒരു കാഴ്ചവസ്തു ആണ് .
വിമാനം ഇറങ്ങി നൂറു പേരെ കണ്ടിട്ടും ആര്‍ക്കും മീശ ഇല്ല , ഓഹോ ഇത് മീശ ഇല്ലാത്ത നാട് ആണല്ലേ എന്ന് ആലോചിക്കുമ്പോള്‍ എന്നെ കൊണ്ടുപോകാന്‍ വന്ന കൂടുകാരന്‍ എത്തി .. ങേ ...അവനും മീശ ഇല്ല !, നാട്ടില്‍ നിന്നു വരുമ്പോള്‍ പേരിനാനെങ്കിലും ഒരു പഴുതാര മീശ അവന്റെ മൂക്കിനു താഴെ ഉണ്ടാര്‍നു !!!
കാറില്‍ വച്ച് തന്നെ ചോദിച്ചു
'ഡേയ് സാക്കുസ നീ മീശ എന്ന് എടുത്തു ?"
അവന്‍ ആണെങ്കില്‍ എന്‍റെ മീശയെ സഹതാപപൂരവം ഒന്ന് നോക്കിയിട്ട്
" ഓ എന്നോട് ഒരു മദാമ്മ പെണ്‍കുട്ടി പറഞ്ഞു ഞാന്‍ മീശ ഇല്ലാതെ handsome ആണെന്ന് . മദാമ്മേടെ സന്തോഷം ആണല്ലോ എന്‍റെ സന്തോഷം എന്ന് കരുതി ഞാന്‍ അതങ്ങ് എടുത്തു "
പിന്നെ മദാമ്മ !, ചുമ്മാ പുളു ആണ് .. അസൂയ ഒന്നും അല്ല കേട്ട , അവനോടു മദാമ്മ പറഞ്ഞൂ ത്രെ !!
എന്തായാലും താമസസ്ഥലത്ത് ചെന്നപ്പോള്‍ അവിടെ കുറെ മീശകള്‍ !, എല്ലാം കേരള രാജ്യത്തു നിന്ന്കെട്ടുകെട്ടി എത്തിയവര്‍ . കൊറേ മീശകളെ കൂട്ടിനു കിട്ടിയത് കൊണ്ട് എന്‍റെ മീശയും ഹാപ്പി , സന്തുഷ്ട ജീവിതം !
അങ്ങനെ ഇരിക്കെ ആണ് ഞാന്‍ കമ്പനി ചാടിയത് പുതിയ കമ്പനി , പുതിയ സ്ഥലം , പുതിയ ആള്‍ക്കാര്‍ പിന്നെയോ ....... പഴയ ഞാനും . ആദ്യത്തെ ആഴ്ച തന്നെ കമ്പനി വക പാര്‍ട്ടി . എല്ലാരും ഓസിനു വെള്ളമടിക്കാന്‍ കിട്ടുമല്ലോ എന്ന് കരുതി പബില്‍ നേരത്തേ ഹാജരുണ്ട് . ഞാനും മോശമാക്കണ്ടല്ലോ എന്ന് കരുതി എന്റെ ടീമിന്‍റെ കൂടെ കൂടി..
വിവാഹിതരുടെ കൂടെ പാര്‍ടിക്ക് പോയാല്‍ ഒരു കുഴപ്പമുണ്ട് , രണ്ടെണ്ണം അകത്തു ചെന്നാല്‍ ഭാര്യമാരുടെ സ്വെചാധിപത്യതിനെതിരെയും , ആക്രമനയങ്ങള്‍ക്കെതിരെയും മുദ്രാവാക്യം വിളി തുടങ്ങും . പ്രതേകിച്ചു ബാച്ചിലര്‍ ആരേലും കൂടെയുണ്ടെങ്കില്‍ അത് മുദ്രാവാക്യത്തില്‍ തുടങ്ങി അവസാനികുന്നത് ഈ ഒരു രോദനത്തില്‍
" നീ ഭാഗ്യവാന്‍ ബാച്ചിലര്‍ !"
പറയുന്നത് കെട്ടാന്‍ തോന്നും ആരെങ്കിലും തലയ്ക്കു പിന്നില്‍ തോക്ക് ചൂണ്ടി കെട്ടടാ എന്ന് പറഞ്ഞു കേട്ടിച്ചതാനെന്നു !!.. എന്തായാലും ഈ പ്രാവശ്യം ഞാന്‍ വിട്ടില്ല , കൂട്ടത്തില്‍ ഏറ്റവും കിണ്ടി ആയിരിക്കുന്ന ടെക് ആര്‍ക സുമെഷിനോട് പതുക്കെ ചോദിച്ചു
" എന്താ അണ്ണാ എല്ലാരും കെട്ടുന്നു ,എന്നിട്ട് ഇവിടെ വന്നു പറയുന്നു ബാച്ചിലര്‍ആണ്ഭാഗ്യവാന്‍ എന്ന് ! എന്താ ഗുട്ടന്‍സ് ? "
സുമേഷ് അണ്ണന്‍ , ഒരു നെടുവീര്‍പ്പ് ഇട്ടു " എടാ അതൊരു കെണി ആണ് ഒരു തെങ്ങപൂള്‍ വച്ച എലിക്കെണി. ചാടിക്കേറി പോയാല്‍ പിന്നേ ജീവിതകാലം മുഴുവന്‍ കെണിയില്‍ !!"
അതുകൊണ്ടും തീര്‍ന്നില്ല , അടുത്ത അമ്പ് " നീ ഭാഗ്യവാന്‍ ബാച്ചിലര്‍ , സിംഗിള്‍ ,ഫുള്‍ ടൈം ഗേള്‍ ഫ്രന്റ് ആയി നടക്കാലോ ! "
ആ അമ്പ് കൊണ്ട് ഈ പ്രാവശ്യം desp ആയതു ഞാന്‍
" സത്യം പറയണമല്ലോ ഇവിടെ മദാമ്മമാര്‍ക്ക് നമ്മളെ മൈന്‍ഡ് ഇല്ല , ഇന്ത്യക്കാര്‍ ആണേല്‍ ഇല്ല താനും , എന്തിര് വേണ്ടു ?"
സുമേഷ് അണ്ണന്‍ കഷണ്ടി തലയില്‍ പടുക്കേ തടവിക്കൊണ്ട് ഒരു ബുജി സ്റ്റൈലില്‍ തല അടുത്തേക്ക് കൊണ്ട് വന്നു പറഞ്ഞു
"രഹസ്യം ആണ്, നീ ആയതു കൊണ്ട് ഞാന്‍ പറയാം ?"
സുമേഷ് അണ്ണന്‍ അമേരിക്കയില്‍ വന്നു കൊല്ലം കൊറേ അയ ടീം ആണ് , പച്ച കാര്‍ഡ് ഉള്ളവന്‍ , ഇങ്ങേര്‍ ഇനി വല്ല രഹസ്യവും കണ്ടു പിടിച്ചോ ആവോ !
"പറ അണ്ണാ ഞാന്‍ ആരോടും പറയില്ല ?"
ഉടനെ എന്റെ മുഖത്തോട്ടു ചൂണ്ടിട്ടു "ഇതുകൊണ്ടാടാ മദാമ്മമാര്‍ വീഴാത്തത്"
ഠിം !! കളഞ്ഞു , ഞാന്‍ എന്തൊക്കെ പ്രതീക്ഷിച്ചു
" അണ്ണാ ഈ മോന്ത ജനമനാ ഉള്ളത് , ഇത്തിരി ഗ്ലാമര്‍ ഉണ്ടായിരുന്നേല്‍ ഞാന്‍ ഐശ്വര്യ റായിയെ അഭിഷേക് ബച്ചന് വിട്ടുകൊടുക്കുമായിരുന്നോ ! "
എടാ അതല്ല ഞാന്‍ നിന്‍റെ മീശയുടെ കാര്യം ആണ് പറഞ്ഞത് , നോക്ക് ഇവിടെ ഇരിക്കുന്ന ആര്‍ക്കേലും മീശ ഉണ്ടോ ? അമേരിക്കേല്‍ മീശ വാഴില്ല "
ഞാന്‍ നോക്കി , ആര്‍ക്കും ഇല്ല , മീശ ഉള്ള രജനികാന്ത് അമേരിക്കയെ ഒറ്റയ്ക്ക് യുദ്ധം ചെയ്തു ജയിക്കും എന്ന് പറഞ്ഞു നടക്കുന്ന തമിള്‍ സുഹൃത്തുക്കള്‍ക്കോ , തെലുങ്കാന സംസ്ഥാനം വേണോ വേണ്ടയോ എന്ന് ചോദിച്ചാല്‍ ഞാന്‍ അമേരിക്കേല്‍ കൂടാന്‍ തീരുമാനിച്ചു എന്ന് പറയുന്ന തെലുങ്ക് സുഹൃത്തുക്കള്‍ക്കോ എന്തിനു എന്റെ കൂടെ കമ്പനി ചാടി വന്ന , സ്വന്തം നാട്ടുകാരനായ മോഹന് പോലും മൂക്കിനു താഴെ പൂട ഇല്ല . അപ്പോള്‍ അതാണു പ്രശ്നം !
"എടാ കാപാലികാന്മാരായ സുഹൃത്തുക്കളെ ഒരു വാക്ക് , വേണ്ട ഒരു സൂചന പോലും തന്നില്ലല്ലോ!, സുമേഷ് അണ്ണാ നിങ്ങള്‍ ആണ് എന്റെ ദൈവം !"
ഒട്ടും വൈകിച്ചില്ല , വീട്ടില്‍ വന്നു ആദ്യം ചെയ്ത കര്‍മം , മീശ എടുത്തു കളഞ്ഞു
പിറ്റേ ദിവസം ഓഫീസില്‍ പോയപ്പോള്‍ വല്ലാത്ത ചമ്മല്‍ , പാവം എന്റെ മീശ
പക്ഷെ ചെന്ന് കേറിയപ്പോഴേ ബിസിനസ് അനല്യ്സ്റ്റ് മദാമ്മ വലിയ വായില്‍ നിലവിളിച്ചു
"you look different ! cool!"
അത് കഴിഞ്ഞു വന്നു ഒരു കേട്ടിപ്പിടുത്തോം ! , മദാമ്മയെ കാണാന്‍ അത്ര പോരെങ്കിലും ചുമ്മാ കിട്ടിയ ഹഗ് അല്ലെ ഇരിക്കട്ടെ .
എന്തിനു സ്ഥിരമായി വായിനോക്കാറുള്ള നെറ്റ്വര്‍ക്കിംഗ് ടീമിലെ സുന്ദരിയായ മദാമ്മ വരെ നോക്കി പുഞ്ചിരിച്ചു
സുമേഷ് അണ്ണാ നിങ്ങള്ക്ക് ആയിരം മെഴുകുതിരികലും രണ്ടു Jack daniel ഉം ! മദാമ്മ പെണ്‍കൊടികളെ ഇതാ ഞാന്‍ വരുന്നു !!
ഏതായാലും ലോകത്തെല്ലയിടതുമായി പരന്നു കിടക്കുന്ന നെറ്റ് ഫ്രെണ്ട്സിനു വേണ്ടി അന്ന് തന്നെ facebook, orkut...... ഇത്യാദി ചെലവില്ലാത്ത സൈറ്റുകളില്‍ മൊത്തം അപ്ഡേറ്റ് ചെയ്തു . പോരാത്തതിനു മാട്രിമോണി സൈറ്റിലും കൊടുത്തു .
പിറ്റേന്ന് , പക്ഷെ പ്രതികരണം വളരെ മോശം . orkutile മീശക്കാരന്‍ കമ്മ്യൂണിറ്റി ബ്ലോക്ക് ചെയ്തിരിക്കുന്നു !, കേരള ഹാങ്ക്സ് വിലക്കിയിരിക്കുന്നു ... ഏറ്റവും വിഷമം മാട്രിമോണി സൈറ്റില്‍ നേരത്തേ എക്സ്പ്രസ്സ് ഇന്റെരെസ്റ്റ് ഇട്ടിരുന്ന രണ്ടു പെണ്‍കുട്ടികള്‍ പിന്‍വലിച്ചിരിക്കുന്നു
ഹും.. ഇവടെ മദാമ്മകള്‍ ക്യു നില്‍ക്കുമ്പോള്‍ ആര്‍ക്കു വേണം , പിന്നല്ല
പുതിയ ജോലി സ്ഥലത്ത് വന്നത് മുതലേ അലോചിക്കുന്നതാണ് ലൈസെന്‍സ് എടുക്കണം എന്ന് , ഏതായാലും മീശ എടുത്തു സുന്ദരന്‍ ആയ സ്ഥിതിക്ക് ഇനി വേണ്ടത് ഒരു കാര്‍ ആണ് . ഇനി അത് വൈകിക്കണ്ട എന്ന് കരുതി പിറ്റേ ദിവസം കാലത്തേ എണീറ്റ് ലിസിന്‍സ് ഓഫീസില്‍ പോയി... ശകുനപിഴ എന്നെ പറയേണ്ടു കണ്ണട എടുക്കാന്‍ വിട്ടു പോയി, അവിടെ ചെന്ന് കേറിയപ്പോ കൌണ്ടറില്‍ ഇരികുന്നത് ഒരു മുതുക്കി മദാമ്മ . ചെന്ന പാടെ പാസ്പോര്‍ട്ട് ചോദിച്ചു , കൊടുത്തു കഴിഞ്ഞപ്പോ ഒരു രണ്ടു മിനിറെ അതില്‍ സുക്ഷിച്ചു നോക്കിയിട്ട് ഒരു വെടി
" This is not you , i need an identification card !"
തള്ളേ , കലിപ്പ് എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് ഞാന്‍ അല്ലെന്നോ !! അമ്മച്ചി അത് ഞാന്‍ താന്‍ ! . മദാമ്മ ഒരു പൊടിക്ക് സമ്മധിക്കുന്നില്ല. ഞാന്‍ പാസ്പോര്‍ട്ട് നോക്കി, അതില്‍ ഇരികുന്നത് കണ്ണട വച്ച , മീശയുള്ള, മെലിഞ്ഞ ഞാന്‍ ......അവരുടെ മുമ്പില്‍ നിക്കുന്നത് അമേരിക്കന്‍ ചീസ് കഴിച്ചു കൊഴുത്ത മീസയില്ലാത്ത , കണ്ണട ഇല്ലാത്ത ഞാന്‍ , കുറ്റം പറഞ്ഞൂട !
ഏതായാലും അവസാന കൈ എന്നാ നിലക്ക് ഒന്നുടെ പയറ്റി നോക്കാം എന്ന് വച്ച് അടിച്ചു
" madam this is me only, i took my mustache yesterday as part of my american plans, i can show u mustache back in home"
മദാമ്മ എന്താണ് കേട്ടത് എന്ന് അറിയില്ല , ഉടനെ അവര്‍ റൂമിന് അകത്തു
നിന്ന് ഒരു സെക്യുരിടിയെ വിളിക്കുന്നതും , എന്തോ പറയുന്നതും കണ്ടു .ഞാന്‍ ഉറപ്പിച്ചു എന്തോ പന്തികേട് ഉണ്ട് . എന്താണ് എന്ന് അറിയില്ല പെട്ടെന്ന് ഒരു ശബ്ദം കേട്ട പോലെ
" അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴുന്ന ഗുലുമാല്‍ , ഗുലുമാല്‍!"
ശേഷം :
സെക്യുരിടി റൂമില്‍ വിളിച്ചു കയറ്റി ചോദിച്ച മെയിന്‍ ചോദ്യങ്ങളില്‍ ഒന്ന്
" Do you have a separate artificial mustache in your apartment?"
അന്ന് ഞാന്‍ രണ്ടു തീരുമാനം എടുത്തു
1) മീശയും ഞാനും രണ്ടല്ല ഒന്നാണ് , ഇനി ഞങ്ങള്‍ പിരിയില്ല
2 ) അറിയാത്ത ഭാഷയില്‍ ടയലോഗ് അടിക്കരുത് , അടിച്ചു അണ്ണാക്കില്‍ കിട്ടും
മീശ ദൈവങ്ങളെ നിങ്ങള്‍ക്ക് സ്തുതി !!!!